Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞുവീഴ്ച, ശൈത്യക്കാറ്റ്; തണുത്തുറഞ്ഞ് ബ്രിട്ടൻ, ജനജീവിതം താറുമാറിൽ

Britain-Weather മഞ്ഞുവീഴ്ചയെ തുടർന്ന് വഴികൾ മഞ്ഞിനടിയിലായപ്പോൾ

ലണ്ടന്‍∙ അപ്രതീക്ഷിതമായെത്തിയ സൈബീരിയൻ ശൈത്യ കാറ്റിലും മഞ്ഞുവീഴ്ചയിലും തണുത്തു വിറയ്ക്കുകയാണ് ബ്രിട്ടൻ‍. കൊടുംതണുപ്പിനും മഞ്ഞിനുമൊപ്പം ശക്തമായ കാറ്റുകൂടിയായതോടെ ജനജീവിതം താറുമാറായി. റോഡ്, ട്രെയിന്‍, വ്യോമ ഗതാഗതത്തെയെല്ലാം കാലാവസ്ഥാമാറ്റം പ്രതികൂലമായി ബാധിച്ചു. നൂറുക്കണക്കിനു ട്രെയിനുകളാണ് റദ്ദാക്കിയത്. മോട്ടോര്‍‍വേകളിലെല്ലാം പലയിടത്തും ഗതാഗത സ്തംഭനമാണ്. വ്യത്യസ്ത അപകടങ്ങളില്‍ ഇതുവരെ മൂന്നു പേര്‍ മരിച്ചു. കേംബ്രിഡ്ജ്ഷെയറിലും ലിങ്കണ്‍ഷെയറിലുമായിരുന്നു അപകടം.

Britain Weather മരങ്ങളിലും ചെടികളിലും മഞ്ഞുവീണ നിലയിൽ

കനത്ത മഞ്ഞുവീഴ്ചയില്‍ ഗ്രാമങ്ങള്‍ പലതും ഒറ്റപ്പെട്ട നിലയിലാണ്. മഞ്ഞുവീഴ്ച രൂക്ഷമായ പ്രദേശങ്ങളില്‍ സ്കൂളുകള്‍ അ‌ടച്ചു. കെന്റ്, സറെ, സഫോക്സ്, സസെക്സ് എന്നിവിടങ്ങളിലാണ് കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടത്. പത്തു സെന്റീമീറ്ററില്‍ അധികമാണ് ഇവിടങ്ങളില്‍ മഞ്ഞുമൂടികിടക്കുന്നത്. അടുത്ത ദിവസങ്ങളിൽ തുടരുന്ന മഞ്ഞുവീഴ്ചയിൽ നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടും സ്കോട്ട്ലന്‍ഡും ഏറെക്കുറെ പൂര്‍ണമായും മഞ്ഞിനടിയിലാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. സ്കോട്ട്ലന്‍ഡില്‍ 40 സെന്റീമീറ്റര്‍ വരെ കനത്തില്‍ മഞ്ഞുവീഴുമെന്നാണ് മുന്നറിയിപ്പ്. -6 മുതല്‍ -12 വരെയാണ് വിവിധയിടങ്ങളില്‍ രേഖപ്പെടുത്തിയ താപനില. ഇതോടൊപ്പം കാറ്റുകൂടിയായതോടെ തണുപ്പിന്റെ തീവ്രതയേറി. 

Britain Weather ദ് ഫ്രെഡ്ഡി ഗിൽറോയ് ശിൽപം മഞ്ഞിൽ കുളിച്ചിരിക്കുന്ന നിലയിൽ

2013ലായിരുന്നു ഇതിനുമുമ്പ് ഇത്തരത്തിൽ മാർച്ചുമാസത്തിൽ കനത്ത തണുപ്പുള്ള കാലാവസ്ഥ ബ്രിട്ടനിലുണ്ടായത്. മാർച്ചുമാസത്തിൽ രേഖപ്പെടുത്തിയ 100 വർഷത്തെ ഏറ്റവും വലിയ തണുപ്പായിരുന്നു അത്. ഏറെക്കുറെ സമാനമായ കാലാവസ്ഥയും തണുപ്പുമാണ് ഇക്കുറിയും മെറ്റ് ഓഫിസ് പ്രവചിച്ചിട്ടുള്ളത്.