Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടനില്‍ അതിശൈത്യം: റോഡ്, റെയിൽ, വ്യോമ ഗതാഗതം സ്തംഭിച്ചു; താപനില -10ലും താഴെ

snow-hit-britain-cold-1 മഞ്ഞു പെയ്യുന്നതനിടയിലൂടെ നടന്നുപോകുന്നവർ. ലണ്ടനിൽനിന്നുള്ള ചിത്രം.

ലണ്ടന്‍∙ സൈബീരിയന്‍ കാറ്റിനൊപ്പം എത്തിയ അതിശൈത്യം ബ്രിട്ടനിലും അയര്‍ലന്‍ഡിലും ജനജീവിതം ദുസഹമാക്കി തുടരുന്നു. പകല്‍ താപനിലപോലും -3 ഡിഗ്രിയിലും താഴെയാണ്. രാത്രിയില്‍ താപനില പലേടത്തും -10ലും താഴെയായി. വരുന്ന രണ്ടുദിവസംകൂടി സമാനമായ സ്ഥിതി തുടരുമെന്നാ‌ണു കാലാവസ്ഥാ പ്രവചനം.

EUROPE-WEATHER/BRITAIN

രാജ്യം മുഴുവന്‍ മഞ്ഞുപുതപ്പിനടിയിലാണ്. വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലും സ്കോട്ട്ലന്‍ഡിലും അയര്‍ലന്‍ഡിലുമാണു മഞ്ഞുവീഴ്ച അതിരൂക്ഷമായിരിക്കുന്നത്. സ്കോട്ട്ലന്‍ഡില്‍ ചിലയിടങ്ങളില്‍ അരമീറ്ററിലധികം കനത്തിലാണു മഞ്ഞുറഞ്ഞു കിടക്കുന്നത്.

BRITAIN-EUROPE-WEATHER

രാത്രി മുഴുവന്‍ പെയ്ത മഞ്ഞ് രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവ‍ര്‍ത്തനം അവതാളത്തിലാക്കി. ഹീത്രൂവില്‍നിന്നു നൂറിലേറെ വിമാനങ്ങള്‍ ഇന്നു രാവിലെ റദ്ദാക്കി. പല വിമാനങ്ങളും വൈകിയാണു പുറപ്പെട്ടത്. യൂറോപ്പിനുള്ളിലെ സര്‍വീസുകളാണു തടസപ്പെട്ടവയിലേറെയും. ഗാട്ട്വിക്ക്, ലണ്ടന്‍ സിറ്റി എയര്‍പോ‍ര്‍ട്ട്, സ്റ്റാന്‍സ്റ്റഡ്, ലൂട്ടന്‍, ഗ്ലാസ്ഗോ, ന്യൂകാസില്‍, ബ‍ര്‍മിങ്ങാം, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലും വിമാനങ്ങള്‍ വൈകി.

BRITAIN-EUROPE-WEATHER

ട്രെയിന്‍ ഗതാഗതത്തെയും മഞ്ഞ് കാര്യമായി ബാധിച്ചു. ദീര്‍ഘദൂര ട്രെയിനുകള്‍ പലതും റദ്ദാക്കി. ലണ്ടന്‍ ട്യൂബ് സ‍ര്‍വീസും പല ലൈനുകളും മുടങ്ങി. ഓടിയ ലൈനുകളില്‍ പലേടത്തും സമയനിഷ്‌ടയും ഉണ്ടായില്ല.

Britain Europe Weather

മോട്ടോര്‍വേകളെല്ലാം ഗതാഗതകുരുക്കിലാണ്. പലസ്ഥലങ്ങളിലായുണ്ടായ അപകടങ്ങളില്‍ അഞ്ചുപേര്‍ മരിച്ചു.

EUROPE-WEATHER/BRITAIN

സ്കോട്ട്ലന്‍ഡില്‍ മെറ്റ് ഓഫിസ് അധികൃതര്‍ റെഡ് വാണിങ് നല്‍കി. 2013നു ശേഷം ആദ്യമായാണു രാജ്യത്തു മെറ്റ് ഓഫിസ് അധികൃതര്‍ റെഡ് അല‍ര്‍ട്ട് നല്‍കുന്നത്. മറ്റു പല സ്ഥലങ്ങളിലും യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്.

രാജ്യത്തൊ‌ട്ടാകെ അവധി പ്രഖ്യാപിച്ചില്ലെങ്കിലും ആയിരക്കണക്കിനു സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിച്ചില്ല. തുറന്നവയില്‍ വന്നെത്തിയ കുട്ടികളും കുറവായിരുന്നു.

പലേടത്തും വൈദ്യുതി വിതരണവും താറുമാറായി. മൊബൈല്‍ കണക്‌ഷനും പലസ്ഥലങ്ങളിലും തടസപ്പെട്ടു.

ലിങ്കണ്‍ഷെറില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സൈന്യത്തിന്റെ സേവനം തേടി.

പല സ്ഥലങ്ങളിലും ബിന്‍ കളക്‌ഷനും ലെറ്റര്‍ ഡെലിവറിയും സസ്പെന്‍ഡ് ചെയ്തു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും തണുപ്പേറിയ ആഴ്ചയാകും ഇതെന്നാണു മുന്നറയിപ്പ്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇത്തരം കാലാവസ്ഥ ബ്രിട്ടനില്‍ പതിവാണെങ്കിലും ഈ കൊടും തണുപ്പ് നൂറ്റാണ്ടിലെ അപൂ‍വ പ്രതിഭാസമായാണു കണക്കാക്കുന്നത്.  

related stories