Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താലിബാനെ രാഷ്ട്രീയ പാർട്ടിയായി അംഗീകരിക്കാം: അഫ്ഗാന്‍ പ്രസിഡന്റ്

ashraf-ghani അഷ്റഫ് ഗനി

കാബൂൾ∙ താലിബാനെ രാഷ്ട്രീയ കക്ഷിയായി അംഗീകരിക്കാന്‍ തയാറാണെന്ന് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷറഫ് ഗനി. യുഎസുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്കു നേരത്തെ താലിബാന്‍ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തിലാണ് അഫ്ഗാന്‍ പ്രസിഡന്റ് നിലപാടു വ്യക്തമാക്കിയത്. കാബൂളില്‍ ചേര്‍ന്ന മേഖലാ യോഗത്തിലാണു ഗനി ഇൗ ഓഫര്‍ വച്ചത്. ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും അതിനുശേഷം താലിബാനു പദവി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാന്‍ സര്‍ക്കാരിനെയും രാജ്യത്തിന്റെ ഭരണഘടനയെയും താലിബാന്‍ അനുസരിക്കണമെന്ന നിര്‍ദേശവും ഗനി മുന്നോട്ടു വച്ചു.

16 വർഷമായി നീളുന്ന ആഭ്യന്തര സംഘർഷത്തിന് അയവുവരുത്താനാണു നീക്കംകൊണ്ടു ലക്ഷ്യമിടുന്നത്. വെടിനിർത്തൽ നടപ്പാക്കുന്നതിനൊപ്പം അനുരഞ്ജന നടപടിയുടെ ഭാഗമായി തടവിലാക്കപ്പെട്ടവരെ വിട്ടയയ്ക്കാനും സന്നദ്ധത പ്രകടിപ്പിച്ചു. ഭീകരരെയും കൂടി ഉൾപ്പെടുത്തി തിരഞ്ഞെടുപ്പു നടത്താനും ഇതിനായി ഭരണഘടനാ സാധുത നൽകാനും ഗനി ലക്ഷ്യമി‌ടുന്നു.

കഴിഞ്ഞവർഷം മാത്രമായി താലിബാന്‍ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 10,000ൽ അധികം അഫ്ഗാൻ പൗരന്മാരാണു മരിച്ചത്. ഇതാണ് ഇത്തരമൊരു നീക്കവുമായി രംഗത്തുവരാൻ പ്രസിഡന്റിനെ പ്രേരിപ്പിച്ചത്. സമാധാനക്കരാറിലേക്കു നയിക്കാനുള്ള താൽപ്പര്യമാണ് ഈ ഓഫർ മുന്നോട്ടുവയ്ക്കുന്നതിലൂടെ നടത്തുന്നതെന്ന് 25 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളുമായുള്ള ചർച്ചയിൽ ഗനി വ്യക്തമാക്കി.

സമാധാന കരാറിലേക്കുള്ള പോക്കിൽ ഇനി താലിബാനാണ് അടുത്ത ചുവടു വയ്ക്കേണ്ടത്. അതേസമയം, സമാധാനത്തിലേക്ക് അടുക്കുന്ന ഒരു സംഘടനയെയും മുൻവിധിയോടെ സമീപിക്കില്ലെന്നു പ്രസിഡന്റ് വ്യക്തമാക്കി. യുഎസുമായി നേരിട്ടു ചർച്ചയ്ക്കു തയാറെടുക്കുന്നതായി താലിബാൻ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.