Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെങ്ങന്നൂരിൽ ആര്?; നിർണായക യോഗങ്ങളുമായി സിപിഎമ്മും ബിജെപിയും

Chengannur Byelection

ചെങ്ങന്നൂര്‍∙ ഉപതിരഞ്ഞെ‌ടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്‍റെയും ബിജെപിയുടെയും നിര്‍ണായക യോഗങ്ങള്‍ ഇന്ന് ചെങ്ങന്നൂരില്‍ ചേരും. കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗവും കുമ്മനം രാജശേഖരന്‍ പങ്കെടുക്കുന്ന ബിജെപിയുടെ സംസ്ഥാന ഭാരവാഹി യോഗവുമാണ് ഇന്ന് ന‌ടക്കുന്നത്.

പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍നടന്ന അനൗദ്യോഗിക ചര്‍ച്ചകളില്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍റെ പേരിനാണ് മുന്‍തൂക്കം. സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന തിരഞ്ഞെടുപ്പില്‍ ശക്തമായ മല്‍സരം കാഴ്ചവയ്ക്കണമെങ്കില്‍ മണ്ഡലത്തില്‍ സുപരിചിതനായ സ്ഥാനാര്‍ഥി വേണമെന്നാണ് പൊതുഅഭിപ്രായം. ഈ സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റി യോഗം ചേരുന്നത്. പ്രഖ്യാപനമുണ്ടായില്ലെങ്കിലും സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നാണ് സൂചന. ജില്ലാ കമ്മിറ്റിയോഗത്തിന് പിന്നാലെ ചെങ്ങന്നൂര്‍ മണ്ഡലത്തിലെ പ്രാദേശിക നേതാക്കളുടെ യോഗത്തിലും കോടിയേരി പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശക്തമായ മല്‍സരം കാഴ്ചവച്ച പി.എസ്.ശ്രീധരന്‍പിള്ളയ്ക്കാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍ഗണന. സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലും ശ്രീധരന്‍പിള്ളയെ പിന്തുണയ്ക്കുന്നവരാണ് ഏറെയും. കഴിഞ്ഞ തവണത്തേതുപോലെ മല്‍സരം പ്രവചനാതീതമാകുമെന്നാണ് ബിജെപി പക്ഷത്തിന്‍റെ കണക്കുകൂട്ടല്‍.

അതേസമയം, എം. മുരളി യുഡിഎഫ് സ്ഥാനാർഥിയാകുമെന്നാണു സൂചനകൾ. നാലു തിരഞ്ഞെടുപ്പുകളിലായി 20 വര്‍ഷം തുടര്‍ച്ചയായി മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചയാളാണു മുരളി. തിരഞ്ഞെടുപ്പിൽ ജയിക്കാൻ തന്ത്രങ്ങളൊരുക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണനു ചെങ്ങന്നൂരിന്റെ തിരഞ്ഞെടുപ്പു ചുമതല നൽകാനും കോൺഗ്രസ് തീരുമാനിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കേണ്ടത് അഭിമാന പ്രശ്നമായാണു കോൺഗ്രസ് കാണുന്നത്.