Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീക്കിവച്ചത് 5000 കോടി, കിട്ടിയതോ വട്ടപ്പൂജ്യം; ആത്മഹത്യയിൽ അഭയം തേടുന്ന ആദിവാസികൾ

ചിത്രവും എഴുത്തും –  സോണിച്ചൻ പി.ജോസഫ്
Author Details
maranamozhiyatha-urukal-2

പത്തുവർഷത്തിനിടെ ആദിവാസി ക്ഷേമത്തിനു സംസ്ഥാന സർക്കാർ നീക്കിവച്ചത് 5000 കോടി. ചെലവാക്കിയതിനു കണക്കില്ല. കേരളത്തിലെ ആകെ ആദിവാസി ജനസംഖ്യ 4,84,839. ഈ തുക ബാങ്ക് അക്കൗണ്ടിൽ ഇട്ടിരുന്നെങ്കിൽ ഓരോ ആദിവാസിയും ലക്ഷാധിപതിയായേനെ. വികസനത്തിനായി കോടികൾ ചെലവഴിച്ചിട്ടും ആദിവാസി ഊരുകളിൽ വിശപ്പാറാത്തതും കണ്ണീർ വറ്റാത്തതും എന്തുകൊണ്ടെന്ന ചോദ്യമാണു പൊതുസമൂഹം ഉന്നയിക്കുന്നത്.

Read in English >

പെരിങ്ങമ്മലയിലെ ആദിവാസി ഊരുകളിൽ ഒന്നിനു പിറകെ ഒന്നായി ചെറുപ്പക്കാർ ലോകത്തോടു വിടപറയുമ്പോഴും അധികൃതർക്ക് അനക്കമില്ല. വർഷങ്ങളായി തുടരുന്ന ഈ ആത്മഹത്യാ ചുഴലി ആഞ്ഞടിച്ചുകൊണ്ടേയിരിക്കുന്നു. പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ആത്മഹത്യാകുരുക്കു മുറുകുകയായിരുന്നുവെന്ന് ഓരോ സംഭവങ്ങളും വിളിച്ചുപറയുന്നു. കാണ്ടേണ്ടവർ കണ്ണടച്ചിരുന്നാൽ എങ്ങനെ കാണാനാകും ഈ ആത്മഹത്യകൾ. പെരിങ്ങമ്മലയിലെ ആദിവാസി ഊരുകളിലെ ഈ മരണങ്ങളിൽ മിക്കതും തൂങ്ങിമരണങ്ങളാണെന്നതും എടുത്തുപറയണം. ‌

Soorya mother സൂര്യയുടെ ചിത്രവുമായി അമ്മ തങ്കമ്മ.

Read more at: ‘മധു’വിന്റെ നൊമ്പരം പെരിങ്ങമ്മലയിലും; 6 വർഷം, ജീവനൊടുക്കിയത് 34 പേർ!...

‌സൂര്യയും കയറെടുത്തു

വീണയുടെ മരണത്തോടെ ഒരുപിടി അധികൃതർ പെരിങ്ങമ്മലയിലെ വനം കയറി. കേന്ദ്ര പട്ടികജാതി–വർഗ കമ്മിഷൻ, പട്ടികജാതി ക്ഷേമത്തിനായുള്ള നിയമസഭാ സമിതി, പ്രതിപക്ഷ നേതാവ്, ആദിവാസി ക്ഷേമത്തിനായുള്ള മന്ത്രി എന്നിങ്ങനെ ആ പട്ടിക നീണ്ടു. വീണയുടെ മരണം ഓഗസ്റ്റിലായിരുന്നുവെങ്കിൽ അടുത്തുള്ള ഊരായ ഈയ്യക്കോടിൽ ഏതാണ്ടു മൂന്നു മാസം കഴിഞ്ഞപ്പോൾ സൂര്യ എന്ന ഇരുപത്തഞ്ചുകാരൻ ആത്മഹത്യ ചെയ്തു. വീണയുടെ മരണം അധികൃതരുടെ കണ്ണുതുറപ്പിച്ചില്ലെന്നതിന്റെ തെളിവായി സൂര്യയുടെ മരണം.

അച്ഛൻ മൂന്നു വർഷം മുൻപു മരിച്ചെങ്കിലും അവനായിരുന്നു എന്റെയെല്ലാം. സൂര്യയെക്കുറിച്ചു പറയുമ്പോൾ അമ്മ തങ്കമ്മയ്ക്കു കണ്ണീരടക്കാനാവുന്നില്ല. വർഷങ്ങൾക്കുമുൻപു പടക്കംപൊട്ടി കൈപ്പത്തി അറ്റു പോയതിനാൽ പ്രത്യേകിച്ചു ജോലിക്കൊന്നും പോകാനാകാത്ത മകന്റെ കാര്യങ്ങൾ നോക്കിയിരുന്നത് അമ്മ തങ്കമ്മയായിരുന്നു.

Anish Mother അനീഷിന്റെ അമ്മ സുമതി (ഇൻസെറ്റിൽ അനീഷ്)

അന്നും അമ്മ ഭക്ഷണം ഉണ്ടാക്കിക്കൊടുത്തു. പ്രത്യേകിച്ച് അവന് ഇഷ്ടമുള്ള മീൻ വറുത്തത്. അതും കൂട്ടി അവൻ ഉച്ചയ്ക്കു ചോറുണ്ടു. ഊണു കഴിഞ്ഞപ്പോൾ അമ്മയോടു സൂര്യ കാശു വല്ലതും കയ്യിലുണ്ടോയെന്നു ചോദിച്ചു. ആദ്യം ഒന്നും ഇല്ലെന്ന് അമ്മ പറഞ്ഞെങ്കിലും കയ്യിലുണ്ടായിരുന്ന അറുപതു രൂപ മകനു കൊടുത്തു. അതുമായി അവൻ ഊരിനു വെളിയിലേക്കു പോയി. വൈകിട്ട് ആറുവരെ കാത്തിരുന്നുവെങ്കിലും സൂര്യ വന്നില്ല.

പതിവുപോലെ തങ്കമ്മ തൊട്ടടുത്തുള്ള മകളുടെ വീട്ടിലേക്ക് അന്തിയുറങ്ങാൻ പോയി. പിറ്റേന്നു പുലർച്ചെ ആറു മണിയോടെ വീട്ടിൽ മടങ്ങിയെത്തിയ തങ്കമ്മ കണ്ടത്, വീടിനോടു ചേർന്നുള്ള കൊക്കോ മരത്തിൽ തൂങ്ങി നിൽക്കുന്ന സൂര്യയെയാണ്. അഞ്ചുമക്കളുള്ള തങ്കമ്മയുടെ ഇളയ മകനായിരുന്നു സൂര്യ. തന്നെ തനിച്ചാക്കി മകൻ പോയതിന്റെ കാരണം കണ്ടെത്താനാകാതെ വിഷമിക്കുകയാണു ഇന്നു തങ്കമ്മ.

Bhaskaran Wife മരിച്ച ഭാസ്കരന്റെ ഭാര്യ ഊളി. (ഇൻസെറ്റിൽ ഭാസ്കരൻ)

അനീഷും ഇതേവഴി

ഈയ്യക്കോട് ഊരിലെതന്നെ അന്തേവാസിയായിരുന്നു അനീഷ്. 32 വയസ്സ്. രണ്ടു മക്കളുണ്ടായിരുന്ന സുമതിയുടെ ഇളയ മകനായിരുന്നു അനീഷ്. പത്താംതരംവരെ പഠിച്ചു. അവിവാഹിതനായിരുന്നു. റബർ ടാപ്പിങ് ഉൾപ്പെടെ ഏതു ജോലിക്കും പോകുമായിരുന്നു അനീഷ്. വല്ലപ്പോഴുമൊക്കെ അൽപം മദ്യപാനം ഉണ്ടായിരുന്നെങ്കിലും അതു സ്ഥിരമല്ലായിരുന്നുവെന്നു കരച്ചിലടക്കാനാവാതെ സുമതി പറയുന്നു. 2017 നവംബർ 22 നു വീടിനടുത്തുള്ള ശീമപ്ലാവിൽ അനീഷ് ജീവിതം അവസാനിപ്പിച്ചു.

ഭാസ്കരൻ പോയി; ഊളി തനിച്ചായി

കാട്ടിലക്കുഴി ഊരിലെ നാൽപത്തിയാറുകാരനായ ഭാസ്കരൻ കാണി മരിച്ചിട്ട് ഒരു വർഷം ആയിട്ടില്ല. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞവർഷം മാർച്ച് ഏഴിന്. പെരിങ്ങമ്മല ഇക്ബാൽ കോളജിൽ പ്രീഡിഗ്രി ഫോർത്ത് ഗ്രൂപ്പ് പൂർത്തിയാക്കിയിട്ടുള്ള ഭാര്യ ഊളി സർക്കാർ ജോലിക്കു ശ്രമിച്ചെങ്കിലും ഇപ്പോൾ തൊഴിലുറപ്പിൽ ആശ്രയം തേടുകയാണ്. വിതുരയ്ക്കടുത്തുള്ള പൊടിയക്കാല ഊരിൽനിന്നാണ് ഊളിയെ ഭാസ്കരൻ വിവാഹം കഴിച്ചു കാട്ടിലക്കുഴി ഊരിൽ കൊണ്ടുവന്നത്.

Suresh Babu Father മരിച്ച സുരേഷ് ബാബുവിന്റെ അച്ഛൻ സതീഷ്ബാബു. (ഇൻസെറ്റിൽ സുരേഷ് ബാബു)

ടാപ്പിങ് തൊഴിലാളിയായ ഭാസ്കരൻ സ്വന്തമായുള്ള അൽപം റബർ മരങ്ങൾ ഊരിനു വെളിയിലുള്ള ആളിനു കടുംവെട്ടിനു കൊടുത്തിരുന്നു. ആയുസ്സെത്തിയില്ലെങ്കിലും പണത്തിന്റെ ദാരിദ്യംകൊണ്ടു നൂറോളം വരുന്ന റബർ മരങ്ങൾ സ്ളോട്ടർ ടാപ്പിങ്ങിനു കൊടുത്തു കിട്ടിയ പണം കടംതീർക്കാൻ ഉപയോഗിക്കുകയായിരുന്നുവെന്നു ഭാര്യ ഊളി പറയുന്നു. ചെറിയ മദ്യപാനമുണ്ടായിരുന്ന ഭാസ്കരൻ നല്ല അധ്വാനി ആയിട്ടും എങ്ങനെ കടംകയറിയെന്നു ഭാര്യയ്ക്കുപോലും അറിയില്ല. സമീപത്തെ റബർമരങ്ങൾ കൂലിക്കു വെട്ടിയാണു ഭാസ്കരൻ ജീവിച്ചുവന്നത്.

ആദിവാസി ഊരുകളിൽ ഇന്നും ചെറുപ്രായവിവാഹം നടക്കുന്നതിന്റെ ഉദാഹരണം കൂടിയാണ് ഊളിയുടെ കുടുംബം. നാൽപത്തിയഞ്ചു വയസ്സുള്ള ഊളിക്ക് മൂന്ന് ആൺമക്കൾ. മൂത്തയാൾക്ക് 22 വയസ്സ്– വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനും. 16 വയസ്സുള്ള രണ്ടാമൻ പത്താംക്ലാസ് ജയിച്ചെങ്കിലും ജോലിയൊന്നുമില്ല. ഇളയവൻ ആറാംക്ലാസിൽ.

ഭാസ്കരൻ കാണിയുടെ പെട്ടെന്നുള്ളതും കാരണമില്ലാത്തതുമായ ആത്മഹത്യയോടെ വീടുപണി പാതിവഴിയിലായി. പുലർച്ചെ മൂന്നിനു തന്നെ ടാപ്പിങ്ങിനായി പോയിരുന്ന ഭാസ്കരൻ ഭാര്യയെ ജോലിക്കൊന്നും വിട്ടിരുന്നില്ല. പെട്ടെന്നുള്ള ഭാസ്കരന്റെ മരണം ഊളിയുടെ സ്വപ്നങ്ങൾ കെടുത്തി. ഇന്ന് തൊഴിലുറപ്പു വേതനത്തിൽ പ്രതീക്ഷയർപ്പിച്ച് ഊളി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു.

സുരേഷ്ബാബുവും....

കാട്ടിലക്കുഴി ഊരിലെതന്നെ സതീഷ്ബാബുവിന്റെയും തങ്കയുടെയും രണ്ടാമത്തെ മകൻ സുരേഷ്ബാബുവിനു പതിനേഴര വയസ്സുമാത്രമേ ഉണ്ടായിരുന്നുള്ളൂ. കൃഷിയിലും മറ്റും അച്ഛനെ സഹായിച്ചിരുന്ന സുരേഷ്ബാബു പത്താംക്ലാസ് ജയിച്ചശേഷം തിരുവനന്തപുരത്തെ പ്രമുഖ ഓട്ടമൊബൈൽ വർക്‌ഷോപ്പിൽ ട്രെയിനിയായി പോയെങ്കിലും ഇടയ്ക്കു പരിശീലനം നിർത്തി. പരിശീലനം നിർത്തി വീട്ടിൽ ഇരിപ്പായതോടെ സമപ്രായക്കാരായ ചെറുപ്പക്കാർക്കൊപ്പം കറക്കമായി.

കറക്കം കൂടിയപ്പോൾ മകനെ അച്ഛൻ വഴക്കുപറഞ്ഞിരുന്നു. ഇടയ്ക്കു കൂട്ടുകാർക്കൊപ്പം വനത്തിനുള്ളിലേക്കു പോകുന്ന സ്വഭാവം ഉണ്ടായിരുന്നു. ആനശല്യവും മറ്റും പേടിച്ചാണു സതീഷ്ബാബു മകനെ വിലക്കിയത്. പതിവുപോലെ 2017 ജനുവരി 26നു കൂട്ടുകാർക്കൊപ്പം രാത്രി വൈകി വനത്തിൽപോയ സുരേഷ്ബാബുവിനെ അച്ഛൻ ശകാരിച്ചു.

പിറ്റേന്ന് അച്ഛനില്ലാതിരുന്ന സമയത്ത് കൃഷിസ്ഥലത്തെ കാവൽമാടത്തിൽ സുരേഷ്ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അൽപം മുൻശുണ്ഠിക്കാരനായിരുന്നെങ്കിലും മകൻ കൂലിപ്പണിക്കും മരംകയറ്റത്തിലും മറ്റും തന്റെ വലംകൈ ആയിരുന്നുവെന്നു പറയുമ്പോൾ അച്ഛൻ സതീഷ്ബാബുവിന്റെ കണ്ഠം ഇടറുന്നു.

സുധീഷ് പോയി, അച്ഛൻ ഒറ്റയ്ക്കായി

ഈയ്യക്കോട്ടെ ഊരുമൂപ്പൻ ബാലകൃഷ്ണൻ കാണിയാണ് ഊരിലെ ഞങ്ങളുടെ യാത്രയ്ക്കു വഴികാട്ടിയായത്. ഊരുകളിലുടെയുള്ള യാത്ര അവസാനിക്കാറായപ്പോൾ അറുപത്തിയാറുകാരനായ ബാലകൃഷ്ണൻ കാണി പറഞ്ഞു ‘ഇരുപത്തിയാറു വയസുണ്ടായിരുന്ന എന്റെ മകൻ സുധീഷും ആത്മഹത്യ ചെയ്യുകയായിരുന്നു സാർ, 2014 ഫെബ്രുവരി 26ന്’ ഞങ്ങൾ ഞെട്ടിത്തരിച്ചുപോയി. ഏതാണ്ടു രാവിലെ മുതൽ ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ബാലകൃഷ്ണൻ കാണിയുടെ വെളിപ്പെടുത്തലിൽ ഞങ്ങൾക്കു ദുഃഖവും അതിശയവുമുണ്ടായി.

പത്താംക്ലാസ് ജയിച്ച് ഡ്രൈവിങ്ങും പഠിച്ച സുധീഷ് റബർ ടാപ്പിങ്ങിനു പോയിരുന്നു. അമ്മയോടു വലിയ അടുപ്പമായിരുന്നു സുധീഷിനെന്നു പറയുമ്പോൾ അച്ഛൻ ബാലകൃഷ്ണൻ കാണിയുടെ കണ്ണുകൾ നിറഞ്ഞു. സുധീഷിന്റെ ആത്മഹത്യയ്ക്കു ബാലകൃഷ്ണൻ കാണിക്കും പ്രത്യേക കാരണങ്ങൾ ഒന്നും പറയാനില്ല. മകന്റെ മരണത്തോടെ, വിവാഹം കഴിച്ചയച്ച ഏകമകൾക്കൊപ്പം അമ്മ താമസമാക്കി. ബാലകൃഷ്ണൻ കാണി ഒറ്റയ്ക്കും.

പെരിങ്ങമ്മലയിലെ ഊരുകളിൽ ആദിവാസി യുവാക്കളുടെ ആത്മഹത്യാ കണക്ക് ഏറുമ്പോഴും ഇതിനു പരിഹാരം കണ്ടെത്താൻ അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ആത്മഹത്യയുടെ കാരണങ്ങൾ കണ്ടെത്താനോ പരിഹാരത്തിനോ ഒന്നിനും. ഇക്കാര്യത്തിൽ ആദിവാസി നേതാക്കളും മൂപ്പന്മാരും പറയുന്നതൊന്നും കേൾക്കാനും ആരുമില്ല.

അതേക്കുറിച്ച് അടുത്തദിവസം...