Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലങ്കാനയിൽ പൊലീസുമായി ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

Maoist-Encounter മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ പരുക്കേറ്റ കോൺസ്റ്റബിളിനെ ഹെലികോപ്റ്റർ മാർഗം ആശുപത്രിയിലേക്കു മാറ്റുന്നു. (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)

ഹൈദരാബാദ്∙ തെലങ്കാനയിലെ ജയശങ്കർ ഭൂപാൽപ്പള്ളി ജില്ലയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പത്തിലധികം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ ഗ്രേഹണ്ട് ആന്റി–ഇൻസർജൻസി പൊലീസ് ഫോഴ്സുമായുള്ള ഏറ്റുമുട്ടലിലാണു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. തെലങ്കാന സ്റ്റേറ്റ് കമ്മിറ്റി ഓഫ് സിപിഐ (മാവോയിസ്റ്റ്) പ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഉയരാനിടയുണ്ടെന്നും റിപ്പോർട്ടുണ്ട്.

തെലങ്കാന സ്റ്റേറ്റ് കമ്മിറ്റി നേതാവ് ഹരിഭൂഷണും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. സൈനികതുല്യമായ തന്ത്രജ്ഞതയ്ക്ക് പേരുകേട്ട വ്യക്തിയാണ് ഹരിഭൂഷൺ. പുലർച്ചെ 6.30നാണ് പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. വിവിധ സർക്കാരുകൾ തലയ്ക്കു വൻ വില ഇട്ടിട്ടുള്ളവരാണു കൊല്ലപ്പെട്ടതെന്നാണു പ്രാഥമിക വിവരം.

ഏറ്റുമുട്ടലിനിടെ പരുക്കേറ്റ ഒരു ഗ്രേഹണ്ട് കോൺസ്റ്റബിളിനെ ഹെലികോപ്റ്റർ മാർഗം ആശുപത്രിയിലേക്കു മാറ്റി. തെലങ്കാന–ഛത്തീസ്ഗഡ് അതിർത്തിയിൽ മാവോയിസ്റ്റുകൾ തമ്പടിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഗ്രേഹണ്ട് സേന ഓപ്പറേഷന് പദ്ധതിയിട്ടത്. എകെ 47 റൈഫിളുകൾ ഉൾപ്പെടെ വൻ ആയുധശേഖരം ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി.