Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്തിസാന്ദ്രമായി കുത്തിയോട്ടനേര്‍ച്ച നടക്കും: ശ്രീലേഖയെ തള്ളി കടകംപള്ളി

kadakampally-surendran മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം∙ ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടനേര്‍ച്ച വിവാദമാക്കേണ്ടെന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കുത്തിയോട്ടനേര്‍ച്ച നടക്കും. കാലാനുസൃതമായ മാറ്റം ആവശ്യമുണ്ടെങ്കില്‍ അതു പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടത്തില്‍ കുട്ടികളെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നൂവെന്ന വിമര്‍ശനവുമായി ഡിജിപി ആർ. ശ്രീലേഖ രംഗത്തെത്തിയിരുന്നു. കുത്തിയോട്ടത്തിനെതിരെ നിയമപരമായി നടപടിയെടുക്കാവുന്നതാണെന്നും ജയില്‍ മേധാവി പറഞ്ഞിരുന്നു. ഇതിനെതിരെയാണു മന്ത്രിയുടെ പ്രതികരണം.

ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായ ഉത്സവത്തില്‍ അഞ്ച് മുതല്‍ 12 വയസ് വരെയുള്ള ആണ്‍കുട്ടികളെ ഉപയോഗിച്ചു പതിറ്റാണ്ടുകളായി നടന്നുവരുന്ന ആചാരമാണു കുത്തിയോട്ടം. ഇതിനെ തുറന്ന് എതിര്‍ക്കുകയാണ് ഡിജിപി ആര്‍. ശ്രീലേഖ സ്വന്തം ബ്ലോഗിലെഴുതിയ ലേഖനത്തിലൂടെ ചെയ്തത്. കുട്ടികളുടെ അനുമതിയില്ലാതെയാണു ഭൂരിഭാഗം മാതാപിതാക്കളും ക്ഷേത്രം ഭാരവാഹികളും കുട്ടികളെ പങ്കെടുപ്പിക്കുന്നതെന്നും അഞ്ച് ദിവസം വീട്ടില്‍ പോകാതെ, അച്ഛനെയും അമ്മയെയും കാണാതെ കഴിയുന്ന ദിവസങ്ങള്‍ ഈ കുട്ടികളുടെ തടവറയെന്നു വിശേഷിപ്പിക്കാമെന്നുമാണ് ജയില്‍ മേധാവിയുടെ അഭിപ്രായം.

കുട്ടികളുടെ ദേഹത്ത് മുറിവേല്‍പ്പിക്കുക പോലും ചെയ്യുന്ന കുത്തിയോട്ടത്തിനെതിരെ വിവിധ നിയമങ്ങള്‍ പ്രകാരം കേസെടുക്കാവുന്നതാണ്. പക്ഷേ, വിശ്വാസത്തെ പേടിച്ച് ആരും പരാതിക്കു തയാറാവില്ല. ഇത്തവണയെങ്കിലും കുത്തിയോട്ടം ഒഴിവാക്കണം. പത്താം വയസ് മുതല്‍ ആറ്റുകാലില്‍ പൊങ്കാലയിടറുള്ള താന്‍ കുത്തിയോട്ടത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇത്തവണ അതൊഴിവാക്കുകയാണെന്നും ലേഖനത്തില്‍ കുറിച്ചു. എന്നാല്‍ ഡിജിപിയുടെ നിലപാടിനെതിരെ പ്രതിഷേധവുമായി ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് രംഗത്തെത്തിയിരുന്നു.