Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലവെട്ടുമെന്നു ഭീഷണി; കുട്ടികളെ ചേർത്ത് ‘ഭീകരസേന’യ്ക്ക് അധ്യാപകന്റെ ശ്രമം

Terrorist

ലണ്ടൻ∙ കുട്ടികളെ ഉൾപ്പെടുത്തി ‘ജിഹാദി സേന’ രൂപീകരിച്ച് ലണ്ടനിൽ വിവിധയിടങ്ങളിൽ  ആക്രമണത്തിനു പദ്ധതിയിട്ട ഭീകരൻ കുറ്റക്കാരനാണെന്നു തെളിഞ്ഞു. ഉമർ ഹഖ്(25) എന്നു പേരുള്ള ഇയാൾ ഇസ്‌ലാമിക് സ്റ്റേറ്റ് അനുഭാവിയാണെന്നു കുറ്റസമ്മതം നടത്തിയിട്ടുണ്ട്. യോഗ്യതകളില്ലാതിരുന്നിട്ടും ഇസ്‌ലാമിക് സ്റ്റഡീസ് പഠിപ്പിക്കാനായി ലണ്ടനിലെ ഒരു സ്കൂളിൽ കടന്നുകൂടിയ ഇയാൾ 11 മുതൽ 16 വരെ പ്രായമുള്ള വിദ്യാർഥികളെയാണ് തന്റെ ‘സേന’യിലേക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചത്.

ബന്ദിയാക്കിയവരുടെ തലവെട്ടുന്നതിന്റെയും ഭീകരരുടെ മറ്റു ക്രൂര പ്രവൃത്തികളുടെയും വിഡിയോ ഉൾപ്പെടെ കുട്ടികൾക്കു മുന്നിൽ പ്രദർശിപ്പിച്ചായിരുന്നു ഉമറിന്റെ ‘ക്ലാസ്’. ഇതിനെപ്പറ്റി പുറത്തുപറഞ്ഞാൽ വിഡിയോയിൽ കണ്ടതു പോലെത്തന്നെ കുട്ടികളുടെ ജീവിതം അവസാനിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ലണ്ടനിലെ പ്രശസ്തമായ ബിഗ് ബെൻ ടവറിൽ ഉൾപ്പെടെ കുട്ടികളെ ഉപയോഗിച്ച് ഭീകരാക്രമണത്തിന് ഇയാൾ പദ്ധതിയിട്ടിരുന്നു. ഇതിനു വേണ്ടിയുള്ള പരിശീലനവും നൽകി.

നേരത്തേ നടന്ന ഭീകരാക്രമണങ്ങൾ അഭിനയിച്ചു കാണിക്കാൻ കുട്ടികൾക്കു നിർദേശം നൽകിയായിരുന്നു പരിശീലനം. പൊലീസിനെ എങ്ങനെ ആക്രമിക്കണമെന്നും പരിശീലിപ്പിച്ചു. ശരീരം ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമമുറകളും ഇയാൾ കുട്ടികളെ പരിശീലിപ്പിച്ചിരുന്നു.  കിഴക്കൻ ലണ്ടനിലെ ഒരു സ്കൂളിലും മദ്രസയിലുമായി 110 കുട്ടികളെയാണ് ഇത്തരത്തിൽ പരിശീലിപ്പിച്ചത്. ഇവരിൽ 35 പേർ ഇപ്പോൾ വിവിധ കൗൺസലിങ്ങുകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സാമൂഹിക സേവന പരിപാടികളിൽ ഉൾപ്പെടെ ഇവരെ പങ്കാളിയാക്കിയാണ് ‘ഭീകര പരിശീലന കാലം’ മനസ്സിൽ നിന്നു മായ്ച്ചു കളയുന്നത്.

ആറു കുട്ടികൾ  ഹഖിനെതിരെ കോടതിയിൽ മൊഴി നൽകി. തങ്ങൾക്ക് എന്തെല്ലാം പരിശീലനം നൽകിയെന്ന വിവരം ഉൾപ്പെടെ കുട്ടികൾ കോടതിയോടു വ്യക്തമാക്കി. ബിഗ് ബെൻ ടവർ കൂടാതെ ക്വീൻസ് ഗാർഡ്സിലെ അംഗങ്ങളെയും വൻ ഷോപ്പിങ് സെന്ററുകളും മാധ്യമസ്ഥാപനങ്ങളും ബാങ്കുകളും  ആക്രമിക്കാനും ഹഖിന് പദ്ധതിയുണ്ടായിരുന്നു. ഇതിനു വേണ്ടിയാണ് കുട്ടികൾക്കു പരിശീലനം നൽകിയത്.

ഓൺലൈൻ വഴിയാണ് ഹഖ് ഭീകരവാദത്തിലേക്ക് ആകൃഷ്ടനായതെന്നാണു വിവരം. കഴിഞ്ഞ വർഷം മാർച്ചിൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ബ്രിജിൽ നടന്ന ഭീകരാക്രമണവും പ്രചോദനമായി. ആൾക്കൂട്ടത്തിനിടയിലേക്ക് കാറിടിച്ചു കയറ്റി നാലു പേരെ കൊലപ്പെടുത്തിയ ഖാലിദ് മസൂദ് എന്ന ഭീകരൻ ഒരു പൊലീസുകാരനെയും അന്ന് കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഇതേ മാതൃകയിൽ സ്ഫോടക വസ്തുക്കൾ നിറച്ച കാറും തോക്കുമായി  സമാനമായ ആക്രമണം നടത്താനും ഹഖിനു പദ്ധതിയുണ്ടായിരുന്നു.

മസൂദിന്റെ ആക്രമണം അഭിനയിച്ചു കാണിക്കാൻ കുട്ടികളോട് പലപ്പോഴും ഇയാൾ ആവശ്യപ്പെട്ടിരുന്നു. സാധാരണക്കാർ കൊല്ലപ്പെടേണ്ടവരാണെന്നും ഇയാൾ കുട്ടികളെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇക്കാര്യം പത്തൊൻപതുകാരനായ മറ്റൊരു വിദ്യാർഥിയോടു പറയുകയും ചെയ്തു. അബ്ദുതാഹിർ മാമുൻ എന്ന ഈ വിദ്യാർഥിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിനു പണം ശേഖരിച്ചതിനും പദ്ധതിക്കു കൂട്ടു നിന്നതിനുമാണു കേസ്.

വീട്ടുകാരോടോ മറ്റ് അധ്യാപകരോടോ ഹഖിന്റെ ‘ക്ലാസിനെപ്പറ്റി’ ഒന്നും പറയാനാകാത്ത വിധം ഭയചകിതരായിരുന്നു കുട്ടികളെന്ന് പൊലീസ് പറഞ്ഞു. താൻ ഐഎസിലെ അംഗമാണെന്നും തനിക്കെതിരെ എന്തെങ്കിലും ചെയ്താൽ വിഡിയോയിൽ കണ്ടതിനു സമാനമായ അനുഭവമായിരിക്കുമെന്നായിരുന്നു ഇയാളുടെ സ്ഥിരം ഭീഷണി. എന്നാൽ തുടക്കത്തിൽത്തന്നെ പരിശീലനം തിരിച്ചറിയാനായതിനാൽ കുട്ടികൾ തലനാരിഴയ്ക്കാണു കുഴപ്പത്തിൽപ്പെടാതെ രക്ഷപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.

നേരത്തേ ഹഖിനെതിരെ നാലു കേസുകൾ പൊലീസ് ചുമത്തിയിട്ടുണ്ട്. നിലവിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ടു എന്ന കേസിലാണു കുറ്റം കോടതി ശരിവച്ചിരിക്കുന്നത്. ഇരുപത്തിയേഴുകാരനായ മുഹമ്മദ് ആബിദ് എന്നയാളും ഹഖിനെ സഹായിച്ചതിനു പിടിയിലായിട്ടുണ്ട്. ഇവർക്കുള്ള ശിക്ഷ പിന്നീടു വിധിക്കും.