Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഐയിൽ ‘ഭൂമി’ വിവാദം; എംഎൽഎ രാമചന്ദ്രനെതിരെ കൺട്രോൾ കമ്മിഷൻ

cpi-cartoon

മലപ്പുറം ∙ നേതാക്കൾ‍ക്കെതിരെ ഉയർന്ന ഗുരുതരമായ ഭൂമിയിടപാട്, സാമ്പത്തിക ആരോപണങ്ങൾ ശരിവച്ചുള്ള സംസ്ഥാന കൺട്രോൾ കമ്മിഷൻ റിപ്പോർട്ട് സംസ്ഥാന സമ്മേളനത്തിൽ സിപിഐയെ തിരിഞ്ഞുകൊത്തി. താനടക്കം ചില നേതാക്കൾക്കെതിരെയുള്ള ആരോപണങ്ങൾ അച്ചടിച്ചു പ്രതിനിധികളുടെ മുന്നിലേക്കിട്ടു കൊടുത്തതിനെതിരെ മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിൽ, ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡിക്കു പരാതി നൽകി. സംസ്ഥാന നേതൃത്വത്തോട് ഇക്കാര്യത്തിൽ കേന്ദ്രം വിശദീകരണം ആരാഞ്ഞതോടെ സിപിഐയിലെ ആഭ്യന്തരസംഘർഷം കനത്തു. 

കൊല്ലം, കണ്ണൂർ ജില്ലകളിൽനിന്നു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണു നേതാക്കൾ ഭൂമിയിടപാടു തട്ടിപ്പു നടത്തിയതായി വെളിയം രാജൻ ചെയർമാനായ കമ്മിഷൻ കണ്ടെത്തിയത്. കൊല്ലം മുൻ ജില്ലാ സെക്രട്ടറിയും കരുനാഗപ്പള്ളി എംഎൽഎയുമായ ആർ.രാമചന്ദ്രനെ കമ്മിഷൻ പ്രതിക്കൂട്ടിലാക്കി.

കണ്ണൂരിലെ ഭൂമിയിടപാട്, സാമ്പത്തികത്തട്ടിപ്പ് എന്നിവ തടയുന്നതിൽ മുൻ അസിസ്റ്റന്റ് സെക്രട്ടറി സി.എൻ.ചന്ദ്രനു വീഴ്ച വന്നെന്നും റിപ്പോർട്ടിൽ പറയുന്നു. വിദേശത്തു പാർട്ടി ഘടകങ്ങൾ രൂപീകരിക്കാനുള്ള യാത്രകളിൽ സിപിഐ നയത്തിനു വിരുദ്ധമായി ഇസ്മായിൽ പ്രവർത്തിച്ചുവെന്നു കമ്മിഷൻ കണ്ടെത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ രണ്ടു വിശ്വസ്തർക്കെതിരെയും കുറ്റം ചുമത്തിയത്. 

ചവറയിലെ അഴിമതി

കൊല്ലത്തു ചവറ മണ്ഡലം കമ്മിറ്റിക്കായി സ്ഥലം വാങ്ങിയതിലും വിറ്റതിലും തട്ടിപ്പുണ്ടെന്നു കാട്ടിയുള്ള ജി.സൈമണിന്റെ പരാതി അന്വേഷിച്ച കമ്മിഷന്റെ നിഗമനം: ‘പാർട്ടിക്കുവേണ്ടി വസ്തു വാങ്ങിയതും പിന്നീട് ആ വസ്തു വിറ്റതും സുതാര്യമായല്ല നടന്നത്. 25,000 രൂപ നൽകി വർഷങ്ങൾക്കു മുൻപു വാങ്ങിയ, ദേശീയപാതയുമായി ബന്ധപ്പെട്ടുകിടക്കുന്ന സ്ഥലം വർഷങ്ങൾക്കുശേഷം 40,000 രൂപയ്ക്കാണു വിറ്റതെന്നതു വിശ്വസിക്കാൻ കഴിയില്ല.

പാർട്ടിയുടെ വസ്തു വിറ്റുകിട്ടിയ പണവുംകൂടി ഉപയോഗിച്ചു രാമചന്ദ്രനും ചവറ മണ്ഡലം സെക്രട്ടറിയായിരുന്ന സഹദേവനും ചേർന്നു മറ്റൊരു സ്ഥലം വാങ്ങുകയും അതിൽ ഭൂരിഭാഗം മറിച്ചുവിൽപന നടത്തിയശേഷം ബാക്കി വന്ന സ്ഥലം രാമചന്ദ്രന്റെയും സഹദേവന്റെയും പേരിൽ അവർ തന്നെ തീറു നൽകുകയും ചെയ്തു. ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സ്ഥലം സംസ്ഥാന സെക്രട്ടറിയുടെ പേരിലാക്കാൻ നിർദേശിച്ചു.

കെട്ടിടം പൊളിക്കാനും മരങ്ങൾ മുറിച്ചുമാറ്റാനുമുള്ള ടെൻഡർ നടപടികളും സുതാര്യമായിരുന്നില്ല. മണ്ണു കൊണ്ടുപോയ വകയിലെ പണം ലഭിച്ചില്ല. പാർട്ടിക്കു നിരക്കാത്ത വിധം വഴിവിട്ട പ്രവർത്തനങ്ങൾ നടന്നതായും വ്യക്തികൾക്കു സാമ്പത്തികനേട്ടം ഉണ്ടായതായും കമ്മിഷനു ബോധ്യപ്പെട്ടു. രാമചന്ദ്രന്റെയും സഹദേവന്റെയും പേരിൽ നടപടിയെടുക്കാൻ ശുപാർശ ചെയ്തു.’

തലശേരി തട്ടിപ്പ്

തലശേരിയിൽ പാർട്ടിയുടെ പേരിൽ ആശുപത്രി സ്ഥാപിക്കാനെന്ന പേരിൽ ഭൂമിയിടപാടു തട്ടിപ്പു നടന്നുവെന്നാണു നിഗമനം. എൻ.ഇ.ബലറാം സ്മാരക വോളിബോൾ ടൂർണമെന്റിന്റെ പേരിലും സാമ്പത്തികത്തട്ടിപ്പുണ്ടായി. തലശേരി മണ്ഡലം സെക്രട്ടറിയായിരുന്ന സി.പി.ഷൈജനെതിരെയാണു കുറ്റാരോപണം. ‘നടപടികളെല്ലാം പരിശോധിച്ചപ്പോൾ വ്യക്തമായതു ഭൂമിയിടപാടു തികച്ചും ബിസിനസായിരുന്നുവെന്നാണ്.

പാർട്ടിയുമായി ചർച്ച നടത്താതെ സമൂഹത്തിൽ മാന്യതയില്ലാത്തവരെ മുൻനിർത്തി ട്രസ്റ്റ് രൂപീകരിച്ചു. പാർട്ടിയുടെയും സർക്കാരിന്റെയും സ്വാധീനം ഉപയോഗപ്പെടുത്തി വ്യക്തിപരമായ സാമ്പത്തികനേട്ടമായിരുന്നു ലക്ഷ്യം. ബലറാം വോളിബോൾ ടൂർണമെന്റിന്റെ 2014ലെ നടത്തിപ്പിൽ സുതാര്യമല്ലാത്ത നടപടികളുണ്ടായി. വണ്ടിച്ചെക്ക് നൽകി തരികിടയായ ഒരു വ്യക്തിയാണ് ആദ്യടിക്കറ്റ് വാങ്ങിയത്.

തലശേരി മണ്ഡലം സമ്മേളനത്തിൽ പാർട്ടിക്കു നിരക്കാത്ത നടപടികൾ ഉണ്ടായപ്പോഴും ടൂർണമെന്റ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പ്രസിഡന്റെന്ന നിലയിൽ സുതാര്യമായി നടത്തുന്നതിലും സി.എൻ.ചന്ദ്രനു ഗുരുതര വീഴ്ച സംഭവിച്ചു’– റിപ്പോർട്ട് ആരോപിക്കുന്നു.

വേട്ടയാടുന്നുവെന്ന്  ഇസ്മായിൽ

അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറഞ്ഞു മൂന്നുവർഷമായി തന്നെ സംസ്ഥാന നേതൃത്വം വേട്ടയാടുകയാണെന്നു കേന്ദ്രനേതൃത്വത്തിനു നൽകിയ പരാതിയിൽ കെ.ഇ.ഇസ്മായിൽ. മോശക്കാരനാക്കാനുള്ള ബോധപൂ‍ർവമായ നടപടിയാണിത്. നേതൃത്വം ഇടപെട്ടില്ലെങ്കിൽ കാര്യങ്ങൾ തുറന്നുപറയേണ്ടിവരും.

വേട്ടയാടൽ തുടർന്നാൽ എല്ലാം അവസാനിപ്പിക്കേണ്ടിവരുമെന്ന സൂചനയും ഇസ്മായിലിന്റെ പരാതിയിലുണ്ട്. തനിക്കൊന്നും പറയാനില്ലെന്നായിരുന്നു ഇസ്മായിലിന്റെ പരസ്യ പ്രതികരണം. പരാതികളുണ്ടെങ്കിൽ പരിശോധിക്കുമെന്നു സുധാകർ റെഡ്‌ഡി പ്രതികരിച്ചു.

related stories