Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആനയ്ക്ക് അണ്ണാൻ കല്യാണം ആലോചിച്ചപോലെ’: സിപിഎമ്മിന് സുധാകരന്റെ പരിഹാസം 

K. Sudhakaran

കണ്ണൂർ∙ ബിജെപിയുടെ വർഗീയ ഫാസിസത്തെ ഒറ്റയ്ക്കു നേരിടുമെന്ന സിപിഎമ്മിന്റെ അവകാശവാദം, ആനയ്ക്ക് അണ്ണാൻ കല്യാണമാലോചിച്ചതു പോലെയെന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരൻ. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബംഗാളിലും ത്രിപുരയിലും തീ‍ർന്നു കേരളത്തിൽ മാത്രമായ സിപിഎം ഇവിടെയിരുന്നു കൊണ്ടു വർഗീയ ഫാസിസത്തെ എന്തു ചെയ്യുമെന്നാണു പറയുന്നത്?  കോൺഗ്രസിന്റെ ഉദാരവൽക്കരണ നയത്തോടാണല്ലോ സിപിഎമ്മിനു വിമർശനം. 35 കൊല്ലം ഭരിച്ചപ്പോൾ ബംഗാളിൽ സിപിഎം എന്താണു ചെയ്തത്? പാവപ്പെട്ട കൃഷിക്കാരുടെ പട്ടയം പിടിച്ചെടുത്തു ഭൂമി ടാറ്റയുടെ കാൽക്കീഴിൽ സമർപ്പിച്ചു. അവിടെയിപ്പോൾ സിപിഎമ്മിനു പാർട്ടി ഓഫിസുകൾ വാടകയ്ക്കു കൊടുക്കേണ്ട സ്ഥിതിയാണെന്നും സുധാകരൻ പറഞ്ഞു.

ബംഗാളിലെ പഴയ ലോക്കൽ സെക്രട്ടറിമാരും ബ്രാഞ്ച് സെക്രട്ടറിമാരുമൊക്കെ ഇപ്പോൾ‌ കേരളത്തിൽ കൂലിപ്പണിയെടുത്താണു കഴിയുന്നത്. പിണറായി വിജയൻ സർക്കാർ കേരളത്തിൽ എന്തു സാമ്പത്തിക നയമാണു നടപ്പാക്കുന്നത്? എൽഡിഎഫ് എംഎൽഎമാരിൽ 17 പേർ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ പങ്കാളികളാണ്. തോമസ് ചാണ്ടിയുടെ ആസ്തിക്കു മുൻപിൽ അന്തിച്ചു നിൽക്കുകയാണു മുഖ്യമന്ത്രിയെന്നും സുധാകരൻ വിമർശിച്ചു.

കോടിയേരി ബാലകൃഷ്ണന്റെ മകന്റെ പതിമൂന്നരക്കോടി രൂപയുടെ കടം ആരാണു വീട്ടിയത്? ഞാൻ ബ്രണ്ണൻ കോളജിൽ പഠിക്കുന്ന കാലത്തു ബീഡി കെട്ടുന്ന പണിയായിരുന്നു കോടിയേരിക്ക്. പിന്നെ എവിടെ നിന്നു കിട്ടി ഈ കോടികൾ? അപ്പൂപ്പന്റെ തറവാട്ടിൽ നിന്നു വന്നതോ? 

ഉപ്പുവച്ച കലം പോലെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണു സിപിഎം. എന്നിട്ടാണു ബിജെപിയെ ഒറ്റയ്ക്കു നേരിടുമെന്നു വീമ്പിളക്കുന്നത്. ആഗ്രഹിക്കുന്നതിനും ഒരു പരിധിയില്ലേ? കേരളത്തിലെ സിപിഎം മാത്രമാണ് അതു മനസ്സിലാക്കാത്തത് – സുധാകരൻ പറഞ്ഞു.