Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർത്തി 1.8 കോടി മുതിർന്ന നേതാവിനു കൈമാറി: എൻഫോഴ്സ്മെന്റ്

karti-chidambaram കാർത്തി ചിദംബരം സിബിഐ കസ്റ്റഡിയിൽ.

ന്യൂഡൽഹി∙ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസ് പുതിയ വഴിത്തിരിവിൽ. കാർത്തി തന്റെ അക്കൗണ്ടിൽനിന്ന് 1.8 കോടി രൂപ മുതിർന്ന നേതാവിനു കൈമാറിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തി. കാർത്തിയുടെ ചെന്നൈയിലുള്ള റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡിൽ (ആർബിഎസ്) നിന്നാണ് പണം കൈമാറിയത്.

കേന്ദ്രത്തിൽ സുപ്രധാന ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തിരുന്ന വ്യക്തിക്കാണ് കാർത്തി പണം നൽകിയത്. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇദ്ദേഹത്തിന്റെ പേരു വെളിപ്പെടുത്താൻ എൻഫോഴ്സ്മെന്റ് തയാറായിട്ടില്ല. 2006 ജനുവരി 16 മുതൽ 2009 സെപ്റ്റംബർ 23 വരെ അഞ്ചുതവണയായിട്ടാണു പണം കൈമാറിയത്. ഇതേക്കുറിച്ച് ചോദിക്കുന്നതിന് മുതിർന്ന നേതാവിനെ വിളിച്ചുവരുത്തുന്നതടക്കുമുള്ള കാര്യങ്ങൾ എൻഫോഴ്സ്മെന്റ് പരിഗണിക്കുന്നുണ്ട്. നിലവിൽ സിബിഐ കസ്റ്റഡിയിലുള്ള കാർത്തിയെയും ചോദ്യം ചെയ്തേക്കും.

കാർത്തിയുടെ ആർബിഎസിലെ 397990 എന്ന അക്കൗണ്ടിൽനിന്നാണ് പണം രാഷ്ട്രീയ നേതാവിന്റെ അക്കൗണ്ടിലേക്കു മാറ്റിയത്. ഈ ഇടപാടുകളിൽ സംശയിക്കേണ്ടതുണ്ടെന്നാണ് ഇഡിയുടെ നിഗമനം. ഐഎൻഎക്സ് മീഡിയയ്ക്കുവേണ്ടി വിദേശത്തുനിന്ന് 3.1 കോടി രൂപയോളം നൽകിയെന്നാണ് ഇന്ദ്രാണിയുടെയും പീറ്റർ മുഖർജിയുടേയും വെളിപ്പെടുത്തൽ. അതിനിടെ, കാർത്തി ചിദംബരത്തെയും ഐഎൻഎക്സ് മീഡിയ മുൻ ഡയറക്ടർ ഇന്ദ്രാണി മുഖർജിയേയും ഒപ്പമിരുത്തി ചോദ്യം ചെയ്തു. ഇന്ദ്രാണിയു‍‍ടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി 28നാണ് കാർത്തി ചിദംബരത്തെ അറസ്റ്റു െചയ്തത്.

പി. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ 2007ൽ മാധ്യമസ്ഥാപനമായ ഐഎൻഎക്സ് മീഡിയ വിദേശത്തു നിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചതു ചട്ടങ്ങൾ ലംഘിച്ചാണെന്നാണു കേസ്. 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കാർത്തി ഇവരെ വഴിവിട്ട് സഹായിച്ചെന്നായിരുന്നു ആദ്യ ആരോപണം. കഴിഞ്ഞവർഷം മേയിലാണു സിബിഐ കേസ് റജിസ്റ്റർ ചെയ്തത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.

related stories