Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറക്കുമതി തീരുവ പ്രതിസന്ധി ഒഴിവാക്കാന്‍ ചര്‍ച്ച തുടരണമെന്ന് ട്രംപിനോട് ബ്രിട്ടൻ

Donald Trump Theresa May

ലണ്ടന്‍∙ സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം ആഗോള വിപണിയിലുണ്ടാക്കിയ പ്രതിസന്ധിയും യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടാക്കിയ ആശങ്കയും പരിഹരിക്കാന്‍ നടപട‌ി സ്വീകരിക്കണമെന്നു ബ്രിട്ടന്റെ അഭ്യര്‍ഥന. ഇന്നലെ പ്രസിഡന്റ് ട്രംപിനെ ഫോണില്‍ വിളിച്ചാണു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ ബ്രിട്ടന്റെ ആശങ്കയും അഭിപ്രായവും അറിയിച്ചത്. അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും തമ്മില്‍ ഇതിന്റെ പേരില്‍ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും തെരേസ മേ അഭ്യര്‍ഥിച്ചു. ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ സിറിയന്‍ പ്രശ്നവും വിഷയമായെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

ചൈനീസ് ഭീഷണിയെ നേരിടാനും ആഗോള വിപണിയിലെ ആധിപത്യം നിലനിര്‍ത്താനുമായി കഴിഞ്ഞദിവസമാണ് സ്റ്റീലിന്റെയും അലുമിനിയത്തിന്റെയും ഇറക്കുമതിക്ക് അധിക തീരുവ ഏര്‍പ്പെടുത്തുമെന്നു ട്രംപ് പ്രഖ്യാപിച്ചത്. ഇതിനെ എതിര്‍ത്ത് രംഗത്തുവന്ന യൂറോപ്യന്‍ രാജ്യങ്ങളോട് അനുരഞ്ജനത്തിനു തയാറാകാതെ ഭീഷണി തു‌ടര്‍ന്നാല്‍ യൂറോപ്യന്‍ കാറുകളുടെ ഇറക്കുമതിക്കും അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന ഭീഷണിയാണ് ട്രംപില്‍നിന്നും ഉണ്ടായത്. ഇത് യൂറോപ്പ് – അമേരിക്ക ബന്ധത്തെ വളരെ പ്രതികൂലമായി ബാധിച്ചിരുന്നു.

അമേരിക്കയുടെ തീരുമാനവും ഭീഷണിയും ബ്രിട്ടിഷ് സമ്പത്ത്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് തെരേസ മേ ട്രംപിനെ നേരിട്ടു വിളിച്ച് ചര്‍ച്ച നടത്തിയത്. സ്റ്റീലിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും അധിക ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ വിവാദ പ്രഖ്യാപനം.