Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുൻജ്വാൻ ഭീകരാക്രമണം: സൂത്രധാരനെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു

Indian-Army (Representative Image)

ശ്രീനഗർ∙ സുൻജ്വാൻ കരസേനാ ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സൈന്യം വധിച്ചു. ദക്ഷിണ കശ്മീരിലെ ലേത്പോറ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണു സുന്‍ജ്വാൻ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ മുഫ്തി വഖാസിനെ സൈന്യം വധിച്ചത്. കരസേന, സിആർപിഎഫ്, ജമ്മു കശ്മീർ പൊലീസ് എന്നിവർ ചേർന്നു സംയുക്തമായാണ് ആക്രമണം നടത്തിയത്.

ജയ്ഷെ മുഹമ്മദിന്റെ ഓപറേഷനൽ കമാൻഡറാണു മുഫ്തി വഖാസ്. മിന്നാലാക്രമണത്തിലൂടെ ഇയാളെ വധിച്ചതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരരെ തുരത്തിയശേഷം സൈന്യം നടത്തിയ തിരച്ചിലിൽ വൻ സ്ഫോടകശേഷിയുള്ള ആയുധങ്ങൾ നിർമിക്കുന്നതിനുള്ള സാമഗ്രികൾ പിടിച്ചെടുത്തു. ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനാണ് ആറു ജവാൻമാർ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ട ആക്രമണം ഉണ്ടായത്. ഒരു നാട്ടുകാരനും മൂന്നു ഭീകരരുമാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.

ആറാം തീയതി പുലർച്ചെ 4.55നു ജമ്മുവിലെ സുൻജ്വാൻ ക്യാംപിനു പിന്നിലൂടെയാണു ഭീകരർ പ്രവേശിച്ചത്. എകെ 56 തോക്കുകളും ഗ്രനേഡുകളും ഉൾപ്പെടെ വൻ ആയുധശേഖരം ഇവരുടെ പക്കലുണ്ടായിരുന്നു. സൈന്യം ഉടൻ തിരിച്ചടിച്ചതോടെ ഭീകരർ ക്യാംപിനുള്ളിലെ ഒരു ക്വാർട്ടേഴ്സിൽ ഒളിച്ചു. രണ്ടു പേരെ ശനിയാഴ്ച തന്നെ വധിച്ച സൈന്യം ക്വാർട്ടേഴ്സ് വളഞ്ഞു കൂടുതൽ പേർക്കായി തിരച്ചിൽ നടത്തുകയായിരുന്നു. ആക്രമണം നടക്കുന്ന സമയം നൂറ്റിഅന്‍പതിലധികം കുടുംബങ്ങൾ ക്യാംപിലുണ്ടായിരുന്നു. ക്യാംപിൽ സ്ത്രീകളും കുട്ടികളുമുള്ളതിനാൽ വളരെ ശ്രദ്ധയോടെയായിരുന്നു സൈനിക നടപടി.