Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷോപിയാനിൽ സൈനിക ആക്രമണത്തിൽ ഭീകരനുൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു

indian-army-1 ഇന്ത്യൻ സൈന്യം (ഫയൽ ചിത്രം)

ഷോപിയാൻ∙ സൈനിക വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിനു തിരിച്ചടി നൽകവേ ഒരു ഭീകരനുൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടതായി സുരക്ഷാ എജൻസികൾ അറിയിച്ചു. തെക്കൻ കശ്മീരിലെ ഷോപിയാനിൽ ഞായർ വൈകുന്നേരം സൈന്യത്തിന്റെ മൊബൈൽ വാഹന ചെക്പോസ്റ്റിനു നേരെയുണ്ടായ ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായിരുന്നു തിരിച്ചടി. ഭീകരനുമൊത്തു യാത്ര ചെയ്തവരാണു കൊല്ലപ്പെട്ടതെന്നു സുരക്ഷാ ഏജൻസികൾ പറയുന്നു. എന്നാൽ സാധാരണക്കാരാണു കൊല്ലപ്പെട്ടതെന്നു പ്രദേശവാസികൾ ആരോപിക്കുന്നു.

പതിവു വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോകുകയായിരുന്ന കാറിൽ നിന്ന് ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നായിരുന്നു സൈന്യത്തിന്റെ പ്രത്യാക്രമണം. പൊലീസ് പരിശോധനയിലാണ് കാർ കണ്ടെത്തിയത്. മൂന്നു പേർ കൊല്ലപ്പെട്ട നിലയിലായിരുന്നു. കാറിൽ നിന്ന് ആയുധം കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ട ഭീകരൻ ഷോപിയാൻ സ്വദേശിയായ ഷാഹിദ് അഹമ്മദ് ധർ ആണെന്നു തിരിച്ചറി‍ഞ്ഞിട്ടുണ്ട്. ഭീകരനൊപ്പം മൂന്നുപേരാണു യാത്ര ചെയ്തത്. ഇവരുടെ മൃതദേഹങ്ങൾ ഒരു കാറിലും നാലാമനായ വിദ്യാർഥിയുടെ മൃതദേഹം മറ്റൊരു കാറിലുമാണു കണ്ടെത്തിയത്. രാത്രി എട്ടുമണിയോടെയാണ് ആക്രമണം നടന്നതെന്നു സുരക്ഷാ സേന അറിയിച്ചു.

അതേസമയം, വിഘടനവാദികൾ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചേക്കാമെന്നതു കണക്കിലെടുത്തു ശ്രീനഗറിൽ വിവിധ ഭാഗങ്ങളിൽ പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തെക്കൻ കശ്മീരിൽ ഇന്റർനെറ്റ്, റെയിൽ സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കി. ശ്രീനഗറിലെ കച്ചവടങ്ങളും ചന്തയുമൊന്നും പ്രവർത്തിക്കുന്നില്ല.