Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിപുരയിൽ ബിജെപി–സിപിഎം സംഘർഷം വ്യാപിക്കുന്നു; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Tripura Vandalise Lenin Statue ത്രിപുരയിലെ സിപിഎം ഓഫിസുകൾ തീയിട്ടു നശിപ്പിച്ച നിലയില്‍ (ഇടത്) ലെനിന്റെ പ്രതിമ തകർക്കുന്നു (വലത്– വിഡിയോചിത്രം)

അഗർത്തല∙ കാൽനൂറ്റാണ്ടിനു ശേഷം ഭരണമാറ്റം സംഭവിച്ച ത്രിപുരയിൽ രാഷട്രീയ സംഘർഷം വ്യാപിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സിപിഎം–ബിജെപി പ്രവർത്തകർ തമ്മിലാണു സംഘർഷം. അക്രമം വ്യാപകമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആരോപണ, പ്രത്യാരോപണങ്ങളുമായി സിപിഎം, ബിജെപി നേതാക്കൾ രംഗത്തെത്തി.

സംസ്ഥാനത്ത് ഭരണം സ്വന്തമാക്കിയതിന്റെ ഹുങ്കിൽ ബിജെപി പ്രവർത്തകരാണ് അക്രമം നടത്തുന്നതെന്നാണ് സിപിഎം വാദം. എന്നാൽ, നീണ്ടകാലത്തിനു ശേഷം ഭരണം നഷ്ടമായതിന്റെ ഞെട്ടലിൽ സിപിഎം പ്രവർത്തകരാണ് അക്രമം അഴിച്ചുവിടുന്നതെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. സ്ഥിതിഗതികൾ നിയന്ത്രണാതീതമാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ അക്രമസംഭവങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ത്രിപുര ഗവർണർ തഥാഗത റോയിക്കും ഡിജിപി എ.കെ. ശുക്ലയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നിർദേശം നൽകി.

മണിക് സർക്കാരിനെ തറപറ്റിച്ച് ബിജെപി – ഐപിഎഫ്ടി സഖ്യം വൻ വിജയം നേടിയതിനു പിന്നാലെയാണ് സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടത്. തലസ്ഥാന നഗരമായ അഗർത്തലയിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സിപിഎം ഓഫിസുകൾ ആക്രമിക്കപ്പെട്ടു. ദക്ഷിണ ത്രിപുരയിലെ ബെലോണിയയിൽ നഗരമധ്യത്തിൽ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമയും അക്രമികൾ തകർത്തു. ജെസിബി ഉപയോഗിച്ച് പ്രതിമ തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബിജെപി പ്രവർത്തകരാണ് പ്രതിമ തകർത്തതെന്നാണ് ആരോപണം. ബലോണിയയിൽ കോളജ് സ്ക്വയറിൽ അഞ്ചുവർഷം മുൻപു സ്ഥാപിച്ച പ്രതിമയാണു തിങ്കളാഴ്ച ഉച്ചയോടെ തകർക്കപ്പെട്ടത്. പ്രതിമ തകർന്നുവീണപ്പോൾ ‘ഭാരത് കി ജയ്’ എന്ന മുദ്രാവാക്യം വിളികൾ പ്രവർത്തകർ മുഴക്കുന്നുണ്ടായിരുന്നുവെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അക്രമസംഭവങ്ങൾ മൂന്നാം ദിനത്തിലേക്കു കടക്കുമ്പോൾ ഇതുവരെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. അതേസമയം, ഇന്നലെ രാത്രി മുതൽ ഇതുവരെ നാലു പരാതികൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. വെസ്റ്റ് ത്രിപുര ജില്ലയിലെ സിദ്ധൈ മേഖലയിലെ രണ്ട് സിപിഎം ഓഫിസുകൾക്കു തീവച്ചു. നോർത്ത് ത്രിപുര ജില്ലയിലെ കടംതലയിൽ സിപിഎം–ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഇതുസംബന്ധിച്ച പരാതികൾ ലഭിച്ചതായി കണ്‍ട്രോൾ എസ്പി അറിയിച്ചു.

ബിജെപി പ്രവർത്തകർ സംസ്ഥാനത്ത് ‘ഭയം വളർത്തുകയാണെന്ന്’ സിപിഎം ട്വീറ്റ് ചെയ്തു. പാർട്ടി ഓഫിസുകൾ ആക്രമിച്ച് 240 പേർക്കു പരുക്കേൽപ്പിച്ചിട്ടുണ്ട്. നേതാക്കൻമാരുടെ വീടുപോലും ആക്രമിക്കപ്പെടുന്നുവെന്നും ത്രിപുര സിപിഎം നേതാവ് ഹരിപഡ ദാസ് ആരോപിച്ചു. ‘ആകെ 1539 വീടുകൾക്കുനേരെ ആക്രമണമുണ്ടായിട്ടുണ്ട്. തീവയ്പ്പും ആക്രമണവും കൊള്ളയുമാണ് അരങ്ങേറുന്നത്’ – സിപിഎം കേന്ദ്രകമ്മിറ്റി അംഗം ബിജൻ ധർ പറഞ്ഞു.

എന്നാൽ സിപിഎം പ്രവർത്തകർ ബിജെപിക്കാരെ ആക്രമിക്കുകയാണെന്നാണു ബിജെപിയുടെ അവകാശവാദം. തങ്ങളുടെ 49 പ്രവർത്തകരെ മർദിച്ചു. ഇതിൽ 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അവർ അറിയിച്ചു.

related stories