Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാരസുന്ദരിക്കു പകരം ബ്രിട്ടനു വിട്ടു കൊടുത്ത റഷ്യൻ ഏജന്റിനും മകൾക്കും നേരെ അജ്ഞാത ‘വിഷപ്രയോഗം’

Sergei Skripal സെർജി സ്ക്രിപലിനു നേരെയുണ്ടായ വിഷപ്രയോഗത്തെത്തുടർന്ന് പൊലീസ് തിരയുന്നവരുടെ സിസിടി ദൃശ്യം (ഇടത്) സെർജി വിചാരണയ്ക്കിടെ (വലത്)

ലണ്ടൻ∙ ബ്രിട്ടണു വേണ്ടി ചാരപ്പണി ചെയ്ത മുൻ റഷ്യൻ സൈനിക ഉദ്യോഗസ്ഥനു നേരെ അജ്ഞാത ‘വിഷവസ്തു’ പ്രയോഗം. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സെർജി സ്ക്രിപൽ(66) എന്ന മുൻ റഷ്യൻ മിലിട്ടറി ഇന്റലിജന്റ്സ് ഓഫിസറുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മകൾ യുലിയ(33)യും അപകടനില തരണം ചെയ്തിട്ടില്ല.

സംഭവത്തിനു പിന്നിൽ റഷ്യൻ ഇടപെടലുണ്ടെന്നാണു സംശയം. എന്നാൽ ബ്രിട്ടണ്‍ ആവശ്യപ്പെട്ടാൽ അന്വേഷണത്തിൽ സഹകരിക്കുമെന്നു റഷ്യ വ്യക്തമാക്കി. സെർജിയും യുലിയയുമിരുന്ന ബെഞ്ചിനു സമീപത്തു കൂടെ പോകുകയായിരുന്ന ദമ്പതികളെന്നു തോന്നിപ്പിക്കുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവരുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

ബ്രിട്ടനിലെ സാലിസ്ബറിയിലെ ഷോപ്പിങ് സെന്ററിൽ റസ്റ്ററന്റിനു മുന്നിൽ വച്ചായിരുന്നു സംഭവം. യുലിയ ബോധരഹിതയായ നിലയിലായിരുന്നു. ലഹരിവസ്തു ഉപയോഗിച്ചതു പോലെ, സെർജി ആകാശത്തേക്കു നോക്കി അംഗവിക്ഷേപങ്ങൾ കാണിക്കുന്നതു കണ്ട ഒരാളാണു പൊലീസിൽ വിവരം അറിയിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല.

സംഭവം നടന്ന റസ്റ്ററന്റ് അടച്ചു. അതിനു സമീപത്തുണ്ടായിരുന്ന ആർക്കെങ്കിലും അസ്വസ്ഥ തോന്നുകയാണെങ്കിൽ വൈദ്യസഹായം തേടാനോ പൊലീസിനെ അറിയിക്കാനോ നിർദേശിച്ചിട്ടുണ്ട്. സെർജിയും മകളും ഇരുന്ന ബെഞ്ചിനു സമീപത്തുനിന്ന് ‘അജ്ഞാത’ വസ്തുവും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ സാംപിളുകൾ കൂടുതൽ പരിശോധനയ്ക്കായി ശേഖരിച്ചു. സംഭവത്തിനു പിന്നിൽ അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടോയെന്നു പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

റഷ്യൻ സൈന്യത്തിലെ മുൻ കേണലായിരുന്ന സെർജി യൂറോപ്പിൽ പലയിടങ്ങളിലായുള്ള റഷ്യയുടെ ഏജന്റുമാരുടെ വിവരങ്ങൾ ചോർത്തിക്കൊടുത്തതിനാണു പിടിയിലായത്. 1990കളിൽ ആരംഭിച്ചതാണ് ഈ ചാരപ്രവർത്തനം. 2004ൽ റഷ്യയിൽ പൊലീസ് പിടിയിലായി. യുകെയുടെ ചാരസംഘടനയായ എംഐ6ന് ഉൾപ്പെടെയായിരുന്നു വിവരങ്ങൾ ചോർത്തി നൽകിയത്. ഇതിനു പ്രതിഫലമായി ഒരു ലക്ഷം ഡോളർ കൈപ്പറ്റുകയും ചെയ്തെന്നും തെളിയിക്കപ്പെട്ടു.

വിചാരണയ്ക്കു ശേഷം 2006ൽ 13 വർഷത്തെ തടവു ശിക്ഷ വിധിച്ചു. എന്നാൽ 2010ൽ കുറ്റവാളി കൈമാറ്റ നടപടിയിലൂടെ സെർജിയെ യുഎസിനു വിട്ടുകൊടുത്തു. റഷ്യൻ നയതന്ത്രജ്ഞരിലൊരാളുടെ മകളും ചാരസുന്ദരിയെന്ന നിലയിൽ ഗ്ലാമർ പരിവേഷവും നേടിയ അന്ന ചാപ്മാൻ ഉൾപ്പെടെയുള്ളവരെ റഷ്യയ്ക്കു വിട്ടു കൊടുത്തതിനു പകരമാണ് സെർജിയെ യുഎസിനു കൈമാറിയത്. പിന്നീട് ഇദ്ദേഹം ബ്രിട്ടനിലെത്തി. ഭാര്യയും മകനും ഒപ്പം ചേർന്നെങ്കിലും ഇക്കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇരുവരും മരിച്ചു. അടുത്തിടെ ഒരു കാറപകടത്തിലാണു മകൻ കൊല്ലപ്പെട്ടത്. സെർജിയുടെ ജ്യേഷ്ഠനും അടുത്തിടെയാണു മരിച്ചത്.

ബ്രിട്ടനിൽ പുതിയ വിലാസവും പെൻഷനും ഉൾപ്പെടെ സെർജിക്ക് അനുവദിച്ചിരുന്നു. അതിനിടെയാണ് ഇപ്പോൾ ‘വിഷവസ്തു’ പ്രയോഗം ഏറ്റിരിക്കുന്നത്. മറ്റൊരു റഷ്യൻ ചാരനായ അലക്സാണ്ടൻ ലിത്വിനെകോയ്ക്കും 2006ൽ സമാനമായ സാഹചര്യത്തിൽ വിഷപ്രയോഗം ഏറ്റിരുന്നു. റഷ്യയുടെ പിടിയില്‍നിന്നു രക്ഷപ്പെട്ടു ബ്രിട്ടനിൽ അഭയം പ്രാപിച്ച അദ്ദേഹം വിഷ രാസവസ്തുവായ ‘പോളോണിയം’ പ്രയോഗത്തെത്തുടർന്ന് കൊല്ലപ്പെടുകയായിരുന്നു. ഇതിനു പിന്നിൽ റഷ്യയാണെന്നാണ് ആരോപണം.

related stories