Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടതിയുടെ നിലപാട് തനിക്കറിയില്ല: മുഖ്യമന്ത്രി; സിബിഐയെ കാട്ടി വിരട്ടേണ്ട: ജയരാജൻ

Pinarayi-Jayarajan

തിരുവനന്തപുരം∙ ഷുഹൈബ് വധക്കേസ് സിബിഐയെ ഏൽപ്പിച്ച ഹൈക്കോടതി തീരുമാനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും രംഗത്ത്. ഷുഹൈബ് വധക്കേസില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സര്‍ക്കാര്‍ നിലപാടു കൃത്യമായ ബോധ്യത്തോടെയാണ്. കോടതിക്കു കോടതിയുടേതായ നിലപാടുണ്ടാകാം. തനിക്കതറിയില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

അതേസമയം, സിബിഐയെ കാട്ടി സിപിഎമ്മിനെ വിരട്ടേണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ എന്നിവർ വ്യക്തമാക്കി. ഷുഹൈബ് കേസ് സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു കോടിയേരി പറഞ്ഞു. കേസില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍നിന്നു പരാമര്‍ശമുണ്ടായിട്ടുണ്ട്. വിധി പഠിച്ചു മേല്‍ക്കോടതിയെ സമീപിക്കണോ എന്നു സര്‍ക്കാര്‍ പരിശോധിക്കണം. സിബിഐ അന്വേഷണം പറഞ്ഞു കേസ് രാഷ്ട്രീയവല്‍ക്കരിക്കാനാണു കോണ്‍ഗ്രസ് ശ്രമമെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.

ഷുഹൈബ് കൊലപാതകത്തിൽ സിപിഎമ്മിനു യാതൊന്നും മറച്ചുവയ്ക്കാനില്ലെന്നും ജയരാജൻ വ്യക്തമാക്കി. സിപിഎമ്മിനെ അടിച്ചമർത്താൻ മുൻപു പലരും ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും ചിലർ ശ്രമിക്കുന്നുണ്ട്. ആര്‍എസ്എസും കോണ്‍ഗ്രസും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടാണ് ഇതിനുപിന്നില്‍. ഗൂഢാലോചനയടക്കം കേരള പൊലീസ് ശരിയായ ദിശയിലാണ് അന്വേഷിച്ചതെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.

അന്വേഷണം സിബിഐയ്ക്കു വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിയെ സിപിഎം സ്വാഗതം ചെയ്യുന്നു. ഫെബ്രുവരി 12നു കൊലപാതകം നടന്ന അന്നുതന്നെ ഇതിൽ സിപിഎമ്മിനു പങ്കില്ലെന്നു വ്യക്തമാക്കിയിട്ടുള്ളതാണ്. മാത്രമല്ല, വധത്തെ അപലപിക്കുകയും ചെയ്തു. സിബിഐയെ കാണിച്ചു സിപിഎമ്മിനെ വിരട്ടാമെന്നു വലതുപക്ഷ രാഷ്ട്രീയ സംഘടനകളും അവർക്ക് ഓശാന പാടുന്ന മാധ്യമങ്ങളും വിചാരിക്കേണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

വലതുപക്ഷ മാധ്യമങ്ങൾ പ്രോത്സാഹിപ്പിച്ചിട്ടാണു ത്രിപുരയിൽ ഗർഭിണിയെ അടക്കം കൊലപ്പെടുത്തുന്ന സ്ഥിതിവിശേഷമുണ്ടായത്. വലതുപക്ഷ മാധ്യമങ്ങളാണ് ഇതിനെല്ലാം പ്രോത്സാഹനം നൽകുന്നത്. ഇന്ത്യയിൽനിന്നു കമ്യൂണിസത്തെ തുടച്ചുനീക്കാനുള്ള സാമ്രാജ്യത്വത്തിന്റെ പദ്ധതിയാണ് ആർഎസ്എസ് നടപ്പിലാക്കുന്നത്. ഇതിനൊപ്പമാണ് ഇപ്പോൾ കോൺഗ്രസും ചേർന്നിരിക്കുന്നത്. ചുവപ്പു ഭീകരത എന്ന ആർഎസ്എസ് മുദ്രാവാക്യം ഇപ്പോൾ കോൺഗ്രസും ഏറ്റെടുത്തിരിക്കുകയാണ്. ബിജെപിയും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണിത്.

ആരാണു യഥാർഥത്തിൽ കൊലപാതകത്തിൽ പങ്കെടുത്തത് എന്ന് അന്വേഷിച്ചുകണ്ടെത്തി നടപടി എടുക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചു കേരള പൊലീസ് കൃത്യമായ അന്വേഷണമാണു നടത്തിക്കൊണ്ടിരുന്നത്. അതിനകത്തു ഗൂഢാലോചനയുടെ കാര്യമടക്കം ഉൾപ്പെടുത്തിയാണ് അന്വേഷണം മുന്നോട്ടു പോയത്.

ഇതിനിടെയാണു ഹൈക്കോടതിയിൽ ഹർജി വന്നതും അന്വേഷണം സിബിഐയെ ഏൽപ്പിച്ചതും. ഹർജിയുമായി ബന്ധപ്പെട്ടു സർക്കാരിന്റെ വാദം കോടതി കേട്ടോ എന്നു സർക്കാരാണു വ്യക്തമാക്കേണ്ടത്. കേസിലെ പ്രതികൾ ഡമ്മി പ്രതികളാണെന്ന് ആദ്യം ആരോപിച്ചത് കോൺഗ്രസാണ്. പിന്നീടു ദൃക്സാക്ഷി മൊഴിയനുസരിച്ചു പിടിയിലായവർ തന്നെയാണു യഥാർഥ പ്രതികളെന്നു കോണ്‍ഗ്രസ്സുകാർ നിലപാടു മാറ്റി. സിപിഎമ്മിന് ഒരു കാര്യത്തിലും നിലപാടു മാറ്റമില്ലെന്നും ജയരാജൻ പറഞ്ഞു.