Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടനിൽ മലയാളികള്‍ മരിച്ച വാഹനാപക‌‌ടം: ട്രക്ക് ഡ്രൈവര്‍ കുറ്റക്കാരനെന്ന് കോ‌ടതി

Crime Scene ബ്രിട്ടനിലെ മോ‌ട്ടോര്‍വേയിലുണ്ടായ വാഹനാപകടം. (ഫയൽ ചിത്രം)

ലണ്ടൻ∙ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ എ‌ട്ടു പേരുടെ മരണത്തിനി‌ടയായ ബ്രിട്ടനിലെ മോ‌ട്ടോര്‍വേ ദുരന്തത്തില്‍ ഉള്‍പ്പെട്ട ട്രക്കുകളുടെ ഡ്രൈവര്‍മാരില്‍ ഒരാള്‍ കുറ്റക്കാരനെന്നു കോ‌ടതി. രണ്ടാമത്തെ ട്രക്ക് ഡ്രൈവറുടെ വിചാരണാ നടപ‌ടികള്‍ റെഡ്ഡിങ്ങിലെ ക്രൗണ്‍ കോര്‍ട്ടില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 25ന് വെള്ളിയാഴ്ച രാത്രിയായിരുന്നു  ബ്രിട്ടനിലെ എം-1 മോട്ടോർവേയിൽ മിനിവാനും ട്രക്കുകളും കൂട്ടിയിടിച്ചു വന്‍ദുരന്തം ഉണ്ടായത്.

അപകടത്തിൽപെട്ട ട്രക്ക് ഡ്രൈവർമാരിൽ ഒരാൾ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് അന്നുതന്നെ കണ്ടെത്തിയിരുന്നു. പൊളിഷുകാരനായ ഈ ഡ്രൈവർ‌ കുറ്റക്കാരനാണെന്നാണു കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. റിസാര്‍ഡ് മസേറാക് (31) എന്ന ഈ യുവാവ് അമിതമായി മദ്യപിച്ചിരുന്നതായും നിയമവിരുദ്ധമായി അപകടകരമാംവിധം ട്രക്ക് മോട്ടോര്‍വേയുടെ സൈഡ്‌ലൈനില്‍ നിര്‍ത്തിയതായും കോ‌ടതിക്കു ബോധ്യമായി. രണ്ടാമത്തെ ട്രക്കിന്റെ ഡ്രൈവറായ ഡേവിഡ് വാഗ്സ്റ്റാഫിന്റെ (54) വിചാരണാ നടപടികള്‍ തുടരുകയാണ്. 

ബ്രിട്ടനിലെ നോട്ടിങ്ങാമില്‍ താമസക്കാരായിരുന്ന ചേർപ്പുങ്കൽ സ്വദേശി കടുക്കുന്നേൽ സിറിയക് ജോസഫ് (ബെന്നി-51), വിപ്രോ കമ്പനിയിലെ എൻജിനീയറായിരുന്ന ചിങ്ങവനം ചാന്ദാനിക്കാട് ഇരുമ്പപ്പുഴ സ്വദേശി ഋഷി രാജീവ്കുമാർ (28) എന്നിവരുള്‍പ്പെ‌ടെ എ‌ട്ട് ഇന്ത്യക്കാരാണു അപകടത്തിൽ മരിച്ചത്. കാല്‍ നൂറ്റാണ്ടിനിടയിലെ ബ്രിട്ടനിലെ ഏറ്റവും വലിയ റോഡപകടമായിരുന്നു ഇത്. ബെന്നിയുടെ ഉടമസ്ഥതയിലുള്ള എബിസി ട്രാവൽസ് എന്ന മിനിവാനാണ് അപകടത്തിൽപെട്ടത്. ഉടമയായ ബെന്നിതന്നെയാണു വാൻ ഓടിച്ചിരുന്നത്.

യൂറോപ്പ് പര്യടനത്തിനായി പുറപ്പെട്ട നാലു വിപ്രോ കമ്പനി ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും നോട്ടിങ്ങാമിൽനിന്നു ലണ്ടനിലെ വെംബ്ലിയിലുള്ള ടൂർ കമ്പനിയിലെത്തിക്കാനായി പോകുമ്പോഴായിരുന്നു മിൽട്ടൺ കെയിൽസിനു സമീപം പുലർച്ചെ 3.15ന് എം-1 മോട്ടോര്‍വേയില്‍ വാൻ അപകടത്തിൽ പെട്ടത്. മോട്ടോര്‍ വേയുടെ സൈഡ്‍ലൈനില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കാതെ വാന്‍ പെട്ടെന്നു വെട്ടിച്ചു മാറ്റിയപ്പോള്‍ പിന്നാലെ വന്ന ‌ട്രക്ക് വാനിലേക്കു പാഞ്ഞുകയറുകയായിരുന്നു. മരിച്ച എ‌ട്ടുപേരെ കൂടാതെ വാഹനത്തിലുണ്ടായിരുന്ന നാലുപേര്‍ക്കും ഗുരുതരമായി പരുക്കേറ്റു.

related stories