Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിഎംആർസിയുടെ പിന്മാറ്റം കരാര്‍ കാലാവധി കഴിഞ്ഞതുകൊണ്ട്: മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം∙ ൈലറ്റ് മെട്രോ വിഷയത്തിൽ മുഖ്യമന്ത്രി സഭയിൽ പ്രതികരിച്ചു. ഡിഎംആർസിയുടെ പിന്മാറ്റം കരാര്‍ കാലാവധി കഴിഞ്ഞതുകൊണ്ടാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സാമ്പത്തികനില പരിഗണിച്ചേ ലൈറ്റ് മെട്രോ നടപ്പാക്കാനാവൂയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി.എസ്. ശിവകുമാര്‍ എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിനു മുഖ്യമന്ത്രിയുടെ മറുപടി

കൊച്ചി മെട്രോയുടെ മാതൃകയില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതിനു തീരുമാനിച്ചിരുന്നു. ഡിഎംആര്‍സി തയാറാക്കിയ പദ്ധതി രേഖ സര്‍ക്കാര്‍ അംഗീകരിക്കുകയും ഭരണാനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനായി കേന്ദ്രസര്‍ക്കാരിനു വിശദമായ പദ്ധതിരേഖയും സമഗ്ര ഗതാഗത പദ്ധതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.

തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാരംഭ നടപടികളുടെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ സ്ഥലങ്ങളില്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിനും അതിനാവശ്യമായ സ്ഥലമെടുപ്പിനും 272 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. കഴക്കൂട്ടം - കേശവദാസപുരം പാത വികസനത്തിനും സ്ഥലമെടുപ്പിനും സര്‍ക്കാര്‍ ഭരണാനുമതി നല്‍കി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

13.33 കി.മീ ദൈര്‍ഘ്യമുള്ള കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്ക് 8.2819 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി ഡിപ്പോ/യാര്‍ഡ് നിര്‍മാണത്തിനായി അനുവദിച്ചിട്ടുണ്ട്.

എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ പുതിയ മെട്രോ നയത്തിന് അനുസൃതമായി പദ്ധതിയില്‍ മാറ്റങ്ങള്‍ ആവശ്യമായി വന്നു. ഡിഎംആര്‍സി തയാറാക്കിയ അനുബന്ധരേഖ പരിശോധിക്കാന്‍ ധനകാര്യവകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ പരിശോധനയ്ക്കുശേഷം സര്‍ക്കാരിന്റെ അംഗീകാരത്തോടെ ആയതു കേന്ദ്രാനുമതിക്കായി സമര്‍പ്പിക്കുന്നതാണ്.

വി. ജോയിയുടെ സബ്മിഷനു മുഖ്യമന്ത്രിയുടെ മറുപടി

പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിലൂടെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന ബഹുമാനപ്പെട്ട അംഗത്തിന്റെ അഭിപ്രായം ഏറെ പ്രസക്തമാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളില്‍ റോഡപകടങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് 19.6 കോടി രൂപയ്ക്കുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. 

നിലവില്‍ പ്രധാന നിരത്തുകളിലെ 439 ഇടങ്ങളില്‍ 1,004 ക്യാമറകള്‍ പൊലീസ് സ്ഥാപിച്ചിട്ടുണ്ട്.

അതോടൊപ്പം, വ്യാപാരി വ്യവസായികളുടെ സഹകരണത്തോടെ വ്യാപാരസ്ഥാപനങ്ങളും ബാങ്ക്, എടിഎം, പെട്രോള്‍ പമ്പ്, ജ്വല്ലറി എന്നിവിടങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 

സംസ്ഥാനത്തു വര്‍ധിച്ചുവരുന്ന റോഡപകടങ്ങളും അപകട മരണങ്ങളും കുറയ്ക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റം നടപ്പിലാക്കാനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഈ സംവിധാനം നിലവില്‍ വരുമ്പോള്‍ ഗതാഗത നിയമലംഘനങ്ങളോടൊപ്പം മറ്റു കുറ്റകൃത്യങ്ങളും ഫലപ്രദമായി തടയാന്‍ കഴിയും.

എം. സ്വരാജിന്റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

ആധുനിക കാലഘട്ടത്തില്‍ വളര്‍ന്നുവന്ന ഒരു തൊഴില്‍ മേഖലയാണ് വിവര സാങ്കേതിക മേഖല. ഈ മേഖലയില്‍ മത്സരം വളരെ കൂടുതലാണ്. ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന കമ്പനികളിലെ സേവന - വേതന വ്യവസ്ഥകള്‍ അതതു കമ്പനികളുടെ പോളിസികള്‍ അനുസരിച്ചാണു നിലവിലുള്ളത്.  ഐടി മേഖലയിലെ സ്ഥാപനങ്ങളെ കേരള ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലുംപ്രസ്തുത നിയമത്തിലെ ചില വ്യവസ്ഥകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഉദാഹരണമായി, ഈ സ്ഥാപനങ്ങള്‍ക്ക് ഷിഫ്റ്റ് സമ്പ്രദായത്തിലും ‘ഫ്ലെക്സി ടൈം’ വ്യവസ്ഥയിലും പ്രവര്‍ത്തിക്കുന്നതിന് അനുമതിയുണ്ട്.

അനുദിനം വികസിച്ചുവരുന്ന പ്രത്യേക തൊഴില്‍മേഖല എന്നതു കണക്കിലെടുത്തുകൊണ്ടുള്ള തൊഴില്‍ നിയമങ്ങള്‍ ഈ മേഖലയില്‍ രൂപപ്പെടുത്തേണ്ടിവരും. മത്സരകാഠിന്യം ഇതിനെ അസ്ഥിരമായ തൊഴില്‍മേഖലയാക്കി മാറ്റുന്നു എന്ന പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്. ഏതു സമയത്തും പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നവരാണ് ഈ ജീവനക്കാര്‍. എട്ടു മണിക്കൂര്‍ ജോലി, അവധി ദിനങ്ങള്‍, ലീവ്, ഓവര്‍ടൈം ജോലികള്‍ക്കു പ്രത്യേക അലവന്‍സ് എന്നിവയൊന്നും ഇവര്‍ക്കു പൊതുവെ ലഭിക്കുന്നില്ല. സ്ത്രീ ജീവനക്കാര്‍ക്ക് ന്യായമായും ലഭിക്കേണ്ട പ്രസവാവധി പോലും ലഭിക്കാത്ത സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം രൂപപ്പെടുത്തിയില്ലെങ്കില്‍ അവ വളരെ പെട്ടെന്നു സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പുറത്തേക്കു പോകുന്ന സാഹചര്യവും ഉണ്ടാകും. അതിനാല്‍, ഐക്യരാഷ്ട്രസംഘടനയുടെ മേല്‍നോട്ടത്തില്‍ ഐഎൽഒ പോലുള്ള സംഘടനകളുടെ സഹായത്തോടെ ലോകമെങ്ങും അംഗീകാരം നേടാന്‍ കഴിയുന്ന തൊഴില്‍ നിയമങ്ങള്‍ രൂപപ്പെട്ടാല്‍ മാത്രമേ വലിയ നിലയില്‍ പരിഹാരമുണ്ടാക്കാനാവൂ. എങ്കിലും നമ്മുടെ സാധ്യതകള്‍ ഉപയോഗിച്ച് ഈ രംഗത്തെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെടുന്നുണ്ട്.

ഐടി പാര്‍ക്കുകളും കമ്പനികളും തമ്മിലുള്ള കരാറുടമ്പടികളില്‍ നിയമാനുസൃത നിയന്ത്രണങ്ങള്‍, സേവന - വേതന വ്യവസ്ഥകള്‍ എന്നിവ കമ്പനികള്‍ പാലിക്കണമെന്നു കര്‍ശനമായി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇതില്‍ വീഴ്ച വരുത്തിയാല്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുന്നതുമാണ്. ഈ മേഖലയിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികളില്‍ പരിഹാരം കാണുന്നതിനായി ഒരു കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ ജീവനക്കാരുടെ പ്രാതിനിധ്യം സംബന്ധിച്ച കാര്യം പ്രത്യേകം പരിശോധിക്കുന്നതാണ്.

സി.കെ. ആശ എംഎൽഎ ഉന്നയിച്ച സബ്മിഷനു വിദ്യാഭ്യാസ വകുപ്പ് മന്ത്രി നല്‍കിയ മറുപടി

5.4.2017ലെയും 24.5.2017ലെയും സർക്കാർ ഉത്തരവുകൾ പ്രകാരം വൈക്കം നിയോജകമണ്ഡലത്തിലെ മുൻ എംഎൽഎ കെ. അജിത്തിന്റെ 2015-16 വർഷത്തെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി പ്രസ്തുത നിയോജകമണ്ഡലത്തിലെ 10 സ്കൂളുകൾക്കു സ്കൂൾ ബസ് വാങ്ങുന്നതിന് 100 ലക്ഷം രൂപ അനുവദിച്ചു ഭരണാനുമതി നല്കിയിരുന്നു. മേൽ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ കോട്ടയം പൊതുമരാമത്ത് എക്സി. എഞ്ചിനീയർ 15.7.2017ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഫണ്ട് കൈമാറുകയും തുടർന്ന് 18.7.2017 ലെ ഉത്തരവ് പ്രകാരം പ്രസ്തുത ഫണ്ട് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് തുടർ നടപടികൾക്കായി കൈമാറുകയും ചെയ്തിരുന്നു.

ഭരണാനുമതി ഉത്തരവിൽ സ്റ്റോർ പർച്ചേസ് നിയമങ്ങൾ പാലിക്കണമെന്നു നിഷ്കർഷിച്ചിരുന്നു. അതനുസരിച്ച് 15.09.2017ലും 20.10.2017ലും ഇ-ടെണ്ടറുകൾ നടത്തിയെങ്കിലും യഥാക്രമം ഒന്നും രണ്ടും ടെണ്ടറുകളാണു ലഭിച്ചത്. ഇ-ടെണ്ടറിനു ചുരുങ്ങിയത് മൂന്ന് ടെണ്ടറുകളെങ്കിലും ലഭിച്ചിരിക്കണമെന്നു വ്യവസ്ഥ ഉണ്ട്. മാത്രവുമല്ല, പങ്കെടുത്ത രണ്ടു കമ്പനികളും ഭരണാനുമതി ഉത്തരവിനെക്കാൾ കൂടിയ തുകയാണു രേഖപ്പെടുത്തിയിരുന്നത്. കൂടാതെ തങ്ങളെ പരിഗണിച്ചില്ലെന്നു കാണിച്ച് എവിജി. മോട്ടോഴ്സ് പരാതി നല്കുകയും പ്രസ്തുത പരാതി പരിശോധിച്ചപ്പോൾ പ്രസ്തുത കമ്പനി ഓൺലൈനിൽ പങ്കെടുത്തിട്ടില്ലെന്നു കണ്ടെത്തിയിരുന്നു. ഇക്കാരണങ്ങളാലാണ് തുടർ നടപടികൾ വേഗത്തിലാക്കാൻ സാധിക്കാതിരുന്നത്.

ഇനിയും ഇക്കാര്യത്തിൽ ഒരു തവണ കൂടി ഇ-ടെണ്ടർ നടപടി സ്വീകരിക്കാനാവുമോ എന്ന കാര്യം പരിശോധിച്ച് അതനുസരിച്ചുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.

കെ.ബാബു എംഎൽഎ ഉന്നയിച്ച സബ്മിഷനു വിദ്യാഭ്യാസ വകുപ്പ് മന്ത്രി നല്‍കിയ മറുപടി

പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ 1966 മുതൽ പ്രവർത്തിച്ചു വരുന്ന എയ്ഡഡ് സ്കൂളായ നെല്ലിയാമ്പതി പോളച്ചിറക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ 2017-18 വർഷത്തിൽ ഹൈസ്കൂളിൽ 223 വിദ്യാർഥികളും ഹയർസെക്കൻഡറിയിൽ 91 വിദ്യാർഥികളും പഠിക്കുന്നുണ്ട്. 30 അധ്യാപകരും നാല് അനദ്ധ്യാപകരും ജോലി ചെയ്യുന്നുണ്ട്. പ്രസ്തുത സ്കൂളിന്റെ മാനേജരുടെ നിസ്സംഗത മൂലം സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി ചെയ്യാത്ത സാഹചര്യത്തിൽ അവ ഇടിഞ്ഞു വീഴാറായ അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ സ്കൂളിന്റെ പ്രവർത്തനം ഗ്രാമ പഞ്ചായത്തിന്റെ കെട്ടിടത്തിലേക്കു മാറ്റുകയും നിലവിൽ അവിടെ പ്രവർത്തിച്ചുവരുകയും ചെയ്യുന്നു. ഇതിനെതിരെ സ്കൂൾ മാനേജർ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കുകയുണ്ടായി.

സ്കൂളിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി വിദ്യാർഥികൾക്കു വേണ്ടി പിടിഎ പ്രസിഡന്റ് മുഖ്യമന്ത്രിക്കു പരാതി സമർപ്പിക്കുകയുണ്ടായി. സർക്കാർ ഇക്കാര്യ പരിശോധിക്കുകയും സ്കൂൾ മാനേജർ ഫയൽ ചെയ്ത റിട്ട് ഹർജിയിന്മേലുള്ള വിധിന്യായത്തിനു വിധേയമായി, പോളച്ചിറക്കൽ ഹയർ സെക്കന്ററി സ്കൂൾ അധ്യയനം നടത്താനായി എത്രയും പെട്ടെന്നു തന്നെ കേരള വിദ്യാഭ്യാസ ചട്ടത്തിൽ നിഷ്കർഷിച്ചിട്ടുള്ള അളവനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളുള്ള കെട്ടിടത്തിലേക്കു താല്ക്കാലികമായി മാറ്റുവാനും പ്രസ്തുത സ്കൂളിന്റെ അറ്റകുറ്റപ്പണികൾ എത്രയും പെട്ടെന്നു നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കി അധ്യയനം ടി സ്കൂൾ കെട്ടിടത്തിൽ തന്നെ പുനഃസ്ഥാപിക്കുവാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ സ്കൂൾ മാനേജർക്കു നിർദ്ദേശം നല്കുന്നതിനും പൊതു വിദ്യാഭ്യാസ ഡയറക്ടറെ 3/3/2018 ലെ സർക്കാർ കത്തു പ്രകാരം ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സ്കൂൾ ഏറ്റെടുക്കുന്ന കാര്യം ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലില്ല. പൊതുജനപങ്കാളിത്തത്തോടെയും സ്കൂൾ മാനേജർ, വിദ്യാഭ്യാസ അധികാരികൾ, പിടിഎ എന്നിവരുടെ ഏകോപനത്തോടെയും സ്കൂളിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാവുന്നതാണ്.

related stories