Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ദ്രൻസ് മികച്ച നടൻ, പാർവതി നടി, ലിജോ ജോസ് പെല്ലിശേരി സംവിധായകൻ

State Film Awards

തിരുവനന്തപുരം∙ 2017ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മന്ത്രി എ.കെ. ബാലനാണ് തിരുവനന്തപുരത്ത് ചലച്ചിത്ര പുരസ്കാരം പ്രഖ്യാപനം നടത്തിയത്. ഇന്ദ്രൻസാണ് പോയ വർഷത്തെ മികച്ച നടൻ. ‘ആളൊരുക്കം’ എന്ന ചിത്രത്തിലെ പ്രകടനമാണ് ഇന്ദ്രൻസിന് പുരസ്കാരം നേടിക്കൊടുത്തത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാർവതി മികച്ച നടിയായി. ഈ.മ.യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശേരിയാണ് മികച്ചസംവിധായകൻ.

ചലച്ചിത്ര പുരസ്കാരങ്ങൾ – സമഗ്ര കവറേജ്

രാഹുൽ റിജി നായർ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചമാണ് മികച്ച കഥാചിത്രം. സഞ്ജു സുരേന്ദ്രന്റെ ഏ‍ദൻ രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ടി.വി. ചന്ദ്രൻ അധ്യക്ഷനായ ജൂറിയാണ്‌ അവാർഡ്‌ നിർണയിച്ചത്‌. സംവിധായകരായ ഡോ.ബിജു, മനോജ് കാന, സൗണ്ട് എൻജിനിയർ വിവേക് ആനന്ദ്, ക്യാമറാമാൻ സന്തോഷ് തുണ്ടിയിൽ, സംഗീത സംവിധായകൻ ജെറി അമൽദേവ്, തിരക്കഥാകൃത്ത് ചെറിയാൻ കൽപകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ. എം. രാജീവ്കുമാർ, നടി ജലജ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും ജൂറിയിൽ മെംബർ സെക്രട്ടറിയായി.

‌പരിഗണിച്ചത് 110 ചിത്രങ്ങൾ

ആറു കുട്ടികളുടെ ചിത്രങ്ങൾ ഉൾപ്പെടെ 110 സിനിമകളാണ് അവാർഡ് കമ്മിറ്റിയുടെ മുൻപാകെ എത്തിയത്. ഇതിൽ 58 ചിത്രങ്ങൾ പുതുമുഖ സംവിധായകരുടേതായിരുന്നു. ഒരു ചിത്രം മാത്രമായിരുന്നു സ്ത്രീ സംവിധായികയുടേതായി എത്തിയത്. 110 ചിത്രങ്ങൾ പരിഗണിച്ചെങ്കിലും പൊതുവേ ചിത്രങ്ങളുടെ നിലവാരം ശുഭോദർക്കമായിരുന്നില്ലെന്ന് ജൂറി വിലയിരുത്തി. ചിത്രങ്ങളിൽ ഏറിയ പങ്കും സിനിമയെന്ന മാധ്യമത്തെ ഗൗരവമായി കണക്കാക്കാതെ സൃഷ്ടിക്കപ്പെട്ടവയായിരുന്നുവെന്നും വിധി നിർണയ സമിതി വിലയിരുത്തി. ഇത്തവണത്തെ പുരസ്കാര ജേതാക്കളിൽ 78 ശതമാനവും ആദ്യമായി സംസ്ഥാന പുരസ്കാരം നേടുന്നവരാണ്. 37 ൽ 28 പുരസ്കാരങ്ങൾ ഇത്തരത്തിൽ പുതുമുഖങ്ങൾക്കു ലഭിച്ചു.

താന്‍ തുടങ്ങിയേ ഉള്ളൂവെന്ന് ഇന്ദ്രന്‍സ്

മികച്ച നടിക്കുള്ള പുരസ്കാരം അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് നടി പാര്‍വതി. രാജേഷ് പിള്ളയുടെ ഓര്‍മയിലാണ് മഹേഷ് നാരായണന്‍റെ ടേക്ക് ഓഫ് ഒരുങ്ങിയത്. കൂടുതല്‍ ഉത്തരവാദിത്തവും ഉല്‍സാഹവും തോന്നുന്നുവെന്നായിരുന്നു മികച്ച നടനായി തിരഞ്ഞെടുത്ത ഇന്ദ്രന്‍സിന്‍റെ പ്രതികരണം. അവാര്‍ഡ് വൈകിയോ എന്ന ചോദ്യത്തിന് താന്‍ തുടങ്ങിയിട്ടേയുള്ളൂ എന്നായിരുന്നു താരത്തിന്‍റെ മറുപടി. ഞാൻ സ്വപ്നം കാണുന്നത് നസ്റുദ്ദീന്‍ ഷായെ പോലുള്ളവരുടെ കഥാപാത്രങ്ങളാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലയാളസിനിമയുടെ നല്ലകാലം തിരിച്ചുവരുന്നതിന്റെ സൂചനയാണ് ഇത്തവണത്തെ പുരസ്കാര നിർണയമെന്ന് അലന്‍സിയര്‍ പ്രതികരിച്ചു.

നടീനടൻമാർതന്നെ ഡബ്ബ് ചെയ്യണമെന്ന് മന്ത്രി

മികച്ച നടനോ നടിയോ സഹനടനോ ഒക്കെ ആവാൻ ഇനി സിനിമയിൽ സ്വന്തം ശബ്ദം തന്നെ നൽകണം. ചലചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി എ.കെ. ബാലൻ അറിയിച്ചതാണിത്. ജൂറിയുടെ നിർദേശങ്ങളിലാണ് ഇത്തരത്തിലൊരാവശ്യം ഉയർന്നിട്ടുള്ളത്. അവാർഡിനെത്തുന്ന ചിത്രങ്ങളുടെ എണ്ണത്തിലുള്ള വർധന പരിഗണിച്ച് ജൂറി അംഗങ്ങളുടെ എണ്ണം ചെയർമാൻ ഉൾപ്പടെ 12 ആയി ഉയർത്തണം. ഇവർ മൂന്നു കമ്മറ്റികളായി തിരിഞ്ഞ് ചിത്രങ്ങൾ കാണുകയും തിരഞ്ഞെടുത്ത ചിത്രങ്ങൾ ഒരുമിച്ചു കണ്ട് അന്തിമ വിധി തീരുമാനിക്കുകയും വേണം. ബെസ്റ്റ് വിഷ്വൽ ഇഫക്ട് എന്ന പേരിൽ പുതിയൊരു അവാർഡ് ഏർപ്പെടുത്തേണ്ടതാണ്. ആർട് ഡയറക്ടർ ഇനി പ്രൊഡക്ഷൻ ഡിസൈനർ എന്ന് പേരുമാറ്റണം. സിനിമയിൽ സ്ത്രീ പ്രാതിനിധ്യം ഉയർത്തുന്നതിനും ജൂറി നിർദേശമുണ്ട്.

സംസ്ഥാന പുരസ്കാരങ്ങളുടെ സമ്പൂർണ പട്ടിക

1. മികച്ച കഥാചിത്രം – രാഹുൽ റിജി നായരുടെ സംവിധാനത്തിൽ രാഹുൽ ആർ നായർ നിർമിച്ച ‘ഒറ്റമുറി വെളിച്ചം’(നിർമാതാവിനും സംവിധായകനും രണ്ടു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും വീതം)

2. മികച്ച രണ്ടാമത്തെ കഥാചിത്രം – സഞ്ജു സുരേന്ദ്രന്റെ സംവിധാനത്തിൽ മുരളിമാട്ടുമ്മൽ നിർമിച്ച ‘ഏദൻ’ (നിർമാതാവിനും സംവിധായകനും ഒന്നര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും വീതം)

3. മികച്ച സംവിധായകൻ – ‘ഇ.മ.യൗ’ എന്ന ചിത്രത്തിന്റെ സംവിധാനത്തിന് ലിജോ ജോസ് പെല്ലിശ്ശേരി (രണ്ടു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

4. മികച്ച നടൻ – ‘ആളൊരുക്കം’ എന്ന ചിത്രത്തിലൂടെ ഇന്ദ്രൻസ് (ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)
5. മികച്ച നടി – ‘ടേക് ഓഫ്’ എന്ന ചിത്രത്തിലൂടെ പാർവതി (ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

6. മികച്ച സ്വഭാവ നടൻ – ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ അലൻസിയർ ലേ ലോപ്പസ് (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)
7. മികച്ച സ്വഭാവ നടി – ‘ഇ.മ.യൗ’, ‘ഒറ്റമുറിവെളിച്ചം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പോളിവൽസൻ (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)
8. മികച്ച ബാലതാരം(ആൺ) – ‘സ്വനം’ എന്ന ചിത്രത്തിലൂടെ മാസ്റ്റർ അഭിനന്ദ് (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)
9. മികച്ച ബാലതാരം(പെൺ) – ‘രക്ഷാധികാരി ബൈജു ഒപ്പ’ എന്ന ചിത്രത്തിലൂടെ നക്ഷത്ര (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

10. മികച്ച കഥാകൃത്ത് – ‘കിണർ’ എന്ന ചിത്രത്തിന് എം.എ.നിഷാദ് (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)
11. മികച്ച ക്യാമറമാൻ – ‘ഏദൻ’ എന്ന ചിത്രത്തിലൂടെ മനേഷ് മാധവൻ (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)
12. മികച്ച തിരക്കഥാകൃത്ത് – ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ സജീവ് പാഴൂർ (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

13. മികച്ച തിരക്കഥ(അഡാപ്റ്റേഷൻ) – ‘ഏദൻ’ എന്ന ചിത്രത്തിലൂടെ എസ് ഹരീഷും, സഞ്ജു സുരേന്ദ്രനും പങ്കിട്ടു (കാൽ ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും വീതം)
14. മികച്ച ഗാനരചയിതാവ് – ‘ക്ലിന്റ്’ എന്ന ചിത്രത്തിലെ ‘‘ഓളത്തിൻ മേളത്താൽ...’’ എന്ന ഗാനത്തിലൂടെ പ്രഭാവർമ(അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)
15. മികച്ച സംഗീത സംവിധായകൻ – ‘ഭയാനകം’ എന്ന ചിത്രത്തിലൂടെ എം.കെ.അർജുനൻ (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

16. മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം) – ‘ടേക് ഓഫ്’ എന്ന ചിത്രത്തിലൂടെ ഗോപി സുന്ദർ (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)
17. മികച്ച പിന്നണി ഗായകൻ – ‘മായാനദി’ എന്ന ചിത്രത്തിലെ ‘‘മിഴിയിൽ നിന്നും...’’ എന്ന ഗാനത്തിലൂടെ ഷഹബാസ് അമൻ (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)
18. മികച്ച പിന്നണി ഗായിക – ‘വിമാനം’ എന് ചിത്രത്തിലെ ‘‘വാനമകലുന്നുവോ...’’ എന്ന ഗാനത്തിലൂടെ സിത്താര കൃഷ്ണകുമാർ (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

19. മികച്ച ചിത്ര സംയോജകൻ – ‘ഒറ്റമുറിവെളിച്ചം’, ‘വീരം’ എന്നീ ചിത്രങ്ങളിലൂടെ അപ്പു ഭട്ടതിരി (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)
20. മികച്ച കലാസംവിധായകൻ – ‘ടേക് ഓഫ്’ എന്ന ചിത്രത്തിലൂടെ സന്തോഷ് രാമൻ (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)
21. മികച്ച സിങ്ക് സൗണ്ട് – ‘രക്ഷാധികാരി ബൈജു ഒപ്പ്’ എന്ന ചിത്രത്തിലൂടെ സ്മിജിത്ത് കുമാർ പി.ബി. (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

22. മികച്ച ശബ്ദമിശ്രണം – ‘ഏദൻ’ എന്ന ചിത്രത്തിലൂടെ പ്രമോദ് തോമസ് (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)
23. മികച്ച ശബ്ദ ഡിസൈൻ – ‘ഇ.മ.യൗ’ എന്ന ചിത്രത്തിലൂടെ രംഗനാഥ് രവി (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)
24. മികച്ച ലബോറട്ടറി/കളറിസ്റ്റ് – ‘ഭയാനകം’ എന്ന ചിത്രത്തിന് ചിത്രാഞ്ജലി സ്റ്റുഡിയോ (കെഎസ്എഫ്ഡിസി) – അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും

25. മികച്ച മേക്കപ്പ്മാൻ – ‘ടേക് ഓഫ്’ എന്ന ചിത്രത്തിലൂടെ രഞ്ജിത്ത് അമ്പാടി (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)
26. മികച്ച വസ്ത്രാലങ്കാരം – ‘ഹേയ് ജൂഡ്’ എന്ന ചിത്രത്തിലൂടെ സഖി എൽസ (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)
27. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) – ‘തീരം’ എന്ന ചിത്രത്തിൽ ‘അലി’ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയ അച്ചു അരുൺ കുമാർ (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

28. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്(പെൺ) – ‘ഈട’ എന്ന ചിത്രത്തിൽ ‘ഐശ്വര്യ’ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയ സ്നേഹ എം (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)
29. മികച്ച നൃത്തസംവിധായകൻ – ‘ഹേയ് ജൂഡ്’ എന്ന ചിത്രത്തിലൂടെ പ്രസന്ന സുജിത്ത് (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

30. ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള പ്രത്യേക പുരസ്കാരം – രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത് നൂറാം മങ്കി മൂവിസ് നിർമിച്ച ‘രക്ഷാധികാരി ബൈജു ഒപ്പ്’ (നിർമാതാവിനും സംവിധായകനും ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും വീതം)
31. മികച്ച നവാഗത സംവിധായകൻ – ‘ടേക് ഓഫ്’ എന്ന ചിത്രത്തിന് മഹേഷ് നാരായണൻ (ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

32. മികച്ച കുട്ടികളുടെ ചിത്രം – ദീപേഷ് ടി സംവിധാനം ചെയ്ത് രമ്യാ രാഘവൻ നിർമിച്ച ‘സ്വനം’ (നിർമാതാവിനും സംവിധായകനും ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും വീതം)
33. പ്രത്യേക ജൂറിപരാമർശം (അഭിനയം) – ‘ഒറ്റമുറിവെളിച്ചം’ എന്ന ചിത്രത്തിലൂടെ വിനീതാകോശി (അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും)

34. പ്രത്യേക ജൂറിപരാമർശം (അഭിനയം) – ‘ഹേയ് ജൂഡ്’ എന്ന ചിത്രത്തിലൂടെ വിജയ് മേനോൻ(ശിൽപവും പ്രശസ്തിപത്രവും)
35. പ്രത്യേക ജൂറിപരാമർശം(അഭിനയം) – ‘ലാലീബേലാ’ എന്ന ചിത്രത്തിലൂടെ മാസ്റ്റർ അശാന്ത് കെ ഷാ(ശിൽപവും പ്രശസ്തിപത്രവും)
36. പ്രത്യേക ജൂറിപരാമർശം(അഭിനയം) – ‘അതിശയങ്ങളുടെ വേനൽ’ എന്ന ചിത്രത്തിലൂടെ മാസ്റ്റർ ചന്ദ്രകിരൺ ജി.കെ.(ശിൽപവും പ്രശസ്തിപത്രവും)
37. പ്രത്യേക ജൂറിപരാമർശം(അഭിനയം) – ‘മണ്ണാങ്കട്ടയും കരിയിലയും’ എന്ന ചിത്രത്തിലൂടെ ജോബി എ.എസ്.(ശിൽപവും പ്രശസ്തിപത്രവും)

രചനാ വിഭാഗത്തിലെ പുരസ്കാരങ്ങൾ

1. മികച്ച ചലച്ചിത്ര ഗ്രന്ഥം – ‘സിനിമ കാണും ദേശങ്ങൾ’ എന്ന ഗ്രന്ഥം രചിച്ച വി.മോഹനകൃഷ്ണൻ(30,000 രൂപയും ശിൽപവും പ്രശസ്തിപത്രവും)
2. മികച്ച ചലച്ചിത്ര ലേഖനം – ‘റിയലിസത്തിന്റെ യാഥാർഥ്യങ്ങൾ’ എന്ന ലേഖനത്തിലൂടെ എ.ചന്ദ്രശേഖർ(20,000 രൂപയും ശിൽപവും പ്രശസ്തിപത്രവും)

രഹസ്യമായി പുരസ്കാര നിർണയം

അതീവ രഹസ്യമായാണ് ഇക്കുറി പുരസ്കാര നിര്‍ണയ നടപടികള്‍ ചലച്ചിത്ര അക്കാദമി ആവിഷ്കരിച്ചത്. മത്സര രംഗത്തുള്ള 110 സിനിമകളും ആദ്യ ഘട്ടത്തിൽ ജൂറി അംഗങ്ങൾ രണ്ടു ഗ്രൂപ്പായി തിരിഞ്ഞു കണ്ടു. ഇതിൽ മികച്ച 20–21 സിനിമകൾ എല്ലാവരും ചേർന്നു വീണ്ടും കണ്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് നിശ്ചയിച്ചത്. സിനിമകളുടെ സ്ക്രീനിങ് കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിൽ അതീവ രഹസ്യമായാണു നടത്തിയത്.

അവാർഡ് വിവരം ചോരാനിടയുള്ളതിനാൽ കഴിഞ്ഞ രണ്ടു ദിവസമായി ജൂറി അംഗങ്ങൾക്കു മൊബൈൽ ഫോണും വാട്സാപ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളുമെല്ലാം വിലക്കി. കിൻഫ്രയിലും ജൂറി അംഗങ്ങളുടെ താമസ സ്ഥലത്തും സന്ദർശകരെയും വിലക്കി. അക്കാദമിയുടെ ഭാരവാഹികള്‍ വരെ ആശയവിനിമയങ്ങളില്‍നിന്നു വിട്ടുനിന്നു.