Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീധരൻ വലിഞ്ഞുകയറി വന്നതല്ല, ആവശ്യപ്പെട്ട് കൊണ്ടുവന്നതാണ്: ഉമ്മൻ ചാണ്ടി

oommen-chandy-pinarayi-vijayan

കോട്ടയം ∙ ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന്  ഡിഎംആര്‍സിയെ പുറത്താക്കിയത് നിര്‍ഭാഗ്യകരമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇ.ശ്രീധരന്‍ വലിഞ്ഞുകയറി വന്നതല്ലെന്നും നമ്മള്‍ ആവശ്യപ്പെട്ട് കൊണ്ടുവന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ വികസനക്കുതിപ്പിനേറ്റ തിരിച്ചടിയാണ് തീരുമാനം. ഇ. ശ്രീധരനെ ഇങ്ങനെ അപമാനിച്ചുവിടണോ എന്ന് ചിന്തിക്കണമെന്നും ഉമ്മന്‍ ചാണ്ടി കോട്ടയത്ത് പറഞ്ഞു.

ചെങ്ങന്നൂരിലെ സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ തർക്കങ്ങളില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. സ്ഥാനാർഥി നിർണയം ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് . ചെങ്ങന്നൂരിൽ യുഡിഎഫ് വിജയിക്കും. ഫലം ഭരണത്തിന്റെ വിലയിരുത്താകും. മണ്ഡലത്തിലെ യുഡിഎഫിന്റെ പ്രവർത്തനം സജീവമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അതിനിടെ, ഇ.ശ്രീധരനെ ഒഴിവാക്കി ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കാനുള്ള നീക്കം അഴിമതിക്കു വേണ്ടിയെന്നു സംശയമുണ്ടെന്ന് നിയമസഭയിൽ പ്രതിപക്ഷം നിലപാടെടുത്തു. എന്നാൽ, പദ്ധതി സുതാര്യമായി നടപ്പിലാക്കുമെന്നും ഇ.ശ്രീധരനോട് അനാദരവ് കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അടിയന്തരപ്രമേയ നോട്ടിസിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

കേന്ദ്ര അനുമതി ഇല്ലാതെ സംസ്ഥാന സർക്കാരിന് പദ്ധതിയുമായി മുന്നോട്ടു പോകാനാവില്ലെന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 1128 കോടി രൂപയുടെ ധനസഹായം കേന്ദ്രം നൽകേണ്ടതുണ്ട്. കേന്ദ്ര അനുമതിക്കുവേണ്ടി കാത്തു നിൽക്കേണ്ടതില്ലെന്ന ഇ.ശ്രീധരന്റെ വാദത്തോട് നിലവിലെ സാമ്പത്തിക സ്ഥിതിയിൽ യോജിക്കാനാവില്ല.

സർക്കാർ കൗശലപൂർവം കരുക്കൾ നീക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ വാദം. ഇത് അഴിമതിക്കുവേണ്ടിയെന്ന് പരക്കെ ആക്ഷേപമുണ്ട്. ശ്രീധരൻ തോറ്റു മടങ്ങിയ ഇടത്ത് പദ്ധതി നടപ്പിലാക്കാൻ ഇനി ആരു വരുമെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ കെ. മുരളീധരന്റെ ചോദ്യം.

related stories