Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി രാജകുമാരന് സ്വീകരണമൊരുക്കി ബ്രിട്ടിഷ് സർക്കാർ; വ്യാപാര കരാറുകൾ ഒപ്പിടും

saudi-britain ബ്രിട്ടൻ പ്രധാനമന്ത്രി തെരേസ മേയും സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനും

ലണ്ടൻ∙ സൗദി രാജകുമാരനു ഹൃദ്യമായ സ്വീകരണമൊരുക്കി ബ്രിട്ടിഷ് സർക്കാർ. സാധാരണ അമേരിക്കൻ പ്രസിഡന്റുമാർക്കും അപൂർവം മറ്റു രാഷ്ട്രത്തലവന്മാർക്കും മാത്രം ബ്രിട്ടനിൽ ലഭിക്കുന്ന സ്വീകരണമാണു മൂന്നു ദിവസത്തെ സന്ദർശനത്തിനായി ബുധനാഴ്ച ലണ്ടനിലെത്തിയ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനു ലഭിച്ചത്. പ്രധാനന്ത്രിയുമായി ഔദ്യോഗിക വസതിയിലും ഓഫിസിലും കൂടിക്കാഴ്ച നടത്തിയ സൗദി കിരീടാവകാശിക്ക് ഇന്നലെ പ്രധാനമന്ത്രി തെരേസ മേയ് ചെക്കേഴ്സിൽ കാബിനറ്റ് മന്ത്രിമാർക്കൊപ്പം വിരുന്നും നൽകി.

ബുധനാഴ്ച എലിസബത്ത് രാജ്ഞിയോടും ബ്രിട്ടിഷ് രാജകുടുംബത്തിലെ കിരീടാവകാശിയായ ചാൾസ് രാജകുമാരനോടുമൊപ്പമായിരുന്നു മുഹമ്മദ് ബിൻ സൽമാന്റെ ഉച്ചവിരുന്ന്. എംബിഎസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സൗദി രാജകുമാരനു വില്യം രാജകുമാരനും പ്രത്യേകം അത്താഴ വിരുന്നൊരുക്കി.

സൗദിയുമായുള്ള പതിറ്റാണ്ടുകൾനീണ്ട ബന്ധത്തിന്റെ ഭാഗമാണു രാജകുമാരനു നൽകുന്ന സ്വീകരണമെന്നാണു പ്രധാനമന്ത്രിയുടെ വിശദീകരണം. സൗദിയിൽ സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചും ഒട്ടേറെ ഭരണ പരിഷ്കരണ നടപടികൾ നടത്തിയും ചുരുങ്ങിയ കാലംകൊണ്ട് ഏറെ ശ്രദ്ധേയനാണിപ്പോൾ രാജകുമാരൻ. സൗദിയുമായി പുതിയ വ്യാപാര ഉടമ്പടിയും കോടിക്കണക്കിനു പൗണ്ടിന്റെ ആയുധ ഇടപാടും തെരേസ മേയ് സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

സൽമാൻ രാജാവിന്റെ മൂന്നാം ഭാര്യയിലെ മൂത്ത മകനാണ് അടുത്ത കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ട എംബിഎസ് എന്ന മുഹമ്മദ് ബിൻ സൽമാൻ. വനിതകളെ സൈന്യത്തിലെടുത്തും അവർക്ക് ഡ്രൈവിങ്ങിന് അനുമതി നൽകിയുമെല്ലാം ഒട്ടേറെ പരിഷ്കാര നടപടികൾക്കു തുടക്കം കുറിച്ച രാജകുമാരൻ സൗദി മന്ത്രിസഭയിൽ പ്രതിരോധം ഉൾപ്പെടെ പ്രധാനപ്പെട്ട ഒട്ടേറെ വകുപ്പുകളുടെ ചുമതലക്കാരൻ കൂടിയാണ്.