Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎൻഎക്സ് മീഡിയ കേസ്: കാർത്തിക്ക് ജാമ്യമില്ല; അറസ്റ്റിൽനിന്ന് തൽക്കാലം ആശ്വാസം

karti-chidambaram കാർത്തി ചിദംബരം സിബിഐ കസ്റ്റഡിയിൽ.

ന്യൂഡൽഹി∙ ഐഎൻഎക്സ് മീഡിയ കേസിൽ ഇനി വാദം കേൾക്കുന്നതുവരെ കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകൻ കാർത്തിക്ക് താൽക്കാലിക ആശ്വാസം. സിബിഐ കസ്റ്റഡി കാലാവധി അവസാനിക്കുമ്പോൾ കാർത്തിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ഡൽഹി ഹൈക്കോടതി വിലക്കി. മാർച്ച് 20നാണ് കേസ് ഇനി പരിഗണിക്കുന്നത്. അതുവരെ അറസ്റ്റ് ചെയ്യാൻ പാടില്ല. കാർത്തിയുടെ ഹർജിയിൽ ഇഡിക്കും കേന്ദ്രത്തിനും കോടതി നോട്ടിസ് അയച്ചു.

കഴിഞ്ഞ വർഷം മേയ് 15നു സിബിഐ റജിസ്റ്റർ ചെയ്ത കേസിലാണു കാർത്തിയെ അറസ്റ്റ് ചെയ്തത്. ഇഡി സാമ്പത്തിക തട്ടിപ്പു കേസും റജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ അറസ്റ്റാണ് താൽക്കാലികമായി ഒഴിവായത്.

വിദേശത്തുനിന്നു നിയമവിരുദ്ധമായി 305 കോടി രൂപയുടെ നിക്ഷേപം നേടിയതുൾപ്പെടെ െഎഎൻഎക്സ് മീഡിയ എന്ന മാധ്യമ സ്ഥാപനം നടത്തിയ ക്രമക്കേടുകൾ‍ ഒതുക്കാൻ കോഴ വാങ്ങിയെന്നാണ് കാർത്തിക്കെതിരായ കേസ്. ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഫെബ്രുവരി 28ന് അറസ്റ്റ് നടന്നത്. ഫോറിൻ ഇൻ‌വെസ്റ്റ്മെന്റ് പ്രൊമോഷണൽ ബോര്‍ഡിന്റെ അനുമതിക്കായി ഏഴു കോടി ഡോളര്‍ കാർത്തി ചിദംബരത്തിനു നൽകിയെന്ന് ഇന്ദ്രാണി മുഖര്‍ജി മൊഴി നൽകിയിരുന്നു.

സിബിഐയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഇന്ദ്രാണി മൊഴി നൽകിയതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. വിദേശ നിക്ഷേപത്തിനുള്ള അനുമതിക്കായി 2007 ൽ മന്ത്രി പി. ചിദംബരത്തെ കണ്ട ഇന്ദ്രാണി മുഖർജിയോടും പീറ്റർ മുഖര്‍ജിയോടും ചിദംബരം മകനെ സഹായിക്കണമെന്നാവശ്യപ്പെട്ടെന്നും സിബിഐ വാദിക്കുന്നു.

related stories