Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ ദിനത്തിൽ ട്വിറ്ററിൽ പ്രധാനമന്ത്രി ‘ഫോളോ’ ചെയ്തു; നന്ദി പറഞ്ഞ് വനിതകൾ

Narendra Modi

ന്യൂഡൽഹി∙ വനിതാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമമായ ട്വിറ്ററിൽ ‘ഫോ‌ളോ’ ചെയ്തത് 40 വനിതകളെ. നരേന്ദ്ര മോദി എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ട് വഴിയാണ‌ു സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ട്വിറ്ററിൽ സജീവമായ വനിതകളെ ഫോളോ ചെയ്തിരിക്കുന്നത്. മാധ്യമ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, കമന്റേറ്റർമാർ തുടങ്ങിയവരെയാണു ഫോളോ ചെയ്യുന്നത്. ഇവരിൽപ്പലരും മോദിയുടെ പ്രവൃത്തിക്കു നന്ദി അറിയിച്ചിട്ടുണ്ട്.

അതേസമയം, സമൂഹ മാധ്യമങ്ങളിൽ ഇവരെ ഫോളോ ചെയ്യുന്നതു കൂടാതെ, രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ചു വിവിധ മേഖലകളിലെ 400ൽ അധികം വനിതകൾക്കു മോദി കത്തെഴുതുകയും ചെയ്തിരുന്നു. രാഷ്ട്രീയം, കായികം, വ്യവസായം, സിനിമാലോകം തുടങ്ങി വിവിധ മേഖലകളിലെ പ്രസിദ്ധരായ വനിതകൾക്കാണു മോദി കത്തയച്ചത്. ‘പോഷൻ അഭിയാൻ’ ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ എന്നീ കാര്യങ്ങളെക്കുറിച്ചാണു കത്തിലുണ്ടായിരുന്നത്.

തന്റെ കാഴ്ചപ്പാടിനോടു ചേർന്ന ഭരണനിർവഹണത്തിനു പിന്തുണ നൽകാനും മോദി ഇവരെ ക്ഷണിച്ചു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള തന്റെ പ്രവർത്തനങ്ങൾക്കു പിന്തുണ നൽകാനാണ് അദ്ദേഹം ക്ഷണിച്ചിരിക്കുന്നത്.

അതിനിടെ, രാജ്യത്തെ ഒരു കോടിയിലധികം വരുന്ന വനിതകളോടു പ്രധാനമന്ത്രി റെക്കോർഡ് ചെയ്തുവച്ച ഫോൺകോളിലൂടെയും സംവദിച്ചു. രാജ്യമെമ്പാടുമുള്ള ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ തുടങ്ങി വിവിധ മേഖലയിൽ ഉള്ള സ്ത്രീകൾക്കു പ്രധാനമന്ത്രിയുടെ ശബ്ദസന്ദേശമെത്തിയിരുന്നു.

related stories