Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതു സർക്കാർ സഹായധനമായി നൽകിയത് 335 കോടി; ഗുണം ലഭിച്ചത് 2.3 ലക്ഷം പേർക്ക്

Pinarayi-Vijayan-FB മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙ എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായധനമായി വിതരണം ചെയ്തത് 335 കോടി രൂപ. വിവിധ മേഖലകളില്‍ ദുരിതം അനുഭവിക്കുന്ന 2.3 ലക്ഷം പേര്‍ക്ക് ആശ്വാസമേകാനാണ് ഇത്രയും തുക അനുവദിച്ചത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഇതേ കാലയളവിൽ 2011 ജൂണ്‍ മുതല്‍ 2013 ജനുവരി വരെ 169 കോടി രൂപയായിരുന്നു ദുരിതാശ്വാസനിധിയില്‍ നിന്നും വിതരണം ചെയ്തത്. കൂടുതല്‍ ആളുകളിലേക്ക് ധനസഹായം എത്തിക്കാന്‍ ഇത്തവണ കഴിഞ്ഞതായി സമൂഹമാധ്യമത്തിലെ കുറിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടു.

ദുരിതാശ്വാസനിധിയില്‍ നിന്നും വേഗത്തില്‍ സഹായധനം അനുവദിക്കാന്‍ കുറ്റമറ്റ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈനായി അപേക്ഷ നല്‍കാനുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷയുമായി ആരും സെക്രട്ടേറിയറ്റില്‍ നേരിട്ട് എത്തണമെന്നില്ലെന്നും മുഖ്യമന്ത്രി കുറിച്ചു. ചികിത്സാ രേഖകളും ചികിത്സക്ക് ചെലവിടുന്ന തുക സംബന്ധിച്ചും കൃത്യമായ വിവരങ്ങളും അപേക്ഷക്കൊപ്പം ഉണ്ടെങ്കില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപേക്ഷയിന്മേല്‍ റിപ്പോര്‍ട്ട് ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംവിധാനം കൂടി നിലവില്‍ വന്നതോടെ കാലതാമസം ഇല്ലാതെ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. തുക അനുവദിച്ച് ഉത്തരവിറങ്ങിയാലും പണം ലഭ്യമാകുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സഹായധനം നേരിട്ട് അപേക്ഷകന്റെ അക്കൗണ്ടില്‍ എത്തിക്കുന്ന പദ്ധതി ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തോടെ അക്കൗണ്ടില്‍ നേരിട്ട് പണമെത്തിക്കുന്ന പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നത് – മുഖ്യമന്ത്രി കുറിച്ചു.

related stories