Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിമ്മുമായി ഡോണൾഡ് ട്രംപിന്റെ ചർച്ച ‘അപകടം’ മനസ്സിലാക്കാതെ: ഹിലറി ക്ലിന്റൻ

trump-hillary

ഹേഗ്∙ ആണവ നിരായുധീകരണം സംബന്ധിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി ചർച്ച നടത്താനുള്ള യുഎസിന്റെ ശ്രമങ്ങളെ വിമർശിച്ച് ഹിലറി ക്ലിന്റൻ. ‘അപകടം’ മനസ്സിലാക്കാതെയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കിമ്മുമായി ചർച്ചയ്ക്കൊരുങ്ങുന്നതെന്നും മുൻ സ്റ്റേറ്റ് സെക്രട്ടറി കൂടിയായ ഹിലറി പറഞ്ഞു.

കിമ്മുമായി എപ്രകാരം ചർച്ച നടത്തണം എന്നു തീരുമാനമെടുക്കാൻ പോലും പരിചയസമ്പന്നരായ നയതന്ത്രജ്ഞർ നിലവിൽ ട്രംപിനൊപ്പമില്ല. ഉത്തരകൊറിയൻ വിഷയം ചര്‍ച്ച ചെയ്യുമ്പോൾ ട്രംപിനു നിശ്ചയമായും വേണ്ടത് അതാണെന്നും ഹിലറി പറഞ്ഞു. ഡച്ച് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഹിലറി ഇക്കാര്യം വ്യക്തമാക്കിയത്.

നല്ല നയതന്ത്രജ്ഞരില്ലാതെ രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനാകില്ല. അതിനു സാധിക്കുമായിരുന്ന ഒട്ടേറെ പേർ സ്ഥാനമൊഴിഞ്ഞു പോയി. ഉത്തരകൊറിയയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ പോലും ആളില്ലാത്ത വിധത്തിൽ സർക്കാർ ‘ക്ഷയിച്ചെന്നും’ ഹിലറി കുറ്റപ്പെടുത്തി. 

റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതു പോലെ എളുപ്പമാണ് കിമ്മുമായുള്ള കൂടിക്കാഴ്ചയെന്നു ട്രംപ് കരുതരുതെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ മുൻ യുഎസ് അംബാസഡർ ബിൽ റാച്ചാർഡ്സൻ മുന്നറിയിപ്പു നൽകിയിരുന്നു.

‘കിമ്മിന്റെ ക്ഷണം യുഎസ് സ്വീകരിച്ചതു നല്ല തീരുമാനമാണ്. ഇതൊരു നല്ല അവസരമാണ്. എന്നാൽ ട്രംപിന്റെ തയാറെടുപ്പുകളില്ലാത്ത സമീപനവും അച്ചടക്കമില്ലായ്മയും ആശങ്കപ്പെടുത്തുന്നതാണ്. ഇതൊരു റിയാലിറ്റി ഷോ അല്ലെന്നോർക്കണം. കയ്യിൽ കുറഞ്ഞത് 20 അണ്വായുധങ്ങളെങ്കിലുമുള്ള നേതാവുമായിട്ടാണ് ട്രംപ് ചർച്ചയ്ക്കു പോകുന്നത്. അയാളാകട്ടെ തുടർച്ചയായി യുഎസിനു നേരെ ഭീഷണി മുഴക്കുന്നയാളും...’ എന്നായിരുന്നു റിച്ചാർഡ്സന്റെ പ്രതികരണം.