Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷുഹൈബ് വധം: 4 പേരെ മാത്രം പുറത്താക്കിയ നീക്കത്തിൽ ദുരൂഹത; പാർട്ടി കണ്ടെത്തിയതെന്ത്?

shuhaib-murder-1

കണ്ണൂർ∙ ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ 11 പ്രവർത്തകരിൽ‌ നാലു പേരെ മാത്രം സിപിഎമ്മിൽ നിന്നു പുറത്താക്കിയതോടെ, കേസിൽ പാർട്ടി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ എന്തെന്ന ചോദ്യം ബാക്കിയാവുന്നു. പാർട്ടി പ്രവർത്തകർക്കു ഷുഹൈബ് വധത്തിൽ പങ്കുണ്ടെന്നു കണ്ടെത്തിയാൽ നടപടിയുണ്ടാവുമെന്നു സിപിഎം നേതൃത്വം നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. വെള്ളിയാഴ്ച സിപിഎം ജില്ലാ ആസ്ഥാനത്തു മാധ്യമപ്രവർത്തകരെ കണ്ട ജില്ലാ സെക്രട്ടറി പി.ജയരാജൻ അക്കാര്യം ആവർത്തിച്ചതുമാണ്. പാർട്ടിക്കു പാർട്ടിയുടേതായ ഭരണഘടനയും നടപടിക്രമങ്ങളുമുണ്ട്, അവ പാലിച്ചു കൊണ്ടുള്ള നടപടിയേ ഉണ്ടാവൂ എന്നാണു ജയരാജൻ സൂചിപ്പിച്ചത്.

സിപിഎം അംഗങ്ങളായ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടും പാർട്ടി നടപടിയെടുക്കാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന്, പൊലീസിന്റെ അന്വേഷണത്തേക്കാൾ, പാർട്ടി നടത്തുന്ന അന്വേഷണത്തിലാണു തങ്ങൾക്കു വിശ്വാസം എന്നായിരുന്നു നേരത്തേ ജില്ലാ നേതൃത്വത്തിന്റെ നിലപാട്. പാർട്ടി നടത്തിയ അന്വേഷണം ഈ നാലു പേരെയും കുറ്റക്കാരായി കണ്ടെത്തി എന്നാണു പുറത്താക്കാനുള്ള തീരുമാനം നൽകുന്ന സൂചന.

ബാക്കി പ്രതികൾ നിരപരാധികളാണെന്നു വിലയിരുത്തിയതിന്റെ കാരണം പാർട്ടി വ്യക്തമാക്കിയിട്ടില്ല. പിടിയിലായ 11 പേരും പ്രകടമായി സിപിഎം പ്രവർത്തകരാണ്. ഇപ്പോൾ പുറത്താക്കപ്പെട്ട നാലു പേരെക്കാൾ സജീവമായി പാർട്ടി സംഘടനാ രംഗത്തുള്ളവരാണു ബാക്കി ഏഴു പേരിൽ ചിലർ.  ഇവരിൽ പാർട്ടി ഭാരവാഹികളുടെ അടുത്ത ബന്ധുക്കളും ഉൾപ്പെടുന്നു. അതേ സമയം, ഇതിൽ എത്ര പേർക്ക് ഔദ്യോഗികമായി പാർട്ടി അംഗത്വം ഉണ്ടെന്നു വ്യക്തമല്ല.

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി.ഷുഹൈബിനെ (30) ഫെബ്രുവരി 12–ന് അർധരാത്രിയോടെയാണു എടയന്നൂർ തെരൂരിൽ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം പുറത്താക്കിയ നാലു പേർക്കു പുറമേ കേസിൽ അറസ്റ്റിലായി ജയിലിലുള്ളവർ ഇവരാണ്: കരുവള്ളിയിലെ രജിൻരാജ് (26), മുടക്കോഴി കുരുവോട്ട് വീട്ടിൽ ജിതിൻ (23), തില്ലങ്കേരി ആലയാട് പുതിയപുരയിൽ കെ.പി.അൻവർ സാദത്ത് (23), തെരൂർ പാലയോട് കെ.രജത് (22), കെ.സഞ്ജയ് (24), കുമ്മാനത്തെ കെ.വി.സംഗീത് (27), തെരൂർ പാലയോട് കെ.ബൈജു (36). 

ടി.പി.ചന്ദ്രശേഖരൻ വധക്കേസ് ഉൾപ്പെടെ പാർട്ടി പ്രവർത്തകരോ ഭാരവാഹികളോ പ്രതി ചേർക്കപ്പെട്ട സമീപകാല കേസുകളിലെല്ലാം, പാർട്ടി അന്വേഷിച്ച ശേഷം നടപടി എന്നാണു സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട്. പക്ഷേ, പാർട്ടിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഒരിക്കലും പുറത്തുവിട്ടിട്ടുമില്ല.