Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് പരാതിക്കാർ?; ഭൂമിയിടപാട് വീണ്ടും ഹൈക്കോടതിയിലേക്ക്

mar-george-alencherry

കൊച്ചി∙ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയം വീണ്ടും ഹൈക്കോടതിയിലേക്ക്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാത്ത പൊലീസ് നടപടിക്കെതിരെ പരാതിക്കാർ കോടതിയെ സമീപിക്കും. എറണാകുളം സെൻട്രൽ സിഐക്കെതിരെ കോടതിയലക്ഷ്യം ഫയൽ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

ഭൂമി ഇടപാടിൽ കേസെടുക്കുന്നതിന്, അഡ്വക്കേറ്റ് ജനറലിൽനിന്ന് പൊലീസ് ഇന്നലെ നിയമോപദേശം തേടിയിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രതികൾക്കെതിരെ ചുമത്തേണ്ട വകുപ്പുകൾ തീരുമാനിക്കുക. കഴിഞ്ഞ ദിവസമാണു ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് കൊച്ചി സെൻട്രൽ പൊലീസിനു ലഭിച്ചത്. ഗൂഡാലോചന, വഞ്ചന, ചതി തുടങ്ങിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ കാണാം എന്നു ഹൈക്കോടതി പറഞ്ഞിരുന്നു. കർദിനാൾ, രണ്ടു വൈദികർ, ഇടനിലക്കാരൻ എന്നിങ്ങനെ നാലുപേരെ പ്രതിചേർക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം.

ഇതിനിടെ, എറണാകുളം – അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ കേസെടുക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നു പി.ടി. തോമസ് എംഎല്‍എ പറഞ്ഞു. എന്താണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നു മനസിലാകുന്നില്ലെന്നും പി.ടി. തോമസ് കൊച്ചിയില്‍ അഭിപ്രായപ്പെട്ടു.

അതേസമയം, രൂപതയിലെ തര്‍ക്കം തീര്‍ക്കാന്‍ ശ്രമങ്ങളുമായി കെസിബിസിയും രംഗത്തെത്തി. കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം ബിഷപ്പുമാരുമായി സംസാരിക്കും. പാളിച്ചകൾ പരിഹരിക്കാൻ ശ്രമം തുടങ്ങിയതായി കെസിബിസി അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട എല്ലാ സമിതികളുമായും ചർച്ച നടത്തും. പരസ്യ പ്രതികരണം ഒഴിവാക്കണമെന്നും കെസിബിസി അഭ്യർഥിച്ചു. കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി. സഹായ മെത്രാൻമാരുമായും കർദിനാൾ ചർച്ച നടത്തി.

related stories