Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗഹൃദം ഊട്ടിയുറപ്പിച്ച് ഇന്ത്യയും ഫ്രാൻസും; 14 കരാറുകളിൽ ഒപ്പുവച്ചു

Emmanuel-Macron-Narendra-Modi ഉഭയകക്ഷി ചർച്ചകൾക്കുശേഷം ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ മാധ്യമങ്ങൾക്കു മുന്നിൽ സംയുക്ത പ്രസ്താവന നടത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ. (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)

ന്യൂ‍ഡൽഹി∙ റഫാൽ വിമാന ഇടപാടിൽ അഴിമതി ആരോപിച്ചു പ്രതിപക്ഷം രൂക്ഷ വിമർശനം തുടരുന്നതിനിടെ, പ്രതിരോധ രംഗത്തുൾപ്പെടെ ഇന്ത്യയും ഫ്രാൻസും തമ്മിൽ 14 കരാറുകൾ ഒപ്പുവച്ചു. ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് 14 കരാറുകളിൽ ഒപ്പുവച്ചത്. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപ മേഖലകളിലൂന്നിയുള്ളതാണു കരാറുകളെല്ലാം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി റാം നാഥ് കോവിന്ദ് എന്നിവർ ചേർന്നു രാഷ്ട്രപതി ഭവനിൽ മക്രോയ്ക്കും ഭാര്യ മേരി ക്ലോഡ് മക്രോയ്ക്കും നൽകിയ ഊഷ്മളമായ സ്വീകരണത്തിനുശേഷമായിരുന്നു ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ഉഭയകക്ഷി ചർച്ച നടന്നത്. കൂടിക്കാഴ്ചയ്ക്കുശേഷം ഇരുവരും മാധ്യമങ്ങൾക്കു മുന്നിൽ സംയുക്ത പ്രസ്താവന നടത്തി.

നാലു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണു മക്രോ ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണു സന്ദർശനം. പ്രസിഡന്റിനോടൊപ്പം, ഫ്രാൻസിൽനിന്നുള്ള വ്യവസായികളും മന്ത്രിതല ഉദ്യോഗസ്ഥരും സന്ദര്‍ശനത്തിന്റെ ഭാഗമാകുന്നുണ്ട്.

ലോകത്തിലെ ഏറ്റവും കരുത്തരായ രണ്ടു സ്വതന്ത്ര രാജ്യങ്ങളാണ് ഫ്രാൻസും ഇന്ത്യയുമെന്നു മക്രോയ്ക്കൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയിൽ മോദി ചൂണ്ടിക്കാട്ടി. ഇന്നു നടന്നതു രണ്ടു രാജ്യങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചയല്ല. സമാന ചിന്താഗതിക്കാരായ രണ്ടു സംസ്കാരങ്ങളാണ് ഇവിടെ സമ്മേളിച്ചിരിക്കുന്നത്. സാഹോദര്യം, സമത്വം, സ്വാതന്ത്ര്യം എന്നിവ ഫ്രാ‍ൻസിന്റെ മാത്രമല്ല, ഇന്ത്യയുടെയും ഭരണഘടനയിൽ ആലേഖനം ചെയ്തിരിക്കുന്നതാണെന്നും മോദി ചൂണ്ടിക്കാട്ടി.

ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപരമായ സഹകരണത്തിന് ഇരുരാജ്യങ്ങളും യോജിച്ചു പ്രവർത്തിക്കുമെന്നും മോദി വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ പരസ്പരം മനസിലാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ മോദി, ഇതുമായി ബന്ധപ്പെട്ടു രണ്ടു കരാറുകളിൽ ഒപ്പുവച്ചതായും വ്യക്തമാക്കി. പ്രതിരോധ രംഗത്ത് ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുമായി സഹകരിച്ചു നിക്ഷേപം നടത്തുന്നതിനു ഫ്രഞ്ച് കമ്പനികളെ പ്രധാനമന്ത്രി ഇന്ത്യയിലേക്കു സ്വാഗതം ചെയ്തു.

അതേസമയം, പ്രതിരോധ രംഗത്തെ ഇരു രാജ്യങ്ങളുടെയും സഹകരണത്തിന് ഇപ്പോഴത്തെ സാഹചര്യത്തിൽ ഒട്ടേറെ പ്രത്യേകതകളുണ്ടെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പറഞ്ഞു. ഭീകരവാദവും തീവ്രവാദവും ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ ഇന്ത്യയും ഫ്രാൻസും ഒരുമിച്ചു പോരാടുമെന്നും ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി.

related stories