Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎമ്മിനെപ്പോലെ കേരളത്തിൽ മുസ്‌ലിംകളെ ആക്രമിക്കുന്ന വേറെ ആരുണ്ട്?: സുധാകരൻ

k-sudhakaran-2 കെ.സുധാകരൻ

കണ്ണൂർ∙ മു‌സ്‌ലിം സമുദായത്തിനുള്ളിൽ സിപിഎമ്മിനെതിരെയുണ്ടായ ജനവികാരത്തിൽനിന്നു രക്ഷപെടാൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ നടത്തുന്ന പരിഹാസ്യമായ ശ്രമമാണു തനിക്കെതിരായ കള്ള പ്രചാരണമെന്നു കോൺഗ്രസ് നേതാവ് കെ.സുധാകരൻ. ഷുഹൈബ് വധത്തോടെ ഒറ്റപ്പെട്ട സിപിഎം അതിന്റെ അങ്കലാപ്പു തീർക്കാനാണു തനിക്കെതിരെ തിരിയുന്നത്. മുസ്‌ലിം സമുദായത്തിന്റെ സംരക്ഷകനായി സ്വയം ചമഞ്ഞ ജയരാജന്റെ ആ സാമ്രാജ്യം തകർന്നിരിക്കുകയാണ്. മു‌സ്‌ലിം വോട്ടുകൾ ലക്ഷ്യമിട്ടു കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ നീക്കം നടത്തിയിരുന്ന ജയരാജൻ ഇപ്പോൾ പരിഭ്രാന്തനാണ്.

ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ കിട്ടാൻ എന്തു ചെപ്പടിവിദ്യയും കാണിക്കുന്ന സിപിഎമ്മിനോടും പി. ജയരാജനോടും ഒന്നു ചോദിച്ചോട്ടെ: ഗുജറാത്തിൽ ബിജെപി ചെയ്തതു പോലെ കേരളത്തിൽ മുസ്‌ലിം സമുദായത്തെ സംഘടിതമായി ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത വേറെ ഏതു പാർട്ടിയുണ്ട്? പന്ന്യന്നൂരിൽ 68 മുസ്‌ലിം വീടുകളാണു സിപിഎം കൊള്ളയടിച്ചത്. വടകര താലൂക്കിലെ നാദാപുരത്തും തൂണേരിയിലും മറ്റും സിപിഎം കൊള്ളയടിച്ച മുസ്‌ലിംകളുടെ വീടുകൾക്കും കടകൾക്കും കണക്കില്ല. 65 വയസ്സായ കുഞ്ഞഹമ്മദ് ഹാജി അടക്കം ഏഴു പേരെയാണ് അവിടെ സിപിഎം വെട്ടിക്കൊന്നത്.

ഫസൽ മുതൽ ഷുക്കൂർ മുതൽ ഷുഹൈബ് വരെ എത്ര മുസ്‌ലിം ചെറുപ്പക്കാരെയാണു സിപിഎം കൊലപ്പെടുത്തിയത്? 1971ൽ തലശ്ശേരിയിൽ മുസ്‌ലിംകൾക്കെതിരെ നടന്ന കലാപത്തിൽ സിപിഎമ്മിന്റെ പങ്ക് പുറത്തു കൊണ്ടു വരാൻ പുതിയ അന്വേഷണം വേണം. ആ പ്രദേശത്തെ മുസ്‌ലിം സമുദായത്തെ ഭയപ്പെടുത്തി വശത്താക്കാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു തലശ്ശേരി കലാപം.

കള്ളുഷാപ്പിൽ കള്ളുകുടിച്ചു മരിച്ച സിപിഎം പ്രവർത്തകൻ, മുസ്‌ലിം പള്ളിക്കു കാവൽ കിടക്കുമ്പോൾ ആർഎസ്എസുകാർ കൊലപ്പെടുത്തിയതാണെന്നാണു സിപിഎം പ്രചരിപ്പിച്ചത്. ആ കലാപത്തിൽ പിണറായി വിജയന്റെ പങ്ക് എന്താണെന്നു വിതയത്തിൽ കമ്മിഷൻ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ടെന്നു സുധാകരൻ പറഞ്ഞു. തലശ്ശേരി വർഗീയ കലാപത്തിനു പിന്നിൽ സിപിഎം ആണെന്ന് ആരോപിച്ച് 1972ൽ സിപിഐ പുറത്തിറക്കിയ നോട്ടിസ് സുധാകരൻ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു.

തലശ്ശേരി വർഗീയ കലാപത്തിനു പിന്നിൽ സിപിഎം ആണെന്ന് ആരോപിച്ച് 1972ൽ സിപിഐ പുറത്തിറക്കിയ നോട്ടിസ്