Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിയിലേക്കില്ല, അവസാന ശ്വാസംവരെ കോൺഗ്രസിൽ: നിലപാടറിയിച്ച് സുധാകരൻ

K Sudhakaran കെ. സുധാകരൻ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു.

കണ്ണൂർ∙ ബിജെപിയുമായി അടുക്കുന്നുവെന്ന ആരോപണം തള്ളി കോൺഗ്രസ് നേതാവ് കെ.സുധാകരൻ. മറ്റൊരു ചാനലിനു താൻ നൽകിയ അഭിമുഖത്തിൽ കൃത്രിമത്വം കാണിച്ചു സിപിഎം ചാനൽ നടത്തിയതു മാധ്യമവ്യഭിചാരമാണ്. സിപിഎം ചാനലിനെതിരെ നിയമനടപടിയെടുക്കാനുള്ള സാധ്യത പരിശോധിക്കും. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കു ക്ഷണമുണ്ടായിരുന്നു എന്നു താൻ തുറന്നു പറഞ്ഞതു തന്റെ രാഷ്ട്രീയ സത്യസന്ധത കൊണ്ടാണ്. ആരും വന്നു കണ്ടിട്ടില്ല എന്നു പറയാമായിരുന്നല്ലോ. 

ബിജെപിയിൽ പോകുമെന്നല്ല ചാനൽ അഭിമുഖത്തിൽ പറഞ്ഞത്. താൻ എന്തു രാഷ്ട്രീയ നിലപാടു സ്വീകരിക്കണം എന്നതിനു സിപിഎം നേതാക്കളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല, തനിക്കു സ്വയം തീരുമാനമെടുക്കാൻ അവകാശമുണ്ട് എന്നാണു പറഞ്ഞത്. ഈ വാചകങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തു സിപിഎം കേന്ദ്രങ്ങൾ കള്ളപ്രചാരണം നടത്തുകയാണ് – സുധാകരൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിൽ പൊതുയോഗങ്ങളിൽ ബിജെപിക്കെതിരെ ഏറ്റവും കൂടുതൽ പ്രസംഗിക്കുന്ന കോൺഗ്രസ് നേതാവു താനാണ്. ജീവിതത്തിൽ എന്തു തന്നെ സംഭവിച്ചാലും കെ. സുധാകരൻ ഒരിക്കലും ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ പോവില്ല. കോൺഗ്രസിൽ ജീവിച്ചു കോൺഗ്രസിൽ മരിക്കുന്ന ആളായിരിക്കും കെ. സുധാകരൻ. കേരളത്തിലെ കോൺഗ്രസിലെ മുഴുവനാളുകളും പാർട്ടി വിട്ടാലും ഇവിടെ കോൺഗ്രസിന്റെ കൊടിക്കൂറ ഉയർത്താൻ കെ.സുധാകരൻ ഉണ്ടാവും. കേരളത്തിലെ കോൺഗ്രസ് നേതാക്കളെ പിടിക്കാൻ ബിജെപി ചാക്കുമായി നടപ്പുണ്ടാവാം. അതിൽ നമ്മൾ കയറേണ്ട കാര്യമില്ലല്ലോ. 

ദേശീയതലത്തിൽ ബിജെപി; കേരളത്തിൽ സിപിഎം മുഖ്യശത്രു

ദേശീയതലത്തിൽ ബിജെപിയാണു കോൺഗ്രസിന്റെ മുഖ്യശത്രു എങ്കിലും കേരളത്തിൽ ഒന്നാം നമ്പർ ശത്രു സിപിഎം തന്നെയാണ്. ഇവിടെ ബിജെപി ദുർബലമാണ്. അവരെ നേരിടാനുള്ള സംഘടനാശേഷി കോൺഗ്രസിനുണ്ട്. ബിജെപിയുമായോ സിപിഎമ്മുമായോ കേരളത്തിൽ ഒരുതരത്തിലുള്ള തിരഞ്ഞെടുപ്പു ധാരണയും കോൺഗ്രസ് ഒരിക്കലും ഉണ്ടാക്കില്ല. തന്നെ കൊലപ്പെടുത്താൻ പല തവണ ആളെ വിട്ട പാർട്ടിയാണു സിപിഎം. ആ പാർട്ടിയെ സ്നേഹിക്കാൻ തനിക്കു കഴിയില്ല. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചു സിപിഎം കള്ള പ്രചാരണം നടത്തുകയാണെന്നും സുധാകരൻ ആരോപിച്ചു. അവസാന ശ്വാസം വരെ കോൺഗ്രസുകാരനായിരിക്കുമെന്നും സുധാകരൻ പ്രഖ്യാപിച്ചു.

ഇത്തരം നാണംകെട്ട പ്രചാരണം നടത്താൻ പി.ജയരാജനു മാത്രമേ കഴിയൂ. രാഷ്ട്രീയത്തിൽ എന്തു സംഭവിച്ചാലും താൻ ഒരിക്കലും ബിജെപിയിലേക്കും സിപിഎമ്മിലേക്കും പോകില്ല. ഇടതുപക്ഷത്തിന്റെ പ്രചാരണം ആരുടെയെങ്കിലും മനസ്സിൽ ചെറുതായെങ്കിലും ഏശിയിട്ടുണ്ടെങ്കിൽ അതു നീക്കാനായാണു താനിതു പറയുന്നത്. ഇനി ഈ വിഷയത്തിൽ പ്രതികരണമില്ല. ഷുഹൈബ് കൊലക്കേസിൽ പ്രതിസ്ഥാനത്തുള്ള സിപിഎമ്മിന് കേരള രാഷ്ട്രീയത്തിലേക്കു തിരികെ വരാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ പ്രചാരണമെന്നും സുധാകരൻ ആരോപിച്ചു.

കേരളത്തിൽനിന്നു കോൺഗ്രസുകാരെ ബിജെപിയിൽ ചേർക്കാനുള്ള ഏജൻസിപ്പണിയാണു കെ. സുധാകരൻ നടത്തുന്നതെന്നു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ‌ ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണു സുധാകരൻ നിലപാടു വ്യക്തമാക്കി ഇന്നു രാവിലെ വാർത്താ സമ്മേളനം നടത്തിയത്. വിവാദമായ ചാനൽ അഭിമുഖത്തിലെ യഥാർഥ ദൃശ്യങ്ങളും, സിപിഎം കേന്ദ്രങ്ങൾ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ച ഭാഗങ്ങളും സുധാകരൻ വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു.

ബിജെപി അധ്യക്ഷൻ അമിത് ഷായുമായി സുധാകരൻ ചെന്നൈയിൽ കൂടിക്കാഴ്ച നടത്തിയെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അതിനു പിന്നാലെ, തനിക്കു ബിജെപിയിലേക്കു ക്ഷണമുണ്ടായിരുന്നുവെന്നു സുധാകരൻ ടിവി ചാനലിൽ വെളിപ്പെടുത്തിയതോടെയാണു വിവാദം തുടങ്ങിയത്. അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണം താൻ കയ്യോടെ നിരസിച്ചുവെന്നും, കോൺഗ്രസ് വിട്ടാൽ തനിക്കു മറ്റൊരു രാഷ്ട്രീയമില്ലെന്നും ചാനൽ അഭിമുഖത്തിൽ‌ സുധാകരൻ വ്യക്തമാക്കിയെങ്കിലും, അഭിമുഖത്തിൽനിന്നുള്ള ചില വാചകങ്ങൾ സുധാകരന്റെ ബിജെപി പ്രവേശനത്തിന്റെ സൂചനയായി സിപിഎം കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നു.

വ്യാഴാഴ്ച രാത്രിയാണു ചാനലിൽ സുധാകരന്റെ അഭിമുഖം വന്നത്. ‘ബിജെപിയുമായി യോജിച്ചു പോവാൻ സാധിക്കുമെന്ന് എനിക്കു തോന്നിയാൽ ഐ വിൽ ഗോ വിത് ബിജെപി. അതിൽ തർക്കമെന്താ? അത് ഞാൻ ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല’–എന്നീ വാചകങ്ങളാണു സിപിഎം ചാനൽ പ്രചരിപ്പിച്ചത്. സിപിഎം അനുകൂല വാട്സാപ് ഗ്രൂപ്പുകളിലും അതിന്റെ വിഡിയോ പ്രചരിക്കുകയും ചെയ്തതോടെ ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകരിൽ തന്നെ ആശയക്കുഴപ്പമുണ്ടായി. തിരുവനന്തപുരത്തു കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം സുധാകരന്റെ ലൈൻ തള്ളിയെന്ന വാർത്തകളും അഭ്യൂഹങ്ങൾക്കു കനംപകർന്നിരുന്നു.

സ്വകാര്യ ചാനലിൽ സുധാകരൻ പറഞ്ഞ വാചകങ്ങൾ ഇങ്ങനെ:

‘എനിക്ക് എന്റേതായൊരു പൊളിറ്റിക്കൽ ഇന്റഗ്രിറ്റിയുണ്ട്. എനിക്കൊരു പൊളിറ്റിക്കൽ വിഷനുണ്ട്. ആ വിഷൻ ആത്യന്തികമായി കോൺഗ്രസിന്റേതാണ്. ബിജെപിയുടെ ചാർജുള്ള ചെന്നൈയിലെ രാജ.... അദ്ദേഹത്തിനു കാണാൻ താൽപര്യമുണ്ട്, പറ്റുമോ എന്നു ചോദിച്ചപ്പോ ഞാൻ പറഞ്ഞു, എനിക്കു താൽപര്യമില്ല. അതു കഴിഞ്ഞ്, അമിത് ഷായെ കാണാൻ താൽപര്യമുണ്ടോ എന്നു ചോദിച്ച് കണ്ണൂരിൽ തന്നെയുള്ള ഒരു ബിജെപി നേതാവ് എന്നെ ബന്ധപ്പെട്ടിരുന്നു. ഞാൻ പറഞ്ഞു എനിക്ക് അങ്ങനെ താൽപര്യമില്ല.... അല്ലാതെ ബിജെപിയുടെ ഉത്തരവാദിത്തപ്പെട്ട ഒരു നേതാവുമായും ഞാൻ ചർച്ച നടത്തിയിട്ടില്ല. അതു ശുദ്ധ അസംബന്ധമാണ്.

ഞാൻ ചോദിക്കട്ടെ, എനിക്കു ബിജെപിയിൽ പോണമെങ്കിൽ പി.ജയരാജന്റെയോ ഇ.പി.ജയരാജന്റെയോ സർട്ടിഫിക്കറ്റൊന്നും വേണ്ടല്ലോ. ഐ കാൻ ‍ഡിസൈഡ്. എന്റെ പൊളിറ്റിക്കൽ ഫെയ്റ്റ് ഐ കാൻ ഡിസൈഡ്. ആരു ചോദിക്കാൻ പോകുന്നു, ആര് അന്വേഷിക്കാൻ പോകുന്നു? ആർക്കാ എതിർക്കാൻ പറ്റുക? ബിജെപിയുമായി യോജിച്ചു പോകാൻ സാധിക്കുമെന്ന് എനിക്കു തോന്നിയാൽ ഐ വിൽ ഗോ വിത് ബിജെപി. അതിൽ തർക്കമെന്താ? അത് ഞാൻ ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. അത് എന്റെ വിഷനാണ്. എന്റെ കാഴ്ചപ്പാടാണ്.

പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഞാനതു കാറ്റഗോറിക്കലായിട്ടു പറഞ്ഞു. ബിജെപിയിലേക്കു പോകുന്നതിനെക്കുറിച്ചു ചിന്തിക്കുക പോലും ചെയ്തിട്ടില്ല. എന്റെ പൊളിറ്റിക്കൽ അഫിലിയേഷൻ വിത് കോൺഗ്രസ്. എന്റെ പൊളിറ്റിക്കൽ പ്രിൻസിപ്പിൾ, ഇറ്റ് ഈസ് അഫിലിയേറ്റഡ് വിത് കോൺഗ്രസ്. അങ്ങനെ ഒരു തിങ്കിങ്ങിനപ്പുറത്ത് എനിക്ക് ഇല്ല. കോൺഗ്രസുമായി പ്രവർത്തന രംഗത്തു നിന്നു മാറി നിൽക്കുന്നുണ്ടെങ്കിൽ പൊളിറ്റിക്സ് നിർത്തുക എന്നതിനപ്പുറത്ത് ഒന്നുമില്ല..’.

സിപിഎം കേന്ദ്രങ്ങൾ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ച വിഡിയോയിൽ ഉള്ളത് ഇങ്ങനെ:

‘എന്റെ അടുത്തു ദൂതന്മാർ പലരും വന്നിരുന്നു, സംസാരിച്ചിരുന്നു, എന്നതു സത്യമാണ്. ആദ്യം വന്നത് ബിജെപിയുടെ ചാർജുള്ള ചെന്നൈയിലെ രാജ... അദ്ദേഹത്തിനു കാണാൻ താൽപര്യമുണ്ട്, കാണാൻ പറ്റുമോ എന്നു ചോദിച്ചു. അതു കഴിഞ്ഞിട്ട്, അമിത് ഷായെ കാണാൻ താൽപര്യമുണ്ടോ എന്നു ചോദിച്ചിട്ടു കണ്ണൂരിൽ തന്നെയുള്ള ഒരു ബിജെപി നേതാവ് എന്നെ ബന്ധപ്പെട്ടിരുന്നു. എനിക്കു ബിജെപിയുമായി യോജിച്ചു പോവാൻ സാധിക്കുമെന്ന് എനിക്കു തോന്നിയാൽ ഐ വിൽ ഗോ വിത് ബിജെപി. അതിൽ തർക്കമെന്താ? അത് ഞാൻ ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. അത് എന്റെ വിഷനാണ്. എന്റെ കാഴ്ചപ്പാടാണ്’.