Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാക്പോരിനു പിന്നാലെ കൂടിക്കാഴ്ചയ്ക്ക് ട്രംപും കിമ്മും; ആകാംക്ഷയോടെ ലോകരാജ്യങ്ങൾ

trump-kim

വാഷിങ്ടൺ∙ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താനുള്ള ക്ഷണം യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് സ്വീകരിച്ചതിനു പിന്നാലെ, ഇതിനായുള്ള പ്രാഥമിക നീക്കങ്ങൾ യുഎസ് ആരംഭിച്ചതായി റിപ്പോർട്ട്. കൂടിക്കാഴ്ചയുടെ സ്ഥലവും, പരിഗണനാ വിഷയങ്ങളും സംബന്ധിച്ചാണ് കൂടിയാലോചനകൾ നടക്കുന്നത്. അതേസമയം, ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് സാധ്യത തീർത്തും വിരളമാണെന്നു കരുതുന്നവരും ട്രംപ് ഭരണകൂടത്തിലുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ദക്ഷിണ കൊറിയ വഴി എത്തിയെന്നു പറയപ്പെടുന്ന ക്ഷണത്തിന്റെ ആധികാരികത ഉറപ്പിക്കുന്നതിനും ബന്ധം ഊഷ്മളമാക്കുന്നതിനും ആദ്യം ഉത്തര കൊറിയയുമായി നേരിട്ടു ബന്ധം സ്ഥാപിക്കാനാണ് യുഎസ് ശ്രമിക്കേണ്ടതെന്ന് ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ചയ്ക്കു തയാറായ കിമ്മിന്റെ നിലപാട് ഏതു നിമിഷം വേണെമെങ്കിലും മാറാമെന്നും ഇവർ മുന്നറിയിപ്പു നൽകുന്നു. ഉത്തര കൊറിയൻ നേതാവിനെ കാണാൻ ട്രംപ് തയാറാണെന്ന വിവരം വൈറ്റ് ഹൗസ് ആണു പുറത്തുവിട്ടത്. മേയ് മാസത്തോടെ കൂടിക്കാഴ്ചയുണ്ടാകുമെന്നായിരുന്നു സൂചന. സ്ഥലവും തീയതിയും തീരുമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.

വെല്ലുവിളിച്ച് തുടക്കം

ഉത്തര കൊറിയയുടെ ആണവ, മിസൈൽ പദ്ധതികളുടെ പേരിൽ യുഎസ് അടക്കമുള്ള ലോകരാജ്യങ്ങൾ അവർക്കെതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. യുഎസിനെ അടക്കം ആക്രമിക്കാനുള്ള ശേഷി തങ്ങൾക്കുണ്ടെന്നു പലതവണ കിം ജോങ് ഉൻ വെല്ലുവിളിക്കുകയും യുഎസ് അധീനതയിലുള്ള ഗുവാം ദ്വീപിനെ ലക്ഷ്യമിടുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ജപ്പാനു മുകളിലൂടെ ദക്ഷിണ ചൈനാ കടലിലേക്കു പലതവണ ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു. യുഎന്നിന്റെ അഭ്യർഥനകളോ ലോകരാജ്യങ്ങളുടെ മുന്നറിയിപ്പോ വകവയ്ക്കാതെ ആണവ പരീക്ഷണങ്ങളുമായി മുന്നോട്ടു പോയി. കിമ്മിന്റെ ഭീഷണികൾക്ക് ഉരുളയ്ക്കുപ്പേരി പോലെ ട്രംപ് മറുപടി നൽകുക കൂടി ചെയ്തതോടെ ലോകം മൂന്നാം ലോകമഹായുദ്ധത്തിലേക്കോ എന്ന ആശങ്കയുയർന്നു.

എന്നാൽ, ഈ വർഷമാദ്യത്തോടെ സംഘർഷസ്ഥിതിക്ക് അയവുവന്നു. ദക്ഷിണ കൊറിയയിൽ നടന്ന ശീതകാല ഒളിംപിക്സിൽ ഉത്തരകൊറിയൻ താരങ്ങൾ പങ്കെടുക്കുകയും പിന്നാലെ ദക്ഷിണ കൊറിയൻ പ്രതിനിധികൾ ഉത്തരകൊറിയയിലെത്തി ചർച്ച നടത്തുകയും ചെയ്തു. ഈ മഞ്ഞുരുകലിന്റെ തുടർച്ചയാവും ട്രംപ്–കിം കൂടിക്കാഴ്ച. ഇരുരാജ്യങ്ങളുടെയും നേതാക്കൾ തമ്മിലുള്ള ആദ്യ കണ്ടുമുട്ടലും. കൂടിക്കാഴ്ചയ്ക്കു തീരുമാനിച്ച കാര്യം ട്രംപ് തന്നെ ട്വിറ്ററിലൂടെ അറിയിച്ചിട്ടുമുണ്ട്. എന്നാൽ, ആണവനിർമാർജന കരാറിന് ഉത്തര കൊറിയ തയാറാകുന്നതു വരെ യുഎസ് ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് അരങ്ങൊരുങ്ങുന്നതിനെ ദക്ഷിണ കൊറിയയും റഷ്യയും സ്വാഗതം ചെയ്തു. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയുമായി ട്രംപ് ഫോണിൽ സംസാരിച്ചു. 

ദൂതുമായി ദക്ഷിണ കൊറിയ

കിം ജോങ് ഉന്നിന്റെ സന്ദേശം ഡോണൾഡ‍് ട്രംപിനു കൈമാറിയതു ദക്ഷിണ കൊറിയ. ഏതാനും ദിവസം മുൻപ് ഉത്തര കൊറിയയിലെത്തി ചർച്ച നടത്തിയ ദക്ഷിണ കൊറിയൻ സംഘത്തലവൻ ചുങ് യി യോങ് ഇപ്പോൾ യുഎസിലുണ്ട്. യോങ് ആണു ട്രംപിനെ ഉത്തരകൊറിയൻ സന്ദർശനത്തിലുണ്ടായ കാര്യങ്ങൾ ധരിപ്പിച്ചത്. കിം ജോങ് ഉന്നും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജേ ഇന്നും അടുത്തമാസം ചർച്ച നടത്താനിരിക്കുകയാണ്. 

വിളിച്ച ചീത്തയ്ക്കു കണക്കില്ല!

ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും പരസ്പരം വിളിച്ച ചീത്തകേട്ടു കഴിഞ്ഞവർഷം ലോകത്തിന്റെ കാതടഞ്ഞു പോയതാണ്! 

‘തലയ്ക്കു സ്ഥിരതയില്ലാത്ത കിളവൻ’ എന്ന് ഒരു ഘട്ടത്തിൽ കിം ജോങ് ഉൻ ട്രംപിനെ വിളിച്ചപ്പോൾ ട്വിറ്ററിൽ ട്രംപിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘സ്വന്തം ജനത്തെ പട്ടിണിക്കിടാനോ കൊല്ലാനോ മടിയില്ലാത്ത ഭ്രാന്തൻ.’ 

ഉത്തര കൊറിയൻ വിദേശകാര്യ സെക്രട്ടറി തന്നെ കിഴവനെന്നു വിളിച്ച് അപമാനിച്ചെന്നു പറഞ്ഞു ട്രംപ് നൽകിയ മറുപടി മറ്റൊരു ഉദാഹരണം: ‘തടിയൻ കുള്ളൻ’ കിമ്മിനെ ഞാൻ പക്ഷേ, അങ്ങനെയൊന്നും വിളിച്ച് അപമാനിക്കില്ല.