Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈകൂപ്പി ‘രാഷ്ട്രീയ ഗുരു’ അഡ്വാനി, മുഖം തിരിച്ച് ‘ശിഷ്യൻ’ മോദി, വിവാദം – വിഡിയോ

Adwani-Modi പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ കൈകൂപ്പുന്ന എൽ.കെ. അഡ്വാനി. (വിഡിയോ ദൃശ്യം)

ന്യൂഡൽഹി∙ കാൽനൂറ്റാണ്ടു കാലത്തെ സിപിഎം ഭരണത്തിനു വിരാമമിട്ടു ത്രിപുരയിലെ പത്താമത്തെ മുഖ്യമന്ത്രിയായി ബിപ്ലവ് കുമാർ ദേവ് (48) സ്ഥാനമേറ്റ ചരിത്ര മുഹൂർത്തത്തിൽ ബിജെപിയെ തിരിഞ്ഞുകൊത്തി വിവാദം. സത്യപ്രതിജ്ഞാ ചടങ്ങിനിടെ ബിജെപിയുടെ മുതിർന്ന നേതാവും രാഷ്ട്രീയ ഗുരുവുമായ എൽ.കെ. അഡ്വാനിയെ പൊതുവേദിയിൽവച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചുവെന്നാണ് ആരോപണം. 

സംഭവത്തിന്റെ വിഡിയോ പുറത്തു വന്നതോടെ മോദിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാകുകയും ചെയ്തു. ‘രാഷ്ട്രീയ ഗുരുവിനു ശിഷ്യന്റെ ദക്ഷിണ’ എന്ന പേരിൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തു. വേദിയിലേക്കു കയറിവന്ന പ്രധാനമന്ത്രിയെ കൈകൂപ്പി അഭിവാദ്യം ചെയ്ത അ‍ഡ്വാനിയെ കണ്ടില്ലെന്നു നടിച്ച് മോദി നടന്നു പോകുന്നതു വിഡിയോ ദൃശ്യങ്ങളിൽ വ്യക്തവുമാണ്. 

മോദി വേദിയിൽ എത്തിയതോടെ വേദിയിലുളളവരെല്ലാം എഴുന്നേറ്റുനിന്ന് ആദരം പ്രകടിപ്പിച്ചു. ഓരോരുത്തരെയായി അഭിവാദ്യം ചെയ്ത മോദി അഡ്വാനിയെ പരിഗണിക്കാതെ കടന്നുപോയി. വേദിയിൽ അഡ്വാനിക്കു സമീപമുണ്ടായിരുന്ന ത്രിപുര മുൻ മുഖ്യമന്ത്രി മാണിക് സർക്കാരിനോടു ദീർഘനേരം സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു. 

ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുരളി മനോഹര്‍ ജോഷി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്ത വേദിയിലാണ് അഡ്വാനി അപമാനിക്കപ്പെട്ടത്. തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സഹകരണത്തിന്റെ ഭാഷയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. സിപിഎമ്മിനെ പ്രതിനിധീകരിച്ചു മുൻ മുഖ്യമന്ത്രി മണിക് സർക്കാർ മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ.

related stories