Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെയ്ജിങ്ങിനെ ‘വിഴുങ്ങി’ പുകമഞ്ഞ്; ‘ഓറഞ്ച് അലെർട്’ പ്രഖ്യാപിച്ചു; ജാഗ്രതാ നിർദേശം

China-Pollution ചൈനയിലെ കെട്ടിടങ്ങളെ മൂടി മഞ്ഞ് (ഫയൽ ചിത്രം)

ബെയ്ജിങ്∙ അന്തരീക്ഷ മലിനീകരണത്താൽ വീർപ്പുമുട്ടി ചൈനയുടെ തലസ്ഥാനം ബെയ്ജിങ്. മലിനീകരണം രൂക്ഷമായതിനെത്തെുടർന്നു ബെയ്ജിങ് മുനിസിപ്പൽ എൻവയോണ്മെന്റൽ പ്രൊട്ടക്‌ഷൻ മോണിറ്ററിങ് സെന്റർ (ബിഎംഇഎംസി) ‘ഓറഞ്ച് അലെർട്’ പ്രഖ്യാപിച്ചു. മലിനീകരണം സംബന്ധിച്ചു ചൈന നൽകുന്ന നാലു തലത്തിലുള്ള മുന്നറിയിപ്പു സംവിധാനത്തിൽ ഏറ്റവും രൂക്ഷമായതിനു തൊട്ടു താഴെയുള്ള മുന്നറിയിപ്പാണിത്. 

മാർച്ച് 12 മുതൽ 14 വരെയായിരിക്കും ഈ മുന്നറിയിപ്പ് നിലനിൽക്കുക. നഗരത്തെ വീർപ്പുമുട്ടിക്കും വിധമുള്ള അന്തരീക്ഷ മലിനീകരണം മാർച്ച് 14 വരെ തുടരുമെന്നാണറിയുന്നത്. ഇപ്പോൾത്തന്നെ പുകമഞ്ഞ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളാൽ ബെയ്ജിങ്ങിനെ ഏറെ അലട്ടുന്നുണ്ട്. മലിനീകരണം കുറയ്ക്കുന്നതിനുള്ള അടിയന്തര നടപടികൾക്കും അധികൃതർ തുടക്കമിട്ടു. വ്യാവസായിക ഉൽപാദനം കുറയ്ക്കുന്നതുൾപ്പെടെയുള്ള നടപടികളാണു നടപ്പാക്കുന്നത്.

ബെയ്ജിങ് നിവാസികൾ മലിനീകരണത്തിന് ഏറെ സാധ്യതയുള്ള പടക്കങ്ങൾ പൊട്ടിക്കരുതെന്നു നിർദേശമുണ്ട്. പുറത്തേക്കുള്ള വിനോദയാത്രകളും പരമാവധി ഒഴിവാക്കണം. പൊടി നിറഞ്ഞ നിർമാണ പ്രവൃത്തികളിൽ നിന്നും വിട്ടുനിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.   മാർച്ച് 14 വരെ മാത്രമേ പ്രശ്നം കാണുകയുള്ളൂവെന്നും  വിദഗ്ധർ പറയുന്നു. അതിനു ശേഷം താപനില കുറയാൻ സാധ്യതയുള്ളതിനാൽ പുകമഞ്ഞ് ഇല്ലാതാകുമെന്നാണു കരുതുന്നത്. 

2013ലാണ് അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച മുന്നറിയിപ്പിനായി നാലു തലത്തിലുള്ള ‘കളർ കോഡ്’ സംവിധാനം ചൈന തയാറാക്കിയത്. മൂന്നു ദിവസത്തിലേറെ തുടർച്ചയായി പുകമഞ്ഞുണ്ടായാൽ നൽകുന്ന റെഡ് അലർട് ആണ് ഇതിൽ ഏറ്റവും വലുത്. മൂന്നു ദിവസം വരെ പുകമഞ്ഞ് നിലനിൽക്കുമ്പോഴാണ് ഓറഞ്ച് അലർട്. രണ്ടു ദിവസമാണെങ്കിൽ യെലോ അലർടും ഒരു ദിവസമാണെങ്കിൽ ബ്ലൂ അലർടുമാണു നൽകുക.

2020നകം മലിനീകരണത്തിനു പ്രതിനിധി കണ്ടെത്തുകയെന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് ഇക്കഴിഞ്ഞ ഒക്ടോബറിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പറഞ്ഞിരുന്നു. ഇതിനു വേണ്ടി പുതിയ പദ്ധതിക്കും രൂപം നൽകാനൊരുങ്ങുകയാണ്.

പരിസ്ഥിതിമലിനീകരണമുണ്ടാക്കിയാൽ അത് പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്തം അതിന്റെ കാരണക്കാർക്കു മേൽ നിയമം മൂലം ചുമത്തുന്ന നീക്കമാണിത്. അവർക്കു സാധിച്ചില്ലെങ്കിൽ സർക്കാർ പ്രശ്നം പരിഹരിക്കും, പക്ഷേ അതിനു വരുന്ന ചെലവ് മലിനീകരണത്തിന്റെ കാരണക്കാർ നൽകണം.

related stories