Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓപ്രയ്ക്കെതിരെ മത്സരിക്കണമെന്ന് ട്രംപ്; 2020ലെ മുദ്രാവാക്യം ‘കീപ് അമേരിക്ക ഗ്രേറ്റ്’

Oprah-Winfrey-Donald-Trump ഓപ്ര വിൻഫ്രി , ഡോണൾഡ് ട്രംപ്.

വാഷിങ്ടൻ∙ രണ്ടു വർഷത്തിനു ശേഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ഉറപ്പാക്കി ഡോണൾഡ് ട്രംപ്. 2020ലെ തിരഞ്ഞെടുപ്പിനുള്ള മുദ്രാവാക്യവും അദ്ദേഹം പുറത്തുവിട്ടു– ‘കീപ് അമേരിക്ക ഗ്രേറ്റ്’. കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പു മുദ്രാവാക്യമായ ‘മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്റെ’ ചുവടുപിടിച്ചാണു പുതിയ വാക്കുകൾ.

താനൊരിക്കൽ കൂടി മത്സരിക്കുകയാണെങ്കിൽ ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കും’ എന്ന മുദ്രാവാക്യം ഉപയോഗിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. പെൻസിൽവാനിയയിലെ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അമേരിക്കയെ മികവുറ്റതാക്കാൻ വേണ്ടിയാണു തന്റെ ശ്രമങ്ങളെല്ലാം. അതെല്ലാം ചെയ്തു കഴിഞ്ഞു. അമേരിക്ക എല്ലാ മേഖലയിലും തിരിച്ചു വന്നിരിക്കുന്നു. അദ്ഭുതങ്ങളാണ് രാജ്യം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഈ പുരോഗതിയുടെ വേഗം ചോരാതെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. അമേരിക്ക വീണ്ടും മഹത്തായ സ്ഥാനത്തെത്തിയ സാഹചര്യത്തില്‍ ഇനി അതു നിലനിർത്തുകയാണു വേണ്ടത്. അതുകൊണ്ടാണ് മുദ്രാവാക്യത്തിലും മാറ്റം വരുത്തുന്നത്. 

രാജ്യത്തെ സാമ്പത്തികസ്ഥിതി വളരുകയാണ്. നഷ്ടപ്പെട്ട തൊഴിലുകളെല്ലാം തിരികെ വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരു വർഷം കൊണ്ട് 30 ലക്ഷം തൊഴിലവസരങ്ങളാണു സൃഷ്ടിച്ചത്.  നികുതി മേഖലയിൽ ഉൾപ്പെടെ ഒട്ടേറെ പരിഷ്കാരങ്ങൾ കൊണ്ടുവന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

2020ൽ ടെലിവിഷൻ താരം ഓപ്ര വിൻഫ്രിയുമായി മത്സരിക്കാനാണു താൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ‘ഓപ്രയ്ക്കെതിരെ മത്സരിക്കാനാണ് ആഗ്രഹം. അവരുടെ ദൗർബല്യങ്ങളെല്ലാം എനിക്കറിയാം. മത്സരിക്കുകയാണെങ്കില്‍ ഓപ്രയ്ക്കു ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അനുഭവമായിരിക്കും തിരഞ്ഞെടുപ്പ് സമ്മാനിക്കുക’ –ട്രംപ് പറഞ്ഞു.

പ്രതിപക്ഷത്തുള്ള ഡെമോക്രാറ്റിക് നേതാക്കൾക്കെതിരെ ശക്തമായ ഭാഷയിലാണ് ട്രംപ് സംസാരിച്ചത്. മാധ്യമങ്ങൾക്കെതിരെയും ആഞ്ഞടിച്ചു. 2020ൽ വീണ്ടും മത്സരിക്കുമെന്ന കാര്യത്തിൽ മാറ്റമൊന്നും ഉണ്ടാകാനിടയില്ലെന്നും ട്രംപ് വ്യക്തമാക്കി.