Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിലെ വാട്ടർ മെട്രോ പദ്ധതിയും അവതാളത്തില്‍; കേരളത്തിന് എന്തു പറ്റുന്നു?

fort-kochi-vypin-boat

കൊച്ചി∙ കൊച്ചി മെട്രോയുടെ അനുബന്ധ പദ്ധതിയായ വാട്ടർ മെട്രോയും ‘വെള്ളത്തിലായ’ അവസ്ഥയിൽ‍. പദ്ധതി നിര്‍വഹണം പാളിയതോടെ മനംമടുത്ത് വാട്ടർ മെട്രോ ചുമതലയുള്ള ജനറല്‍ മാനേജര്‍ രാജിവച്ചു. 740 കോടി രൂപയുടെ പദ്ധതിക്ക് ജര്‍മന്‍ ബാങ്ക്  570 കോടിരൂപയാണ് വായ്പയായി അനുവദിച്ചത്.

38 പുതിയ ജെട്ടികള്‍, 78 അതിവേഗ ബോട്ടുകള്‍, പത്ത് ദ്വീപുകളെ ബന്ധിപ്പിച്ച് 76 കിലോമീറ്റര്‍ നീളുന്ന ജലപാത ഇതായിരുന്നു പദ്ധതിയുടെ സാരാംശം. എല്ലാറ്റിനും ചേര്‍ത്ത് 747 കോടി രൂപയാണ് ബജറ്റിട്ടത്. ഇതില്‍ 570 കോടി ജര്‍മന്‍ ബാങ്ക് വായ്പ നൽകാമെന്നു സമ്മതിച്ചിരുന്നു. 2020ല്‍ പൂര്‍ത്തിയാകേണ്ട പദ്ധതിയെ, സുന്ദരമായ  നടക്കാത്ത സ്വപ്നമെന്ന്  വിശേഷിപ്പിക്കേണ്ടി വരുമോ എന്ന സംശയത്തിലാണ് നാട്ടുകാർ.

പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നും ശരിയായ ദിശയിലല്ല മുന്നോട്ടുപോകുന്നത്. വാട്ടര്‍ മെട്രോ ചുമതലയുമായി യുഎസിൽ നിന്നെത്തിയ ജലഗതാഗത വിദഗ്ധൻ കൂടിയായ ബിജിമോന്‍ പുന്നൂസ് ജനറല്‍ മാനേജര്‍ സ്ഥാനം രാജിവച്ചു കഴിഞ്ഞു.

കൊച്ചി മെട്രോയുടെ നിര്‍മാണം മിന്നുംവേഗത്തില്‍ നടന്ന കാലത്താണ് കെഎംആര്‍എല്‍  ജര്‍മന്‍ പ്രതിനിധി സംഘത്തെ കൊച്ചിയിലെത്തിച്ചത്. മെട്രോ നിര്‍മാണ പുരോഗതി കണ്ട് കണ്ണുമഞ്ഞളിച്ച സംഘം മുന്നും പിന്നും നോക്കാതെ വാട്ടർ മെട്രോയുടെ സാധ്യത പരിശോധിച്ചു. ഒടുവില്‍ 570 കോടി രൂപ വായ്പയായി തരാന്‍ കരാറുമായി.

വാട്ടര്‍ മെട്രോയ്ക്കായി ബോള്‍ഗാട്ടിയടക്കം അ‍ഞ്ചു ബോട്ടുജെട്ടികള്‍ക്ക് സമീപം 35 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുകയാണ് ആദ്യം ചെയ്യേണ്ടിയിരുന്നത്. പക്ഷേ, കൊച്ചി മെട്രോയുടെ ഒന്നാംഘട്ട ഉദ്ഘാടനത്തിനു ശേഷം ഒന്നും മുന്നോട്ടു പോയില്ല. മെട്രോയ്ക്ക് ശേഷം വാട്ടര്‍ മെട്രോ എന്ന നിലപാടിലേക്കു സര്‍ക്കാര്‍ ചുരുങ്ങിയതോടെയാണ് പദ്ധതി നിര്‍വഹണം പാളിയത്.