Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖിയിൽ നിന്ന് പാഠം പഠിച്ചു; വേനലിൽ ന്യൂനമർദം മുൻപേ അറിഞ്ഞ് കേരളം

INDIA-WEATHER-CYCLONE-DISASTER-OCHKI

പത്തനംതിട്ട∙  ഇല്ല, ന്യൂനമർദങ്ങൾക്കോ ചുഴലികൾക്കോ ഇനി കേരളത്തെ തോൽപിക്കാനാവില്ല. ഓഖി പകർന്ന പാഠം ഉൾക്കൊണ്ട് ഇന്ത്യൻ കാലാവസ്ഥാ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും മേഘങ്ങൾക്കും ഒരുമുഴം മുൻപേ പറന്ന് മുന്നറിയിപ്പുമായി രംഗത്ത്. ശ്രീലങ്കൻ തീരത്ത് ശനിയാഴ്ച രാവിലെ രൂപം കൊണ്ട ന്യൂനമർദ ഫലമായി കന്യാകുമാരിയിലും തെക്കൻ കേരളത്തിലും കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകുന്നതു വിലക്കിക്കൊണ്ടുള്ള മുന്നറിയിപ്പ് ശനിയാഴ്ച വൈകുന്നേരത്തോടെ നൽകാനായതാണ് ഈ രണ്ടു സ്ഥാപനങ്ങളുടെയും തൊപ്പിയിലെ പൊൻതൂവലായത്. 

ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തെക്കാൾ (ഐഎംഡി) മുൻപേ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുമായി രംഗത്തെത്തിയെന്നു ദുരന്ത നിവാരണ വിഭാഗം മേധാവി ഡോ. ശേഖർ കുര്യാക്കോസ് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരത്തെ ഡൽഹിയിൽ നിന്നുള്ള ബുള്ളറ്റിനിലാണ് ന്യൂനമർദം സംബന്ധിച്ച ഐഎംഡിയുടെ ആദ്യ സൂചനകൾ പുറത്തുവരുന്നത്. 

അതേസമയം തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിന്റെ വെബ്സൈറ്റിൽ ഇക്കാര്യം വന്നിരുന്നില്ല. അവിടെ പതിവുപോലെ എല്ലാദിവസവും ഉച്ച കഴിഞ്ഞു മൂന്നു മണിക്കു പുറത്തിറക്കുന്ന പതിവു ബുള്ളറ്റിനിൽ കേരളത്തിലെ ചുട്ടുപൊള്ളുന്ന ചൂടിന്റെ വിവരങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്നലെ രാവിലെ പ്രത്യേക ബുള്ളറ്റിൻ ഇറക്കി തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രവും മികവു തെളിയിച്ചു. ഇൻകോയ്സും ഇന്നലെയാണ് മുന്നറിയിപ്പു നൽകിയത്. 

ആദ്യ സൂചന ലങ്കയിൽ നിന്ന്

കൊളംബോയിൽ മഴ പെയ്താൽ  കേരളം കുടയെടുക്കണോ? അതെ എന്ന് ഉത്തരം. വേനലിൽ പെട്ടെന്ന് രൂപപ്പെട്ട ഇപ്പോഴത്തെ ന്യൂനമർദത്തിന്റെ ആദ്യ വേരുകൾ ശ്രീലങ്കയോടു ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിലായതിനാലാണ് ലങ്കയിലെ മഴ കേരളത്തിനുള്ള മുന്നറിയിപ്പാകുന്നത്. ശ്രീലങ്കയിലെയും കാലാവസ്ഥ നിരീക്ഷിക്കുന്ന സ്കൈമെറ്റ് പോലെയുള്ള സ്വകാര്യ കാലാവസ്ഥാ ഏജൻസികൾക്കു വെള്ളിയാഴ്ച മുതലേ സൂചന ലഭിചിരുന്നു.

കഴിഞ്ഞ രണ്ടു ദിവസമായി നല്ല വേനൽമഴ ലഭിക്കുന്നു. ഇന്നും നാളെയും പത്തു സെന്റീമീറ്റർ വരെ കനത്ത മഴ ലഭിക്കുമെന്നും ശ്രീലങ്കൻ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി. കൊളംബോയിൽ മഴ പെയ്താൽ കേരളം സൂക്ഷിക്കണമെന്ന പുതിയൊരു തിരിച്ചറിവും ഈ ന്യൂനമർദം നമ്മെ പഠിപ്പിക്കുന്നതായി ശാസ്ത്ര നിരീക്ഷകനായ ഡോ. രാജഗോപാൽ കമ്മത്ത് പറഞ്ഞു. ഓഖിയ്ക്കു മുന്നോടിയായും ലങ്കയിൽ കനത്ത മഴ പെയ്തിരുന്ന സാഹചര്യത്തിൽ അവിടുത്തെ മഴയും ഗൗരവമായെടുക്കണം. 

മുൻപേ അറിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫിസും 

ഐഎസ്ആർഒയുടെ തിരുവനന്തപുരം ഡോപ്ലർ റഡാറിൽ നിന്നും ഉപഗ്രഹ ചിത്രങ്ങളിൽ നിന്നും ന്യൂനമർദം സംബന്ധിച്ച സൂചന നേരത്തെ ലഭിച്ചിരുന്നതായി മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി. ദത്തൻ പറഞ്ഞു. ഇത് ദുരന്ത നിവാരണ വകുപ്പിനെ അറിയിച്ചപ്പോഴേക്കും ഐഎംഡിയുടെ മുന്നറിയിപ്പും ലഭിച്ചു. പക്ഷെ 36 മണിക്കൂർ കടലിൽ പോകുന്നതു വിലക്കുകയും കാര്യമായി കാറ്റ് അടിക്കാതിരിക്കുകയും ചെയ്യാതിരുന്നാൽ വിമർശനം ഉയരുമെന്നതും കണക്കിലെടുക്കണമെന്ന് ഡോ. ദത്തൻ പറഞ്ഞു. 

ചുഴലിക്കാറ്റായി മാറാൻ സാധ്യത കുറവ് 

‘ഓഖിയുടെ കാര്യത്തിൽ സംഭവിച്ചതുപോലെ ഈ ന്യൂനമർദം വൻ ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കുറവാണ്. ശക്തിയേറിയ ന്യൂനമർദമായി (ഡീപ് ഡിപ്രഷൻ) മാറി വടക്കോട്ടു നീങ്ങി 15–ാം തീയതിയോടെ കെട്ടടങ്ങാനാണ് സാധ്യത. എന്നാൽ കടലിലെ താപനില 29–30 ഡിഗ്രി ഉയർന്നു നിൽക്കുന്നതിനാൽ ചുഴലി മേഘങ്ങൾക്ക് അനുകൂല സാഹചര്യമാണ്. കരുതലെടുക്കണമെന്ന മുന്നറിയിപ്പ് കേരള, തമിഴ്നാട് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കു നൽകി’

ഡോ. എം മഹാപത്ര, ഡയറക്ടർ, റീജനൽ സ്പെഷ്യലൈസ്ഡ് മെറ്റീരിയോളജി സെന്റർ,  ന്യൂഡൽഹി 

related stories