Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്നറിയിപ്പു സംവിധാനം ശക്തമാക്കി സർക്കാർ; മത്സ്യത്തൊഴിലാളികൾ ബുധനാഴ്ച വരെ കടലിൽ പോകരുത്

Cyclone Ockhi Rescue

തിരുവനന്തപുരം∙ ബുധനാഴ്ച വരെ കടലിൽ പോകരുതെന്നു മത്സ്യത്തൊഴിലാളികൾക്കു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻകേരള, തമിഴ്നാട് തീരത്ത് കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ശ്രീലങ്കൻ തീരത്തു രൂപപ്പെട്ട ന്യൂനമർദ പാത്തി ശക്തിയാർജിച്ചു മുന്നോട്ടു പോകുകയാണെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇതിന്‍റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടി ശക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗം തീരുമാനിച്ചു. ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നില്ലെന്ന് ഉറപ്പുവരുത്തും. ഞായറാഴ്ച രാത്രി മുന്നറിയിപ്പ് ഉണ്ടായപ്പോള്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ ഫലപ്രദമാണെന്നു യോഗം വിലയിരുത്തി. ജില്ലാ കലക്ടര്‍മാര്‍, റവന്യൂ-ഫിഷറീസ് വകുപ്പുകള്‍, കോസ്റ്റല്‍ പൊലീസ് എന്നിവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

മത്സ്യത്തൊഴിലാളി മേഖലയില്‍ സന്ദേശമെത്തിക്കാന്‍ വിവിധ സംഘടനകള്‍, മതപുരോഹിതര്‍, മത്സ്യത്തൊഴിലാളി സംഘടനകള്‍ എന്നിവരുടെ സേവനം കൂടി ഉപയോഗിച്ചു. പരമാവധി ആളുകളെ കടലില്‍ പോകുന്നതില്‍ നിന്നും തടയാനായെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ സന്ദേശങ്ങള്‍ അതാത് സമയങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് എത്തിക്കാന്‍ വിവിധ വകുപ്പുകള്‍ക്കു യോഗം നിര്‍ദേശം നല്‍കി. നേരത്തേ കടലില്‍ മീന്‍പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പ് സന്ദേശങ്ങള്‍ എത്തിക്കണമെന്നും നിര്‍ദേശം നല്‍കി.

കന്യാകുമാരിക്കു തെക്ക് രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായേക്കും എന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശ്രീലങ്കയ്ക്ക് പടിഞ്ഞാറും ലക്ഷദ്വീപിന് കിഴക്കും കന്യാകുമാരിക്കും തിരുവനന്തപുരത്തിനും പടിഞ്ഞാറും ഉള്ള തെക്കന്‍ ഇന്ത്യന്‍ കടലില്‍ മത്സ്യബന്ധനം പാടില്ലെന്നും നിരീക്ഷണകേന്ദ്രം അറിയിക്കുന്നു. തെക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ഈ മാസം 14 വരെ  ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

ഏതാനും മാസം മുൻപ് സംസ്ഥാനത്ത് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിൽ ഒട്ടേറെ പേർ കൊല്ലപ്പെട്ടിരുന്നു. കടലിൽ കാണാതായ നൂറോളം പേരുടെ വിവരങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. ഓഖി ആഞ്ഞടിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പു സംവിധാനം ശക്തിപ്പെടുത്താനുള്ള നടപടികളും സർക്കാർ ശക്തമാക്കിയിരുന്നു.