Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഡിജെഎസ് മുന്നണി വിടില്ല; കേന്ദ്ര പദ്ധതികളെപ്പറ്റി വ്യാജപ്രചാരണം: കുമ്മനം

Kummanam Rajashekharan ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. (ഫയൽ ചിത്രം)

ചെങ്ങന്നൂർ∙ ബിഡിജെഎസ് എൻഡിഎ വിട്ടു പോകുമെന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും പ്രശ്‌നങ്ങൾ ചർച്ചയിലൂടെ രമ്യമായി പരിഹരിക്കുമെന്നും  ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇരുമുന്നണികളുടെയും ജനദ്രോഹ നടപടികൾക്കും സാമൂഹ്യ അസമത്വത്തിനും ബദൽ എന്ന നിലയിലാണു ദേശീയ ജനാധിപത്യ സഖ്യം കേരളത്തിൽ രൂപീകരിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ കേരള രാഷ്ട്രീയത്തിൽ എൻഡിഎ അനിവാര്യമാണ്. അതിനാൽ ബി‍‍ഡിജെഎസ് സഖ്യം വിട്ടു പോകില്ലെന്നാണു വിശ്വാസം.

കേരളത്തിൽ എൻഡിഎയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കാണു ബി‍ഡിജെഎസ് വഹിച്ചിട്ടുള്ളത്. ബി‍ഡിജെഎസിനു കേന്ദ്ര പദവികൾ കിട്ടുന്നതിൽ ബിജെപി കേരള ഘടകത്തിനു വിയോജിപ്പില്ല. ഇതിനായി പരമാവധി ശ്രമിക്കുന്നുമുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണു കരുതുന്നത്. ചെങ്ങന്നൂരിലെ എൻഡിഎ സ്ഥാനാർഥിയെ രണ്ടോ മൂന്നോ ദിവസത്തിനകം കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും കുമ്മനം മാധ്യമങ്ങളോടു പറഞ്ഞു.

കേന്ദ്രപദ്ധതികൾ പ്രചരിപ്പിക്കണം

കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളുടെ ആനുകൂല്യം കിട്ടേണ്ടതു നാട്ടിലെ ഓരോരുത്തരുടെയും അവകാശമാണ്. എന്നാൽ ഇതു ജനങ്ങളിലേക്ക് എത്താതിരിക്കാൻ ബോധപൂർവമായ ശ്രമം കേരളത്തിൽ നടക്കുന്നുണ്ടെന്നു കുമ്മനം പറഞ്ഞു. ഇക്കാര്യം ജനങ്ങളിലേക്ക് എത്തിക്കേണ്ടത് ഓരോ ബിജെപി പ്രവർത്തകന്‍റെയും കടമായാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രചാരണത്തിനായി തിരഞ്ഞെടുത്തവർക്കുള്ള ശിൽപശാല അദ്ദേഹം ചെങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്തു.

കേന്ദ്രപദ്ധതികളെപ്പറ്റി വ്യാജ പ്രചരണമാണു ചില കേന്ദ്രങ്ങള്‍ നടത്തുന്നത്. ഇതു മറികടക്കാനുള്ള ശ്രമം ബിജെപി പ്രവർത്തകർ നടത്തണം. ഇതിനായി വീടുകൾ കയറിയുള്ള പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണം. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനം കിട്ടുന്ന പദ്ധതികൾ കേന്ദ്രം ആവിഷ്കരിച്ചിട്ടുണ്ട്.

ദലിതർ, പിന്നാക്കക്കാർ, പട്ടികജാതി-പട്ടിക വിഭാഗം, സ്ത്രീകൾ, പെൺകുട്ടികൾ, തൊഴിലില്ലാത്ത ചെറുപ്പക്കാർ, വിരമിച്ചവർ, രോഗബാധിതർ, ഭിന്നശേഷിക്കാർ, ദിവ്യാംഗർ, ഭവനരഹിതർ, വൈദ്യുതി- പാചകവാതകം ഇല്ലാത്തവർ  തുടങ്ങിയവർക്കെല്ലാം പ്രയോജനം കിട്ടുന്ന പദ്ധതികളാണു കേന്ദ്രം നടപ്പാക്കുന്നതെന്നും കുമ്മനം വിശദീകരിച്ചു.