Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിമ്മിനെ നേരിടാൻ ‘ടീം’ ഒരുക്കി ട്രംപ്: ടില്ലേഴ്സൻ പുറത്ത്, പോംപിയും ജീനയും അകത്ത്

USA-TILLERSON/NUCLEAR ഡോണൾഡ് ട്രംപിനൊപ്പം റെക്സ് ടില്ലേഴ്സൻ (ഫയൽ ചിത്രം)

വാഷിങ്ടൻ∙ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായി ചർച്ചയ്ക്കൊരുങ്ങുന്നതിനു മുന്നോടിയായി ‘വിദഗ്ധ സംഘത്തെ’ ഒരുക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സനെ പുറത്താക്കിയ അദ്ദേഹം പകരം സിഐഎ ഡയറക്ടർ മൈക്ക് പോംപിയെ ആ സ്ഥാനത്തു നിയോഗിച്ചു.

പോംപിയുടെ സ്ഥാനത്ത് ഇനി ജീന ഹാസ്പെലായിരിക്കും സിഐഎയെ നയിക്കുക. അമേരിക്കൻ ചാരസംഘടനയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയായും അതോടെ ജീന മാറും. നിലവിൽ സിഐഎ ഡപ്യൂട്ടി ഡയറക്ടറാണു ജീന. ഏറെ നാള്‍ നീണ്ട ‘ശീതയുദ്ധ’ത്തിനൊടുവിലാണു തന്റെ പ്രധാന വിമർശകരിലൊരാളായ ടില്ലേഴ്സനെ ഡോണൾഡ് ട്രംപ് പുറത്താക്കുന്നത്. ഇതുസംബന്ധിച്ചുള്ള ട്വീറ്റും ട്രംപിന്റേതായി പുറത്തുവന്നു. ടില്ലേഴ്സനു ട്വിറ്ററിൽ നന്ദി പറഞ്ഞ ട്രംപ് വരാനിരിക്കുന്ന സ്റ്റേറ്റ് സെക്രട്ടറി മികച്ച പ്രകടനമായിരിക്കും കാഴ്ചവയ്ക്കുകയെന്നും വ്യക്തമാക്കി. ഒരു വർഷം മുൻപാണു ടില്ലേഴ്സൻ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തെത്തിയത്. 

ട്രംപിന്റെ സംഘത്തിൽ നിന്നുള്ള ഏറ്റവും വലിയ ‘ഒഴിവാക്കൽ’ എന്നാണു ടില്ലേഴ്സന്റെ പുറത്താക്കലിനെ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്. മാർച്ച് ഒൻപതിനു തന്നെ ടില്ലേഴ്സനോടു രാജി വയ്ക്കാൻ ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തന്റെ ആഫ്രിക്കൻ പര്യടനത്തിനിടെ ഇക്കാര്യം പുറത്തറിയിക്കാതിരിക്കാനായിരുന്നു ട്രംപിന്റെ ശ്രമം. 

ഉത്തരകൊറിയ, റഷ്യൻ ബന്ധം തുടങ്ങിയ വിഷയങ്ങളിൽ ട്രംപും ടില്ലേഴ്സനും തമ്മില്‍ നയപരമായ തർക്കം പതിവായിരുന്നു. എക്സോൺ മോബിൽ കമ്പനിയുടെ തലപ്പത്തു നിന്നാണ് ടില്ലേഴ്സൻ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തെത്തുന്നത്. ട്രംപിനു സമാനമായി ടില്ലേഴ്സനും നേരത്തേ നയതന്ത്ര–രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെട്ടു പരിചയവുമില്ല. ഉത്തരകൊറിയയുമായി ചർച്ചയ്ക്കു മുൻപ് അതിനു ചേർന്ന നയതന്ത്രജ്ഞരെ കണ്ടെത്തേണ്ടതുണ്ടെന്ന് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റൻ മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ ഉത്തരകൊറിയയുമായി ട്രംപ് ചർച്ചയ്ക്കൊരുങ്ങുന്നുവെന്ന വാർത്ത പുറത്തു വന്നപ്പോൾ അതിനെപ്പറ്റി തനിക്കു യാതൊന്നുമറിയില്ലെന്നായിരുന്നു ടില്ലേഴ്സന്റെ  വിശദീകരണം.

ഇംഗ്ലണ്ടിന്റെ മുൻ റഷ്യൻ ചാരനും മകൾക്കും വിഷപ്രയോഗമേറ്റ സംഭവത്തിൽ റഷ്യയെ കഴിഞ്ഞ ദിവസം കനത്ത ഭാഷയിൽ ടില്ലേഴ്സൻ വിമർശിച്ചിരുന്നു. തുടർന്നു പ്രശ്നത്തിൽ വൈറ്റ് ഹൗസ് ഇടപെട്ടാണു റഷ്യയ്ക്കെതിരെയുള്ള പ്രസ്താവനകൾ വിലക്കിയത്. അതേസമയം ട്രംപിനോട് ഏറെ വിധേയത്വം പുലർത്തുന്ന വ്യക്തിയാണ് മൈക്ക് പോംപി.

കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രസിഡന്റുമായുള്ള ഭിന്നതയെത്തുടർന്ന് ടില്ലേഴ്സന്‍ രാജിവയ്ക്കുകയാണെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതു പിന്നീട് ട്രംപും വിദേശകാര്യ സെക്രട്ടറിയും തള്ളി. പെന്റഗണില്‍ നടന്ന യോഗത്തില്‍ ടില്ലേഴ്സന്‍ ട്രംപിനെ ബുദ്ധിശൂന്യനെന്ന് വിശേഷിപ്പിച്ചെന്നും ഇരുവരും തമ്മില്‍ ഭിന്നതകളുണ്ടെന്നും എന്‍ബിസി ചാനലാണ് അന്ന് റിപ്പോർട്ട് ചെയ്തത്.