Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയ്ക്ക് ഇപ്പോഴും ആശ്രയം ആയുധ ഇറക്കുമതി; ‘മെയ്ക് ഇൻ ഇന്ത്യ’ കടലാസിൽ മാത്രം?

Indian Army soldiers പ്രതീകാത്മക ചിത്രം.

ന്യൂഡൽഹി ∙ പ്രതിരോധ മേഖലയിൽ ‘മെയ്ക് ഇൻ ഇന്ത്യ’ കാര്യക്ഷമമായിരുന്നില്ലെന്നതിനു തെളിവായി ആയുധ ഇറക്കുമതിയിൽ വൻ കുതിപ്പ്. ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യം എന്ന സ്ഥാനമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആഗോള തലത്തിൽ 2013-17 കാലയളവില്‍ ആയുധ ഇറക്കുമതിയില്‍ 12 ശതമാനം വര്‍ധന ഉണ്ടായപ്പോൾ, ഇന്ത്യയിൽ കൂടിയത് 24 ശതമാനം.

സ്റ്റോക്കോം ഇന്‍റര്‍നാഷനല്‍ പീസ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോർട്ടിലാണു ഇന്ത്യയുടെ ആയുധ ഇറക്കുമതിയെക്കുറിച്ചു പറയുന്നത്. സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, ചൈന, ഓസ്ട്രേലിയ, അൽജീരിയ, ഇറാഖ്, പാക്കിസ്ഥാൻ, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളാണ് ആയുധ ഇറക്കുമതിയിൽ ഇന്ത്യയ്ക്കു പിന്നിൽ. 2013–17 കാലയളവിൽ ഇന്ത്യയ്ക്കു ഏറ്റവും കൂടുതൽ ആയുധങ്ങൾ കൈമാറിയത് റഷ്യയാണ്; 62 ശതമാനം. യുഎസും (15 ശതമാനം) ഇസ്രയേലുമാണ് (11 ശതമാനം) മറ്റുള്ളവർ.

അമേരിക്കയില്‍ നിന്നുള്ള ആയുധ ഇറക്കുമതിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. റഷ്യ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ആയുധം നൽകുന്നത് അമേരിക്കയാണ്. ഏഷ്യയിൽ ചൈനയുടെ സ്വാധീനം കുറയ്ക്കുകയെന്ന ലക്ഷ്യത്തിൽ നീങ്ങുന്ന യുഎസ്, ഇന്ത്യയെയാണു മേഖലയിലെ പ്രധാന ‘സുഹൃത്തായി’ കാണുന്നത്. 15 ബില്യൻ ഡോളറിന്റെ ഇടപാടാണു ഇക്കാലത്ത് യുഎസും ഇന്ത്യയും തമ്മിലുണ്ടായത്. 2008–2012നും 2013–2017നും ഇടയിൽ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഇടപാടിൽ 557 ശതമാനം വർധനയുണ്ടായി.

അതേസമയം, മേഖലയിൽ വൻശക്തിയാകാൻ ശ്രമിക്കുന്ന ഇന്ത്യയുടെ അയൽരാജ്യമായ ചൈനയുടെ നോട്ടം ആയുധ കയറ്റുമതിയിലാണ്. യുഎസ്, റഷ്യ, ഫ്രാൻസ്, ജർമനി എന്നിവയ്ക്കൊപ്പം ആയുധ കയറ്റുമതിയിൽ ‘ടോപ് 5’ പട്ടികയിലാണു ചൈനയുടെ സ്ഥാനം. പാക്കിസ്ഥാനും (35 ശതമാനം) ബംഗ്ലദേശുമാണു (19 ശതമാനം) ചൈനയുടെ പ്രധാന ഉപയോക്താക്കൾ. പ്രതിരോധ മേഖലയിൽ വിദേശ പങ്കാളിത്തം ഉയർത്താനുള്ള കേന്ദ്രസർക്കാർ നടപടി പ്രതീക്ഷിച്ച ഫലമുണ്ടാക്കിയില്ലെന്നു വ്യക്തമാക്കുന്ന കണക്കുകൾ നേരത്തേയും പുറത്തുവന്നിരുന്നു.

2014 ഏപ്രിൽ മുതൽ കഴിഞ്ഞ ഡിസംബർ വരെയുള്ള കാലയളവിൽ പ്രതിരോധ മേഖലയിലെ മെയ്ക് ഇൻ ഇന്ത്യ പദ്ധതികളിലേക്കെത്തിയ വിദേശ നിക്ഷേപം 1.17 കോടി രൂപ മാത്രമാണ്. മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ വാങ്ങുന്നതിനു വിവിധ രാജ്യങ്ങളുമായി ഇക്കാലയളവിൽ 1.25 ലക്ഷം കോടിയുടെ കരാറുകളിൽ ഇന്ത്യ ഏർപ്പെട്ടെങ്കിലും വിദേശ പങ്കാളിത്തത്തോടെ സ്വന്തം രാജ്യത്ത് ആയുധങ്ങൾ നിർമിക്കാനുള്ള പദ്ധതികൾ ഇഴയുകയാണ്.

പ്രതിരോധ മേഖലയിൽ 49% വിദേശ നിക്ഷേപത്തിനു വഴിയൊരുക്കി 2016ൽ വിദേശ നിക്ഷേപനയം കേന്ദ്രസർക്കാർ ഭേദഗതി ചെയ്തിരുന്നു. മെയ്ക് ഇൻ ഇന്ത്യ പദ്ധതിക്കു കരുത്തേകാൻ ലക്ഷ്യമിട്ടാണു വിദേശ പങ്കാളിത്തത്തോടെയുള്ള പ്രതിരോധ നിർമാണ സംരംഭങ്ങൾക്കു സർക്കാർ പച്ചക്കൊടി കാട്ടിയത്. ആയുധ ഇറക്കുമതി കുറയ്ക്കാനും ലക്ഷ്യമിട്ടിരുന്നു.

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ 50 ലാബുകൾ, അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങൾ, നാലു കപ്പൽശാലകൾ, 41 ആയുധ ഫാക്ടറികൾ തുടങ്ങിയവയാണ് പ്രതിരോധ ഗവേഷണങ്ങൾക്കായി ഇന്ത്യയ്ക്കുള്ളത്. ഇവയെ കൂടുതൽ കാര്യക്ഷമമാക്കി പുതുക്കേണ്ടത് അത്യാവശ്യമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.