Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1.30 ലക്ഷം ഡോളർ തരാം, മിണ്ടാൻ അനുവദിക്കണം: ട്രംപിനോടു നടി സ്റ്റോമി

Donald-Trump-Stormy-Daniels യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സ്റ്റോമി ഡാനിയൽസ്.

ലൊസാഞ്ചലസ് ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള പഴയ രഹസ്യബന്ധം മൂടിവയ്ക്കാൻ നൽകിയ 1.30 ലക്ഷം ഡോളർ മടക്കിനൽകാൻ ഒരുക്കമാണെന്ന് അശ്ലീലചിത്ര നടി സ്റ്റോമി ഡാനിയൽസ്. പകരം ട്രംപുമായുള്ള പഴയ ബന്ധത്തെക്കുറിച്ച് തുറന്നു സംസാരിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം.

‘ഇത് ഉചിതമായ ഇടപാടായിരിക്കും. ഇരുവശത്തെയും വാദമുഖങ്ങൾ കേട്ട് അമേരിക്കൻ ജനതയ്ക്ക് ആരാണ് സത്യം പറയുന്നതെന്നു വിലയിരുത്താൻ ഇതു സഹായിക്കും’ – സ്റ്റോമിയുടെ അഭിഭാഷകൻ മൈക്കൽ അവെനാറ്റി അഭിപ്രായപ്പെട്ടു. പണം മടക്കി വാങ്ങാൻ തയാറായാൽ സ്റ്റോമിക്കു പ്രസിഡന്റ് ട്രംപുമായുള്ള ബന്ധത്തെക്കുറിച്ചു പരസ്യമായി ചർച്ച നടത്താനും ഫോട്ടോ, വിഡിയോ തുടങ്ങി പ്രസിഡന്റുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാനും അനുമതി ലഭിക്കണമെന്നാണ് ആവശ്യം.

പുതിയ വാണിജ്യനിലപാടുകളിലൂടെയും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി നടത്താനിരിക്കുന്ന ചർച്ചയുമായി ബന്ധപ്പെട്ടും പുതിയ പ്രതിച്ഛായ സൃഷ്ടിക്കാൻ വെമ്പുന്ന ട്രംപിന് സ്റ്റോമിയുമായി ബന്ധപ്പെട്ട വാർത്തകൾ അലോസരമുണ്ടാക്കുന്നുണ്ട്.

ട്രംപുമായുള്ള പഴയബന്ധം മൂടിവയ്ക്കാൻ 1.30 ലക്ഷം ഡോളർ സ്റ്റോമിക്ക് അയച്ചുകൊടുത്തതു സ്വന്തം കീശയിൽനിന്നാണെന്നു ട്രംപിന്റെ അഭിഭാഷകൻ മൈക്കൽ കൊയെൻ ഈയിടെ വെളിപ്പെടുത്തിയിരുന്നു. 2016ൽ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായപ്പോഴായിരുന്നു ഇത്. സ്റ്റെഫനി ക്ലിഫഡ് എന്നാണു സ്റ്റോമി ഡാനിയൽസിന്റെ യഥാർഥ പേര്. പ്ലേബോയ് മാഗസിൻ മോഡലായിരുന്ന സ്റ്റോമി, ട്രംപുമായി 2006ൽ തുടങ്ങിയ ബന്ധം രണ്ടുവർഷം തുടർന്നെന്നാണു പറയുന്നത്. ട്രംപുമായുള്ള പഴയ രഹസ്യബന്ധം പുറത്തുപറഞ്ഞു പുകിലുണ്ടാക്കാതിരിക്കാൻ കരാറിനു നിർബന്ധിച്ചെന്ന് ആരോപിച്ച് കലിഫോർണിയ കോടതിയിൽ സ്റ്റോമി കേസ് നൽകിയിരുന്നു.

ട്രംപിന്റെ അഭിഭാഷകൻ മൈക്കൽ കൊയെൻ 1.30 ലക്ഷം ഡോളർ നൽകി വായടപ്പിക്കാൻ ശ്രമിച്ചെന്നാണ് 28 പേജുള്ള പരാതിയിലെ ആരോപണം. ഇതിനുപിന്നാലെ സ്റ്റോമി ഡാനിയൽസ് ഉന്നയിച്ച ആരോപണങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിഷേധിച്ചതും വാർത്തയായി. പഴയ രഹസ്യബന്ധം മൂടിവയ്ക്കാൻ കരാറിനു നിർബന്ധിച്ചെന്നാരോപിച്ചു നടി കോടതിയെ സമീപിച്ചതോടെയാണു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്‌സ് മാധ്യമങ്ങൾക്കു മുൻപാകെ വിശദീകരണം നൽകിയത്. കേസ് മധ്യസ്ഥതയിലൂടെ പ്രസിഡന്റിന് അനുകൂലമായി തീർപ്പാക്കിയിട്ടുണ്ടെന്നായിരുന്നു വൈറ്റ് ഹൗസ് വ്യക്തമാക്കിയത്. ‌