Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീഴാറ്റൂരിൽ വയൽക്കിളികൾ നുണപ്രചാരണവും ആക്രമണങ്ങളും നടത്തുന്നു: സിപിഎം

Vayalkilikal കീഴാറ്റൂർ വയൽകിളികൾ പ്രശ്നത്തിൽ സിപിഎം നേതാക്കൾ കീഴാറ്റൂരിൽ പത്രസമ്മേളനം നടത്തുന്നു

തളിപ്പറമ്പ്∙ കീഴാറ്റൂരിൽ ബൈപാസ് നിർമാണത്തിനു വയൽഭൂമി വിട്ടുനൽകാൻ കർഷകർ സമ്മതപത്രം നൽകിയതു സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇതിനെതിരെ വയൽക്കിളികൾ നുണപ്രചരണം നടത്തുകയും നാട്ടിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയുമാണു ചെയ്യുന്നത് എന്ന ആരോപണവുമായി സിപിഎം. കീഴാറ്റൂരിൽ വയൽഭൂമി റോഡിനു വിട്ടുനൽകാൻ സമ്മതപത്രം നൽകിയ അൻപതോളം ഭൂവുടമകളെ മാധ്യമപ്രവർത്തകർക്കു മുൻപിൽ ഹാജരാക്കിയാണു സിപിഎം നേതാക്കൾ വയൽക്കിളി കൂട്ടായ്മയുടെ വാദത്തെ എതിർത്തത്.

ബൈപാസ് റോഡ് വികസനവുമായി ബന്ധപ്പെട്ടു ചിലർ സൃഷ്ടിച്ച അനാവശ്യ പ്രചചരണങ്ങളുടെ പൊയ്മുഖം തകർന്നു വീണിരിക്കുകയാണെന്നു സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റി പറഞ്ഞു. കീഴാറ്റൂർ വയൽ മേഖലയിൽ ബൈപാസ് കടന്നുപോകുന്ന സ്ഥലത്തെ അറുപത് ഭൂവുടമകളിൽ 56 പേരും ജയിംസ് മാത്യു എംഎൽഎയ്ക്ക് സമ്മതപത്രം കൈമാറിയിരുന്നു. സർക്കാരിനു നേരിട്ട് ഏറ്റെടുക്കാവുന്ന ഭൂമിയാണെങ്കിലും വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് സമ്മതപത്രം നൽകിയതെന്നു സിപിഎം ഏരിയ സെക്രട്ടറി പി.മുകുന്ദൻ, ലോക്കൽ സെക്രട്ടറി പുല്ലായികൊടി ചന്ദ്രൻ എന്നിവർ പറഞ്ഞു.

സമ്മതപത്രം നൽകിയെന്നതു വെറും നാടകമാണെന്നും ഭൂവുടമകളും കർഷകരും തങ്ങൾക്കൊപ്പമാണെന്നും വയൽക്കിളി കൂട്ടായ്മ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഏറ്റെടുക്കുന്ന ഭൂമിക്കു കീഴാറ്റൂരിലെ ജനങ്ങൾക്കു പരമാവധി വില നൽകും. പിന്നീടുണ്ടാകുന്ന യാത്രാപ്രശ്നം പരിഹരിക്കാൻ റോഡ് വീതികൂട്ടുന്നതിന് ഒന്നര കോടി രൂപ വകയിരുത്തിയതായി എംഎൽഎ അറിയിച്ചിട്ടുണ്ട്. വയൽക്കിളി പ്രവർത്തകരുടെ നേതൃത്വത്തിൽ നിരവധി അക്രമങ്ങളാണു നാട്ടിൽ നടക്കുന്നത്. ഇവരുടെ നുണപ്രചരണങ്ങൾ നാട്ടുകാർ അംഗീകരിക്കില്ല.‌

വീടും പറമ്പും വയലും നഷ്ടപ്പെടുന്നവർ എല്ലാം ബൈപാസ് റോഡിനു വേണ്ടി രംഗത്തിറങ്ങുമ്പോഴാണു ചെറിയ ദൂരത്തെ ഏതാനും ഭൂവുടമകളുടെ പ്രശ്നങ്ങൾ‍ ഉയർത്തിക്കാട്ടാൻ ശ്രമിച്ചത്. എന്നാൽ ആ വാദവും തകർന്നടിഞ്ഞിരിക്കുകയാണ്.  വികസനത്തെ തുരങ്കം വയ്ക്കാൻ ശ്രമിക്കുന്ന ചിലരുടെ എല്ലാ അവകാശവാദങ്ങളും തകർന്നടിഞ്ഞപ്പോൾ നാടിന്റെ സ്വൈര്യജീവിതവും സമാധാനവും തകർക്കാനും ഇവർ ശ്രമിക്കുകയാണെന്നും സിപിഎം ആരോപിച്ചു.