Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മായാവതിക്ക് വീട്ടിലെത്തി നന്ദി പറഞ്ഞ് അഖിലേഷ്; ബിജെപിക്കെതിരെ യുപിയിൽ ‘മഹാസഖ്യ’ സൂചന

Akhilesh-Yadav മായാവതിയെ ലക്നൗവിലെ വീട്ടിലെത്തി സന്ദർശിച്ച ശേഷം മടങ്ങുന്ന അഖിലേഷ് യാദവ്.

ലക്നൗ∙ ബിജെപിക്കെതിരെ ഉത്തർപ്രദേശിൽ പുതിയ രാഷ്ട്രീയ സഖ്യം രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾക്കു ശക്തി പകർന്ന് ബിഎസ്പി–എസ്പി കൂടിക്കാഴ്ച. ഗോരഖ്പുർ, ഫൂൽപുർ ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾക്കു പിന്നാലെ ബഹുജൻ സമാജ്‌വാദി പാർട്ടി അധ്യക്ഷ മായാവതിയുടെ വീട്ടിൽ നേരിട്ടെത്തിയാണ് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നന്ദി പറഞ്ഞത്. ബിഎസ്പിയുടെയും പ്രാദേശിക പാർട്ടികളുടെയും പിന്തുണയോടെയാണ് എസ്പി ഗോരഖ്പുരിലും ഫൂൽപുരിലും വിജയം സ്വന്തമാക്കിയത്. ഇതിൽ നേരത്തേത്തന്നെ അഖിലേഷ് നന്ദി അറിയിച്ചിരുന്നു.  ബിജെപി ജനങ്ങൾക്കു നൽകിയ ‘മോശം നാളുകളുടെ’ ഫലമാണ് ഉപതിരഞ്ഞെടുപ്പിൽ കണ്ടത്. കേന്ദ്ര–സംസ്ഥാന ഭരണങ്ങൾക്കുള്ള ജനങ്ങളുടെ മറുപടിയാണ് ഇത്തവണയുണ്ടായതെന്നും അഖിലേഷ് പറഞ്ഞു.

എസ്പിയെ സംബന്ധിച്ച് പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്. അതിൽ സഹായിച്ച എല്ലാവർക്കും, പ്രത്യേകിച്ച് മായാവതി നേതൃത്വം നൽകുന്ന ബിഎസ്പിക്ക്, തന്റെ നന്ദി എന്നും അഖിലേഷ് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് രാത്രി തന്നെ നേരിട്ടെത്തി മായാവതിക്ക് അഖിലേഷ് നന്ദി അറിയിച്ചത്. ഏതാനും സമയം വസതിയിൽ ചെലവിട്ടാണ് അഖിലേഷ് മടങ്ങിയത്. ഭാവി രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തോ എന്നതടക്കമുള്ള വിവരങ്ങൾ വ്യക്തമല്ല. എന്നാൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇരുപാർട്ടികളും ചേർന്നു സംസ്ഥാനത്തു മഹാസഖ്യം രൂപപ്പെടുത്തുമെന്നാണ് അണികൾ നൽകുന്ന സൂചന. ഇതിനുള്ള അണിയറ നീക്കങ്ങളും ശക്തമാണ്.

ബദ്ധവൈരികളായിരുന്ന ബിഎസ്പിയും എസ്പിയും സംസ്ഥാനത്തു രാഷ്ട്രീയ സഖ്യം രൂപീകരിക്കാനുള്ള നീക്കമുണ്ടെന്നു നേരത്തേത്തന്നെ അഭ്യൂഹം പരന്നിരുന്നു. ബിജെപി വിവിധ സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ നടത്തുന്ന വൻ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളെയും തീർത്തും നിഷ്പ്രഭമാക്കിക്കള‍ഞ്ഞ ബിജെപി ഉത്തർപ്രദേശിൽ വൻ വിജയം നേടിയിരുന്നു. ഈ സാഹചര്യത്തിലാണു സഖ്യസാധ്യത തെളിഞ്ഞത്. ഇതിന്റെ ‘പരീക്ഷണ’മായിരുന്നു ഉപതിരഞ്ഞെടുപ്പിൽ കണ്ടതും. രണ്ടു ലോക്സഭാമണ്ഡലങ്ങളിലും ബിഎസ്പി സ്ഥാനാർഥികളെ നിർത്തിയില്ല. മാത്രവുമല്ല എസ്പിയുടെ സ്ഥാനാർഥികൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. ബിജെപിക്കെതിരെ നിൽക്കുന്ന സ്ഥാനാർഥിയ്ക്ക് വോട്ടു ചെയ്യാനായിരുന്നു അണികളോടുള്ള മായാവതിയുടെ ആഹ്വാനം. വോട്ടെടുപ്പിന് ഒരാഴ്ച മുൻപായിരുന്നു ഈ നിർണായക നീക്കം. ഇതിനെ പ്രതിരോധിക്കാൻ പോലും ബിജെപിക്കു വേണ്ടത്ര സമയവും കിട്ടിയില്ല. 

എന്നാൽ എസ്പിയുമായി സഖ്യനീക്കമാണെന്നു റിപ്പോർട്ടുകൾ വന്നതോടെ ആരുമായും ഒരു സഖ്യത്തിലും ഏർപ്പെട്ടിട്ടില്ലെന്ന് മായാവതി വാർത്താസമ്മേളനം വിളിച്ചു തന്നെ വ്യക്തമാക്കി. ബിജെപി സ്ഥാനാർഥിയെ തോൽപിക്കാൻ വോട്ടു ചെയ്യുമെന്നു വ്യക്തമാക്കുകയും ചെയ്തു. ഇതുവരെ സഖ്യത്തിലേർപ്പെട്ടിട്ടില്ല എന്നു പറയുമ്പോഴും സമാജ്‌വാദി പാർട്ടിയുമായി സഖ്യം രൂപീകരിക്കാനുള്ള സാധ്യത അന്നവർ തള്ളിക്കളഞ്ഞിരുന്നില്ല. ഏതെങ്കിലും പാർട്ടിയുമായി സഖ്യത്തിലേർപ്പെടാനുള്ള സാധ്യതകൾ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട ധാരണ പോലിരിക്കുമെന്നായിരുന്നു അവരുടെ നിലപാട്. സഖ്യം സംബന്ധിച്ച് കൃത്യസമയത്ത് ഇരുപാർട്ടികളും അനുയോജ്യമായ തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷയെന്ന് എസ്പി–ബിഎസ്പി അണികളും പറയുന്നു. ബിജെപിയെ തറപറ്റിക്കാൻ ഇതല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന സൂചനയും ഈ വിജയം ഇരുപാർട്ടിക്കും നൽകിയിട്ടുണ്ട്. 

ബിജെപിക്കെതിരെ പോരാട്ടത്തിൽ പ്രതിപക്ഷ പാർട്ടികളെല്ലാം ഒന്നിച്ചു എന്നതാണ് ഉപതിരഞ്ഞെടുപ്പിന്റെ പ്രത്യേകതകളിലൊന്ന്. എന്നാൽ കോൺഗ്രസ് ഇത്തവണ കൂട്ടിനെത്തിയില്ല. 2019ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി ‘പ്രതിപക്ഷ സഖ്യ’ത്തോടൊപ്പം ചേരാൻ കോൺഗ്രസും നിർബന്ധിതമാകുമെന്നതും ഉറപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. എന്നാൽ എല്ലാ പ്രധാന നേതാക്കൾക്കും മുഖ്യമന്ത്രിസ്ഥാനത്തേക്കു കണ്ണുള്ളതിനാൽ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ സഖ്യസാധ്യതകൾ പ്രവചനാതീതമായിത്തന്നെ തുടരും.