Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷപ്രയോഗത്തിൽ നടപടി: 23 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി ബ്രിട്ടൻ

theresa-may തെരേസ മേ.

ലണ്ടൻ∙ ബ്രിട്ടൻ അഭയം നൽകിയിരുന്ന മുൻ റഷ്യൻ ഡബിൾ ഏജന്റ് സെർജി സ്ക്രീപലിനെയും മകൾ യുലിയയെയും വിഷബാധയേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ റഷ്യയ്ക്കെതിരെ കടുത്ത നീക്കത്തിന് കളമൊരുങ്ങി. രാജ്യത്തു നിന്നും 23 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയാണ് ബ്രിട്ടന്റെ മറുപടി.

ഒരാഴ്ചയ്ക്കുള്ളിൽ ഇവർ രാജ്യം വിടണമെന്നു നിർദേശിച്ചു. ഇവർ റഷ്യയുടെ അനൗദ്യോഗിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണെന്ന് ആരോപിച്ചാണ് രാജ്യം വിടാൻ ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ മൽസരങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ ബ്രിട്ടിഷ് സർക്കാരിന്റെ പ്രതിനിധികളോ ബ്രിട്ടിഷ് രാജകുടുംബത്തിന്റെ പ്രതിനിധികളോ പങ്കെടുക്കില്ലെന്നും പ്രധാനമന്ത്രി  തെരേസ മേയ് വ്യക്തമാക്കി. 

ബ്രിട്ടിഷ് വ്യോമാതിർത്തിയിലൂടെ കടന്നുപോകുന്ന റഷ്യൻ സ്വകാര്യ വിമാനങ്ങൾക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തും. ചരക്കുനീക്കത്തിനുള്ള കസ്റ്റംസ് പരിശോധനകളും  കർശനമാക്കും. പൗരന്മാർക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയാണെന്നു തോന്നുന്ന ബ്രിട്ടണിലെ റഷ്യൻ ‘സ്വത്തുക്കൾ’ മരവിപ്പിക്കാനും തീരുമാനമുണ്ട്.

മുൻ നിശ്ചയപ്രകാരമുള്ള എല്ലാ ഉഭയകക്ഷി ചർച്ചകളും നയതന്ത്ര യോഗങ്ങളും നിർത്തിവയ്ക്കാനും ബ്രിട്ടിഷ് സർക്കാർ തീരുമാനിച്ചു. റഷ്യൻ വിദേശകാര്യ മന്ത്രിക്കു ബ്രിട്ടനിലേക്കുണ്ടായിരുന്ന ക്ഷണം റദ്ദാക്കി. പ്രധാനമന്ത്രി തെരേസ മേയാണു റഷ്യക്കെതിരായ കനത്ത നടപടികൾ പാർലമെന്റിൽ പ്രഖ്യാപിച്ചത്. 

സെർജി സ്ക്രീപലിനും മകൾക്കുമെതിരേ കഴിഞ്ഞ ഞായറാഴ്ച നടന്ന നെർവ് ഏജന്റ് ആക്രമണത്തിനു പിന്നിൽ റഷ്യയാണെന്ന് ബ്രിട്ടിഷ് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതേക്കുറിച്ച് ചൊവ്വാഴ്ച അർധരാത്രിക്കു മുൻപു തൃപ്തികരമായ വിശദീകരണം നൽകണമെന്നായിരുന്നു റഷ്യയ്ക്ക് ബ്രിട്ടന്റെ അന്ത്യശാസനം.

എന്നാൽ ആരോപണങ്ങൾ തള്ളിക്കളയുകയും ബ്രിട്ടന്റെ ആവശ്യത്തോട് മുഖംതിരിക്കുകയും ചെയ്തതോടെയാണു കർശനമായ നടപടികളുമായി ബ്രിട്ടിഷ് സർക്കാർ രംഗത്തുവന്നിരിക്കുന്നത്. സംഭവത്തിനു പിന്നിൽ ബ്രിട്ടന്റെ തന്നെ  ഗൂഢാലോചനയാണെന്നും രാസവസ്തുവിന്റെ സാംപിൾ നൽകിയാൽ പരിശോധനയ്ക്കു ശേഷം പ്രതികരിക്കാമെന്നുമായിരുന്നു റഷ്യയുടെ നിലപാട്.

ഏകപക്ഷീയമായ നടപടികൾക്കു പിന്നാലെ നാറ്റോ സഖ്യരാഷ്ട്രങ്ങളേയും അമേരിക്കയേയും കൂട്ടുപിടിച്ചു റഷ്യയെ രാജ്യാന്തരതലത്തിൽ ഒറ്റപ്പെടുത്താനുള്ള ശക്തമായ നീക്കത്തിലാണ് ബ്രിട്ടൻ. നാറ്റോ കൗൺസിലിൽ ഇതിനോടകം വിഷയം അവതരിപ്പിച്ച ബ്രിട്ടൻ യുഎൻ സെക്യൂരിറ്റി കൗൺസിലിലും ഇത് ഉന്നയിക്കാനിരിക്കുകയാണ്.

related stories