Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാവണം പൊലീസ്; കോൺസ്റ്റബിൾ ലേജുവെത്തി, ശ്രീധരൻ നായർ ജീവിതത്തിലേക്ക്

Leju കോൺസ്റ്റബിൾ ലേജുവും അപകടത്തിൽപെട്ട ശ്രീധരൻ നായരും

തിരുവനന്തപുരം∙ കൊല്ലം സ്വദേശി ശ്രീധരൻ നായരുടെ ജീവിതം ചുവപ്പു സിഗ്നലിൽ കുടുങ്ങിക്കിടക്കുകയായിരുന്നു; വനിതാ ട്രാഫിക് പൊലീസ് കോൺസ്റ്റബിൾ ലേജു എത്തുന്നതുവരെ. ലേജു മനുഷ്യ സ്നേഹത്തിന്റെ പച്ച വെളിച്ചം തെളിച്ചപ്പോൾ ശ്രീധരൻ നായർ ജീവിതത്തിലേക്കു മടങ്ങിവന്നു. ഒപ്പം, കാരുണ്യത്തിന്റെ ഒരു കഥയും പിറന്നു.

കൊല്ലം രാമൻകുളങ്ങര സ്വദേശി ശ്രീധരൻനായരും (70), തിരുവനന്തപുരം സ്വദേശിയും പട്ടം ട്രാഫിക് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിളുമായ ലേജുവും തമ്മിൽ മുൻപരിചയമൊന്നുമില്ല. പട്ടം പ്ലാമൂട്ടിലെ ട്രാഫിക് സിഗ്നലാണ് അവരെ പരസ്പരം പരിചയപ്പെടുത്തിയത്.

ഭർത്താവിന്റെ ഓട്ടോറിക്ഷയിൽ രാവിലെ വികാസ് ഭവനിലെ ക്വാർട്ടേഴ്സിൽനിന്ന് പട്ടം ട്രാഫിക് സ്റ്റേഷനിലേക്കു പോകുകയായിരുന്നു ലേജു. പ്ലാമൂട്ടിലെ വനിതാകമ്മിഷൻ ഓഫിസിനു മുന്നിലെത്തിയപ്പോൾ വലിയ ഗതാഗതക്കുരുക്ക്. കാര്യമന്വേഷിച്ചപ്പോൾ റോഡപകടം. വണ്ടിയിൽനിന്നിറങ്ങി മുന്നിലേക്കു ചെന്നപ്പോൾ രക്തത്തിൽ കുളിച്ച് ഒരു വയോധികൻ റോഡിൽ കിടക്കുന്നു. ഇടിച്ച കാറിലെ ഡ്രൈവർ പരിഭ്രാന്തനായി അരികിലുണ്ട്. കാറിന്റെ മുൻവശത്തെ ചില്ലുകൾ തകർന്നു കിടക്കുന്നു. ചിലർ സെൽഫിയെടുക്കുന്നു. സഹായിക്കാനാഗ്രഹമുള്ളവരാകട്ടെ പരിഭ്രമിച്ചു നിൽക്കുന്നു.

ട്രാഫിക് ഡ്യൂട്ടിയിൽ പരിചയമുള്ള ലേജു ഭർത്താവ് സജീന്ദ്രന്റെ സഹായത്തോടെ ശ്രീധരൻ നായരെ മെഡിക്കൽ കോളജിലെത്തിച്ചു. അപകടത്തിന് കാരണക്കാരനായ കാർ ഡ്രൈവറും ഒപ്പമെത്തി. ബോധം വന്നപ്പോഴാണ് തന്റെ കയ്യിൽ 1.25 ലക്ഷം രൂപയുണ്ടായിരുന്നെന്ന് ശ്രീധരൻനായർ വെളിപ്പെടുത്തുന്നത്. ശ്രീധരൻനായരുടെ സഹോദരി മെ‍ഡിക്കൽ കോളജിൽ ചികിൽസയിലാണ്. ഭാര്യ തളർന്നു കിടക്കുന്നു. മക്കളില്ല. മുൻപ് മീൻ വിൽപനക്കാരനായിരുന്ന ശ്രീധരൻനായർ ചിട്ടി പിടിച്ച പണം വീട്ടിൽ സൂക്ഷിക്കാൻ സൗകര്യമില്ലാത്തതിലാണ് ഒപ്പം കരുതിയത്. ലേജു വിവരം പട്ടം ട്രാഫിക് പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. അവിടെനിന്ന് പ്ലാമൂട് ട്രാഫിക് സിഗ്നലിൽ ഡ്യൂട്ടിയുള്ളവർക്കു വിവരം കൈമാറി. പുറകേ ലേജുവും ഭർത്താവും അപകടം നടന്ന സ്ഥലത്തേക്ക് തിരിച്ചു. അപകട സ്ഥലത്ത് പണമുണ്ടായിരുന്നില്ല. ഏറെനേരം നീണ്ട തിരച്ചിലിനൊടുവിൽ, അപകടമുണ്ടാക്കിയ കാറിൽനിന്ന് പണപ്പൊതി കണ്ടെടുത്തു. അപകടത്തിനിടെ ഗ്ലാസ് തകർന്ന് പണപ്പൊതി വണ്ടിക്കുള്ളിലേക്കു വീഴുകയായിരുന്നു.

വൈകിട്ട് ആറു മണിയോടെ ശ്രീധരൻ നായരെ ഡിസ്ചാർജ് ചെയ്തു. അപകടമുണ്ടാക്കിയ കാറിന്റെ ഉടമസ്ഥൻ തന്നെ അദ്ദേഹത്തെ കൊല്ലത്തെ വീട്ടിലെത്തിച്ചു. ലേജുവിന്റെ കൃത്യസമയത്തുള്ള ഇടപെടൽ മനസ്സിലാക്കിയ അസി. കമ്മിഷണർ സുൽഫിക്കർ, അനിൽ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ ലേജുവിനെകൊണ്ടുതന്നെ പണം ശ്രീധരൻനായർക്കു കൈമാറിയതോടെ എല്ലാത്തിനും ശുഭപര്യവസാനമായി.

ലേജു പൊലീസിലെത്തിയിട്ട് പത്തുവർഷമായി. നേരത്തെ ഫോർട്ട്, തമ്പാനൂർ പൊലീസ് സ്റ്റേഷനുകളിൽ ജോലി നോക്കിയിട്ടുണ്ട്. ഇപ്പോൾ ട്രാഫിക് ഡ്യൂട്ടിയിൽ. ഭർത്താവ് സജീന്ദ്രൻ കെഎസ്ആർടിസിയിൽ എംപാനൽ ജീവനക്കാരനാണ്. ഒപ്പം ഓട്ടോയും ഓടിക്കുന്നുണ്ട്. മൂന്നു മക്കൾ.