Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാവൂദിന്റെ ഒളിയിടം കറാച്ചിയിലെ ദ്വീപിൽ: ആറു മണിക്കൂറിനകം ദുബായിലെത്താന്‍ രക്ഷാമാര്‍ഗം

Dawood Ibrahim

ന്യൂഡൽഹി∙ കുപ്രസിദ്ധ അധോ ലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനു പാക്കിസ്ഥാൻ ഒരുക്കിനൽകിയ ഒളിയിടം കണ്ടെത്തി. കറാച്ചിക്കു സമീപമുള്ള ഒരു ദ്വീപിൽ മുഴുവൻ സമയവും പാക്കിസ്ഥാൻ തീരസേനയുടെ കാവലിലാണ് ഈ രഹസ്യസങ്കേതം. അത്യാവശ്യ ഘട്ടത്തിൽ മണിക്കൂറുകൾക്കകം ദാവൂദിനു കടൽ മാർഗം ദുബായിൽ എത്താൻ തയാറാക്കിയ രക്ഷാമാർഗവും അന്വേഷണ ഏജൻസികൾ കണ്ടെത്തി. 

കറാച്ചിക്കു സമീപം ആഡംബര ബംഗ്ലാവിലാണു ദാവൂദിനും കുടുംബത്തിനും പാക്കിസ്ഥാൻ അഭയം നൽകിയിരിക്കുന്നതെന്നു മുൻപ് റിപ്പോർട്ടുണ്ടായിരുന്നു. ഇന്ത്യ– പാക്ക് അതിർത്തിയിൽ ഉൾപ്പെടെ സുരക്ഷാച്ചുമതല നിർവഹിക്കുന്ന അർധസൈനിക വിഭാഗമായ പാക്കിസ്ഥാൻ റേഞ്ചേഴ്സിന്റെ മേൽനോട്ടത്തിലാണ് ഇവിടത്തെ സുരക്ഷാ ക്രമീകരണങ്ങൾ. ഇന്ത്യയിൽനിന്ന് ഉൾപ്പെടെ രാജ്യാന്തര സമ്മർദമുണ്ടായാൽ ദാവൂദിനെ ഉടൻ കറാച്ചി ദ്വീപിലെ രഹസ്യസങ്കേതത്തിലേക്കു മാറ്റാൻ സംവിധാനമുണ്ട്. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ നിയന്ത്രണത്തിലാണ് ഈ ദ്വീപ്. ഇവിടെനിന്നു പ്രത്യേക റൂട്ടിൽ പാക്ക് തീരസംരക്ഷണ സേനയുടെ മേൽനോട്ടത്തിൽ ആറു മണിക്കൂറിനകം ദുബായിലെത്താം.

  പാക്ക് ചാരസംഘടനയിലെ ഉന്നത ഉദ്യോഗസ്ഥർക്കു മാത്രമേ ദാവൂദുമായി ബന്ധപ്പെടാൻ അനുവാദമുള്ളൂ. ഉപഗ്രഹഫോണിൽ പ്രത്യേക ഫ്രീക്വൻസിയിലാണ് ഇവർ ദാവൂദുമായി ആശയവിനിമയം നടത്തുന്നതെന്നും വ്യക്തമായി. 2003 ലും 2005 ലും പാക്കിസ്ഥാനിലെ പ്രാദേശിക ഭീകരഗ്രൂപ്പുകൾ ദാവൂദിനെ വധിക്കാൻ നടത്തിയ ശ്രമം പാക്കിസ്ഥാൻ റേഞ്ചേഴ്സ് വിഫലമാക്കി.  

കഴിഞ്ഞ ദിവസം ഡൽഹിയിൽ അറസ്റ്റിലായ, ദാവൂദിന്റെ കൂട്ടാളിയും 1993 ലെ മുംബൈ സ്ഫോടനപരമ്പരക്കേസ് പ്രതിയുമായ ഫാറൂഖ് ടക്‌ല (മുഹമ്മദ് ഫാറൂഖ്–57)യെ സിബിഐ ചോദ്യംചെയ്തു വരികയാണ്. ദാവൂദ് ദുബായിൽ എത്തുമ്പോഴൊക്കെ സുരക്ഷാച്ചുമതല ടക്‌ലയ്ക്കായിരുന്നു. ഒരിക്കൽ ഈ രഹസ്യമാർഗത്തിലൂടെ ദാവൂദ് സൗദി അറേബ്യയിൽ എത്തിയതു ടക്‌ലയുടെ കൂടി സഹായത്തോടെയാണെന്നു വ്യക്തമായിട്ടുണ്ട്.