Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിരലനക്കം പോലും അസാധ്യമായ ഹോക്കിങ് ‘വർത്തമാനം’ പറഞ്ഞതെങ്ങനെ ?

നവീൻ മോഹൻ
Author Details
Stephen-Hawking സ്റ്റീഫൻ ഹോക്കിങ്.

മൗനം വാചാലമായ മനുഷ്യൻ. വാചാലം എൻ മൗനമെന്ന്, തേനൂറും സ്വപ്നങ്ങളെ ആകാശത്തിലേക്കു പറത്തി ഹോക്കിങ് ‘പറഞ്ഞു’കൊണ്ടേയിരുന്നു. തമോഗർത്തങ്ങളിലെ ഇരുണ്ട നിശ്ബദത പോലെ ജീവിതം മൗനത്തിലായപ്പോഴും ചിന്തകൾ കൊണ്ടു മനുഷ്യപ്രപഞ്ചത്തെ അദ്ദേഹം വാചാലമാക്കി. അപ്പോഴൊക്കെയും ആ സംശയം മുന്നിലേക്കുവന്നു, ശരീരമാകെ ചലനമറ്റൊരാൾ വർത്തമാനം പറയുന്നത്, അതും ഗഹന സിദ്ധാന്തങ്ങൾ അവതരിപ്പിക്കുന്നത് എങ്ങനെയാണ്. അതിനുള്ള ഉത്തരവും ശാസ്ത്രകൗതുകമായതിൽ അതിശയമില്ല.

മുപ്പത്തിമൂന്നു വർഷം മുൻപാണു ജനീവയിലെ പ്രശസ്തമായ ‘സേൺ’ ലാബറട്ടറി സന്ദർശിക്കാൻ സ്റ്റീഫൻ ഹോക്കിങ് എത്തുന്നത്. അമയോട്രോഫിക് ലാറ്ററർ സ്‌ക്ലീറോസിസ് രോഗം പതിയെപ്പതിയെ അദ്ദേഹത്തെ കീഴ്പ്പെടുത്തിത്തുടങ്ങിയ സമയം. ആ സന്ദർശനത്തിനിടെ ഹോക്കിങ്ങിനു ഗുരുതരമായ ന്യൂമോണിയയും പിടികൂടി. ഒരു തരത്തിലും രക്ഷപ്പെടില്ലെന്ന് ഡോക്ടർമാർ ഉറപ്പിച്ചവിധം അണുബാധ വ്യാപിച്ചു. ഒപ്പമുണ്ടായിരുന്ന പ്രിയതമ ജെയ്ൻ തിരികെ കേംബ്രിജിലേക്ക് അദ്ദേഹത്തെ എത്തിച്ചു. ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചു, ആ വിഖ്യാത ബ്രിട്ടിഷ് ഊർജതന്ത്ര ശാസ്ത്രജ്ഞൻ ജീവിതത്തിലേക്കു തിരിച്ചുവന്നു. പക്ഷെ, ജനലക്ഷങ്ങളെ അമ്പരിപ്പിച്ച ആ നേർത്ത ശബ്ദം അദ്ദേഹത്തെ വിട്ടു യാത്ര പറഞ്ഞിരുന്നു.

ശസ്ത്രക്രിയയുടെ ഭാഗമായി കഴുത്തിലുണ്ടാക്കിയ മുറിവാണു ഹോക്കിങ്ങിന്റെ ശബ്ദമെടുത്തത്. 43 വയസ്സേ ആയിട്ടുണ്ടായിരുന്നുള്ളൂ അപ്പോൾ. ലോകത്തോടു മുഴുവൻ വിളിച്ചുപറയാൻ ഇനിയും ഒരുപാടു കാര്യങ്ങൾ അദ്ദേഹത്തിന്റെ മസ്തിഷ്കത്തിൽ ശ്വാസംമുട്ടിപ്പിടഞ്ഞു. പുസ്തകമെഴുത്തായിരുന്നു ഏക ആശ്വാസം. എന്നാൽ മനുഷ്യശരീരത്തിലെ ചലനങ്ങൾ ഉപയോഗപ്പെടുത്തി അതിനനുസരിച്ച് കംപ്യൂട്ടറുകൾ പ്രതികരിക്കുന്ന സാങ്കേതികതയിൽ ടെക്‌ലോകം വിജയം കണ്ടുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഹോക്കിങ്ങിന്റെ ഈ ‘വീഴ്ച’. ശരീരം ഏകദേശം തളർന്ന് മുഴുവൻ സമയവും വീൽചെയറിലാണെന്ന അവസ്ഥയിലായിരുന്നു ഹോക്കിങ്. അപ്പോഴും വിരലുകൾ അനക്കാൻ സാധിച്ചു. ആ വിരലുകളാൽ ഒരു ‘ക്ലിക്കർ’ ഉപയോഗപ്പെടുത്തി കംപ്യൂട്ടർ സ്ക്രീനിൽ സന്ദേശങ്ങളെഴുതാനും ആ സന്ദേശങ്ങളെ ശബ്ദങ്ങളാക്കി മാറ്റാനും ഹോക്കിങ്ങിനു സാധിച്ചിരുന്നു.

ഹോക്കിങ്ങിനൊപ്പം ഇന്റൽ

1997ലാണ് ഇന്റൽ കമ്പനിയുടെ സഹസ്ഥാപകനായ ഗോർഡൻ മൂർ ഹോക്കിങ്സുമായി ഒരു ചടങ്ങിനിടെ കൂടിക്കാഴ്ച നടത്തുന്നത്. അദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്ന കംപ്യൂട്ടറിലെ പ്രൊസസ്സറിനേക്കാൾ ശക്തിയേറിയതും ഫലപ്രദവുമായ ഒന്ന് ഇന്റൽ വാഗ്ദാനം ചെയ്തു. പിന്നീടങ്ങോട്ട് ഓരോ രണ്ടുവർഷം കൂടുമ്പോഴും ഹോക്കിങ്ങിനു വേണ്ടി അപ്ഡേറ്റ് ചെയ്ത കംപ്യൂട്ടറുകൾ ഇന്റൽ നൽകിക്കൊണ്ടേയിരുന്നു. അദ്ദേഹത്തിനു വേണ്ടി ഇന്റൽ ലാബ്സിനു കീഴിൽ ഒരു ടീമിനെ നിയോഗിച്ചു. തനിക്കു സംസാരിക്കാനുള്ള അവസരം ഒരുക്കിത്തന്ന സാങ്കേതികവിദ്യയെപ്പറ്റി അദ്ദേഹം ഒരിക്കൽ പറഞ്ഞതിങ്ങനെ: ‘വൈദ്യശാസ്ത്രത്തിന് എന്നെ രോഗത്തിൽനിന്നു രക്ഷപ്പെടുത്താനായില്ല. അതിനാലാണു ജീവിക്കാനും കൃത്യമായ ആശയവിനിമയത്തിനും ഞാൻ സാങ്കേതികതയെ ആശ്രയിക്കാൻ തീരുമാനിച്ചത്...’

2008 വരെ ക്ലിക്കറിലായിരുന്നു ഹോക്കിങ്സിന്റെ ആശയവിനിമയമെല്ലാം. പക്ഷേ ആ വർഷം രോഗം നാഡികളെയെല്ലാം പൂർണമായും തളർത്തുംവിധത്തിൽ ഗുരുതരമായി. വിരലുപോലും അനക്കാൻ പറ്റാത്ത അവസ്ഥ. എന്തു ചെയ്യാൻ പറ്റുമെന്നു ഹോക്കിങ് ആദ്യം ചോദിച്ചത് ഇന്റലിലെ വിദഗ്ധരോടായിരുന്നു. അവർ നൽകിയ മറുപടിയാകട്ടെ അദ്ദേഹത്തിനു മാത്രമല്ല ലോകത്തിനു മുഴുവനും അനുഗ്രഹമാകുന്നതായിരുന്നു. കവിളിന്റെ ചലനമനുസരിച്ച് അക്ഷരങ്ങൾ കംപ്യൂട്ടറിൽ ടൈപ് ചെയ്യാനും അതിനെ ശബ്ദമാക്കി മാറ്റാനുമെല്ലാം സഹായിക്കുന്ന സാങ്കേതികവിദ്യയായിരുന്നു അത്. കൺപുരികങ്ങളുടെ ചലനംകൊണ്ടും ഇത്തരത്തിൽ ആശയവിനിമയം സാധ്യമാക്കാമായിരുന്നു. പക്ഷേ തനിക്കു കൂടുതൽ എളുപ്പം കവിളുകളുടെ ചലനമാണെന്നായിരുന്നു ഹോക്കിങ്ങിന്റെ മറുപടി.

കവിളിലായിരുന്നു കഴിവെല്ലാം

കവിളുകൾ കൊണ്ടു കംപ്യൂട്ടറിന്റെ ‘കർസർ’ നീക്കുന്ന സാങ്കേതികതയ്ക്ക് ഇന്റൽ രൂപം നൽകി. വീൽചെയറിൽ ഘടിപ്പിച്ച ടാബ്‌ലറ്റിലായിരുന്നു ടൈപ്പിങ് ജോലികളെല്ലാം. ഹോക്കിങ്ങിന്റെ കണ്ണാടയിൽ ഒരു ചെറിയ ഇന്‍ഫ്രാറെഡ് ഡിറ്റക്ടർ ഘടിപ്പിച്ചു. കവിളിനോടു ചേർന്നാണു സ്ഥാനം. ഈ ഡിറ്റക്ടറാണു കവിളുകളുടെ ചലനം തിരിച്ചറിഞ്ഞു ടാബ്‌ലറ്റിലേക്കം സിഗ്നലുകൾ അയയ്ക്കുന്നത്. ആദ്യ അക്ഷരം ടൈപ് ചെയ്യുമ്പോൾ തന്നെ ഒരു കൂട്ടം വാക്കുകൾ പ്രത്യക്ഷപ്പെടും.

ഉദാഹരണത്തിന് ‘ബി’ എന്നു ടൈപ് ചെയ്താൽ ആദ്യം വരിക ‘ബ്ലാക് ഹോൾ’ ആയിരിക്കും. തമോഗർത്തം ആണല്ലോ അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായിരുന്നത്! ഹോക്കിങ്ങിന്റെ പുസ്തകങ്ങളും എഴുത്തുകളും പ്രസംഗങ്ങളുമെല്ലാം ഫീഡ് ചെയ്തു പഠിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറാണ് അദ്ദേഹം സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകൾ തിരിച്ചറിഞ്ഞു മുന്നിലെത്തിച്ചിരുന്നത്. മിനിറ്റിൽ 20 വാക്കുകൾ വരെ ഇതുവഴി അദ്ദേഹത്തിനു ടൈപ് ചെയ്യാൻ സാധിച്ചു. ‘സ്വിഫ്റ്റ് കീ’ തയാറാക്കിയ പ്രത്യേക അൽഗോരിതമായിരുന്നു ഇത്തരത്തിൽ വാക്കുകളെ അനായാസം കണ്ടെത്താൻ സഹായിച്ചത്. അതിനുവേണ്ടി ഹോക്കിങ്ങിന്റെ മുഴുവൻ സൃഷ്ടികളും കമ്പനി അൽഗോരിതത്തിനു ‘മനസ്സിലാക്കി’കൊടുത്തു.

Stephen Hawking 2

അക്ഷരങ്ങളെ ശബ്ദമാക്കി മാറ്റുന്ന സാങ്കേതികത 1997ൽത്തന്നെ ഇന്റൽ ഹോക്കിങ്ങിനു കൈമാറിയിരുന്നു. അസിസ്റ്റിവ് കൺടക്സ്റ്റ്–എവേർ ടൂൾകിറ്റ് അഥവാ എസിഎടി എന്നായിരുന്നു ഈ ഓപൺ സോഴ്സ് പ്രോഗ്രാമിന്റെ പേര്. കോഡ് ഓപൺ സോഴ്സ് ആയതിനാൽത്തന്നെ ആർക്കു വേണമെങ്കിലും ഈ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്ത് ആവശ്യത്തിനു മാറ്റം വരുത്തി ഉപയോഗിക്കാനാകും. ശരീരം തളർന്നു സംസാരിക്കാൻ സാധിക്കാത്ത ആയിരക്കണക്കിനു പേർക്കാണ് ഈ സാങ്കേതികവിദ്യ പിന്നീട് ഉപകാരപ്പെട്ടത്. വീൽചെയറിന്റെ ബാറ്ററിയിലായിരുന്നു ടാബ്‌ലറ്റിന്റെ പ്രവർത്തനം. എന്നാൽ അത്യാവശ്യഘട്ടത്തിൽ പ്രവർത്തിക്കാൻ ടാബ്‌ലറ്റിലുമുണ്ടായിരുന്നു മികച്ച ബാറ്ററി സംവിധാനം.

ടൈപ് ചെയ്യുന്ന സന്ദേശങ്ങളെല്ലാം ‘ലെക്ചർ’ മാനേജർ എന്ന സോഫ്റ്റ്‌വെയർ ഗംഭീര പ്രസംഗത്തിന്റെ രൂപത്തിലാക്കും. പ്രസംഗത്തിനിടെ തിരുത്തലിനു പോലും ഇതുവഴി സാധിക്കും. ഇവിടെ നിന്നാണു പ്രസംഗത്തിന്റെ ടെക്സ്റ്റ് ടാബ്‌ലറ്റിലുള്ള ഒരു ‘സ്പീച്ച് സിന്തസൈസറി’ലേക്കു പോവുക. സ്പീച്ച് പ്ലസ് എന്ന കമ്പനിയാണ് ഈ ഉപകരണത്തിന്റെ നിർമാണം. സ്പീച്ച് പ്ലസ് ആണ് അദ്ദേഹത്തിനു ‘ശബ്ദം’ നൽകിയതെന്നു തന്നെ പറയാം. ‘ജീവിതത്തിൽ ഞാൻ കേട്ട ഏറ്റവും മികച്ച ശബ്ദം’ എന്നാണ് ആ സാങ്കേതികവിദ്യയ്ക്കു മുന്നിൽ ഹോക്കിങ് തന്നെ അദ്ഭുതം കൂറിയത്. സ്കാൻഡിനേവിയൻ, അമേരിക്കൻ കൂടാതെ ചില സമയങ്ങളിൽ സ്കോട്ടിഷ് ഉച്ചാരണമാണു തനിക്കെന്നും ആരാധകർ പറയാറുണ്ടെന്നും ഹോക്കിങ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

എല്ലാം ഹോക്കിങ്ങിനായി

ഇമെയിലുകൾ പരിശോധിക്കാനും ഇന്റർനെറ്റ് സെർച്ചിങ്ങിനും എഴുതാനും പ്രസംഗിക്കാനുമെല്ലാം ‘എസിഎടി’യായിരുന്നു ഹോക്കിങ്ങിനു കൂട്ട്. യൂഡോറ ഇമെയിൽ സംവിധാനമാണു ഹോക്കിങ്ങിനു വേണ്ട പ്രത്യേക മെയിൽ തയാറാക്കിയത്. ഫയർഫോക്സിന്റെ വക ഇന്റർനെറ്റ് സെർച്ചിങ് ടൂളും റെഡി. മൈക്രോസോഫ്റ്റ് വേഡാണു പ്രസംഗങ്ങൾ എഴുതാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയർ സമ്മാനിച്ചത്. ഇന്റൽ നൽകിയ ഏറ്റവും പുതിയ കംപ്യൂട്ടറിൽ ഒരു സ്പെഷൽ വെബ്ക്യാമും ഉണ്ടായിരുന്നു. സ്കൈപ്പിൽ ‘സംസാരിക്കാനും’ ചാറ്റ് ചെയ്യാനുമെല്ലാമുള്ള സൗകര്യത്തോടെയായിരുന്നു അത്. പ്രിയപ്പെട്ടവരോടൊപ്പം അതുവഴി ചാറ്റിങ്ങും പതിവായിരുന്നു.

ഹോക്കിങ്ങിന് ഏറെ ഇഷ്ടമായിരുന്നു തന്റെ ശബ്ദം. 1980കളിലാണു മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എൻജിനീയർ ഡെന്നിസ് ക്ലാട്ട് ആ ‘ശബ്ദം’ അദ്ദേഹത്തിനു സമ്മാനിക്കുന്നത്. അക്ഷരങ്ങൾ ശബ്ദമാക്കി മാറ്റുന്നതിലായിരുന്നു ക്ലാട്ടിന്റെ ഗവേഷണങ്ങളെല്ലാം. അത്തരത്തിലുള്ള ആദ്യകാല ഡിവൈസുകളിലൊന്നു ക്ലാട്ടിന്റെ സംഭവനയാണ്. ‘ഡെക് ടോക്ക്’ എന്ന ആ ഉപകരണത്തിനു വേണ്ടി അദ്ദേഹം മൂന്നു ശബ്ദമാണ് ഉപയോഗപ്പെടുത്തിയത്. ഒന്ന് അദ്ദേഹത്തിന്റെ ഭാര്യയുടെ ശബ്ദം റെക്കോഡ് ചെയ്തു. പിന്നൊന്നു മകളുടെ; കൂടാതെ സ്വന്തം ശബ്ദവും ക്ലാട്ട് ‘ഡെക് ടോക്കി’ലേക്കെടുത്തു.

‘പെർഫക്ട് പോൾ’ എന്നാണു തന്റെ ശബ്ദത്തിന് അദ്ദേഹം നൽകിയ പേര്. തനിക്കു ചേർന്ന ഏറ്റവും ‘പെർഫെക്ട്’ ശബ്ദമായി ഹോക്കിങ് തിരഞ്ഞെടുത്തതും അതായിരുന്നു. 1988ൽ സ്പീച്ച് പ്ലസ് പുതിയ സിന്തസൈസര്‍ നൽകിയപ്പോൾ ശബ്ദം മാറിപ്പോയി. പക്ഷേ ഹോക്കിങ് ഉറപ്പിച്ചു പറഞ്ഞു– ‘എനിക്കെന്റെ പഴയ ശബ്ദം മതി...’ ദശാബ്ദങ്ങളോളം ലോകത്തോടു സംവദിച്ച ആ ശബ്ദം ഒടുവിൽ നിലച്ചിരിക്കുന്നു. ജീവനോടെ നിലനിർത്തിയതിനു ശാസ്ത്രത്തോട് എന്നും നന്ദി പറഞ്ഞ ആ മനുഷ്യനോട് ലോകവും തിരികെ നന്ദി പറയുകയാണ്– ഒരു കവിളനക്കനം കൊണ്ട് ശാസ്ത്രമനസ്സുകളിലേക്ക് ഒരിക്കലും നിലയ്ക്കാത്ത വിധം പകർന്നു നൽകിയ ആത്മവിശ്വാസത്തിന്റെ ഊർജ പ്രവാഹത്തിന്.

With robots in manholes, Kerala hopes to end manual scavenging - Onmanorama Video Special