Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോൾ മുത്തൂറ്റ് വധം: പത്രസമ്മേളനത്തിന് ഐജിയെ നിർബന്ധിച്ചത് താനെന്ന് ജേക്കബ് പുന്നൂസ്

Jacob_Punnoose

പാലക്കാട്∙ പോൾ മുത്തൂറ്റ് വധക്കേസിൽ സത്യാവസ്ഥ പുറത്തറിയിക്കാൻ അന്ന് എറണാകുളം റേഞ്ച് ഐജിയായിരുന്ന വിൻസൻ എം.പോളിനോട് താനാണു നിർദേശിച്ചതെന്ന് മുൻ ഡിജിപി ജേക്കബ് പുന്നൂസ്. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ‘മാധ്യമങ്ങളും പൊലീസും’ എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിൻസൻ എം.പേ‍ാൾ പത്രസമ്മേളനത്തിനു വിമുഖനായിരുന്നു. സത്യാവസ്ഥ ജനങ്ങൾ അറിയാ‍ൻ വേണ്ടിയാണ് വിവരങ്ങൾ തുറന്നുപറയാൻ നിർദേശിച്ചത്. ഇതിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ രൂക്ഷവിമർശനം ഉണ്ടായത്. ഇത്രയേറെ വിമർശനം ഉണ്ടായിട്ടും പത്രസമ്മേളനത്തിനു നിർദേശിച്ച തന്റെ പേര് ഐജി പറഞ്ഞില്ല. അത് അദ്ദേഹത്തിന്റെ മഹത്വവും സത്യസന്ധതയുമാണ് വ്യക്തമാക്കുന്നത്.

മാധ്യമ പ്രവർത്തകർക്കു വിവരം നൽകരുതെന്നൊരു തെറ്റായ ചിന്താഗതി പരമ്പരാഗതമായി പൊലീസിൽ ഉണ്ട്. നേരെ നിന്നു സംസാരിക്കാൻ മടിയാണെങ്കിലും വാർത്തകൾ ചോർത്തിക്കൊടുക്കുന്ന ഒട്ടേറെപ്പേർ സേനയിലുണ്ട്. പറയാവുന്ന കാര്യങ്ങൾ സിവിൽ പൊലീസ് ഓഫിസർ മുതൽ ജില്ലാ പൊലീസ് മേധാവി വരെ വിവരിച്ചു നൽകിയാൽ സേനയ്ക്കു നേരെ ഉണ്ടാകുന്ന വിമർശനങ്ങൾ കുറയ്ക്കാം. ഒപ്പം നാടിന്റെയും ജനങ്ങളുടെയും സുരക്ഷിതത്വ ബോധവും വർധിപ്പിക്കാനാകും. രഹസ്യമാക്കേണ്ടതു മാത്രമേ മറച്ചുവയ്ക്കാവൂ.

ഇന്നു കേരള പൊലീസിനെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത് രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന കേസുകളാണ്. ക്രിമിനൽ കേസുകളാണ് ഇന്നു രാഷ്ട്രീയത്തിന്റെ അടിസ്ഥാനം. സംസ്ഥാനത്തു നിരന്തരം രാഷ്ട്രീയനേതാക്കളെ കേസിലുൾപ്പെടുത്തി സംശയത്തിന്റെ മുൾമുനയിലാക്കുന്നു. ഇത്തരം കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ വിശ്വാസ്യതയെപ്പോലും ചോദ്യം ചെയ്യുന്ന പ്രവണതയും വർധിച്ചുവരികയാണ്. 

പൊലീസ് ഇല്ലെങ്കിൽ ജനാധിപത്യം ഇല്ലെന്നു മാധ്യമങ്ങളും മനസിലാക്കണം. മാധ്യമങ്ങളുടെ വിമർശനം പ്രഫഷനൽ റിസ്ക് ആയി എടുത്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു. 1978ൽ 30,000 അറസ്റ്റാണ് സംസ്ഥാനത്തു നടന്നത്. കഴിഞ്ഞ വർഷം ഏഴര ലക്ഷം അറസ്റ്റ് നടന്നു. കേസെടുത്ത് കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിച്ചുനൽകുന്നതിലും കേരള പൊലീസ് മുന്നിലാണ്. ഇക്കാര്യങ്ങൾ കൂടി മാധ്യമങ്ങൾ കാണമെന്നും മുൻ ഡിജിപി പറഞ്ഞു.