Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലപാടു തിരുത്തിയാൽ രമയ്ക്കു സിപിഎമ്മിലേക്കു സ്വാഗതം: പി.മോഹനന്‍

KK Rama ആർഎംപി നേതാവ് കെ.കെ.രമ

കോഴിക്കോട് ∙ ആർഎംപിയെ ഒതുക്കാൻ പുതുവഴിയുമായി സിപിഎം. ടി.പി.ചന്ദ്രശേഖരനെ പുകഴ്ത്തിയതിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയും ആർഎംപി നേതാവുമായ കെ.കെ.രമയെ പാർട്ടിയിലേക്കു സ്വാഗതം ചെയ്തിരിക്കുകയാണു സിപിഎം. നിലപാടു തിരുത്തി സിപിഎമ്മിന്റെ നയങ്ങളുമായി യോജിക്കാന്‍ തയാറായാല്‍ കെ.കെ.രമയേയും പാർട്ടിയിലേക്കു സ്വാഗതം ചെയ്യുമെന്നു ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു.

സിപിഎം നയവും പൊതുനിലപാടും അംഗീകരിക്കുന്ന ആര്‍ക്കും പാര്‍ട്ടിയിലേക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം. ടിപിയെ പാര്‍ട്ടിയിലേക്കു തിരിച്ചുകൊണ്ടു വരുന്നതിനു ദൂതന്മാര്‍ മുഖേന ശ്രമം നടത്തിയിരുന്നതായാണു മനസ്സിലാക്കുന്നത്. സിപിഎമ്മിനെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്തികള്‍ അതിനെതിരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ടിപി കുലംകുത്തിയാണെന്ന പിണറായി വിജയന്റെ പ്രതികരണം പ്രത്യേക സാഹചര്യത്തില്‍ നിന്നുണ്ടായതാണെന്നും പി.മോഹനൻ പറഞ്ഞു.

ടി.പി.ചന്ദ്രശേഖരൻ പാർട്ടി വിരുദ്ധനായിരുന്നില്ലെന്നും സിപിഎമ്മിനോട് അടുക്കാൻ ആഗ്രഹിച്ചിരുന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. സിപിഎം നശിക്കണമെന്നു ടിപിക്കു താൽപര്യമുണ്ടായിരുന്നില്ല. ആർഎംപിയെ കോൺഗ്രസ് കൂടാരത്തിലെത്തിക്കണമെന്നും ആഗ്രഹിച്ചിരുന്നില്ല. ഇന്ന് ആർഎംപി കെ.കെ.രമയുടെ മാത്രം പാർട്ടിയായി മാറിയെന്നുമാണു കോടിയേരി പറഞ്ഞത്. ആർഎംപി അണികളെ കൊഴിക്കാനും സ്വന്തം അണികളെ ഉറപ്പിക്കാനുമാണു സിപിഎം ഈ അടവു പയറ്റുന്നതെന്നാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 

സിപിഎമ്മിലേക്കു മടങ്ങാൻ ടിപി ആഗ്രഹിച്ചിരുന്നെങ്കിൽ എന്തിനാണു ടിപിയെ കൊലപ്പെടുത്തിയതെന്നാണു രമ ചോദിക്കുന്നത്. ആർഎംപി ടി.പി.ചന്ദ്രശേഖരന്റെ പാർട്ടിയാണ്, രമയുടേതല്ല. നാണമില്ലാതെ നുണ പറയുകയാണു കോടിയേരി ചെയ്യുന്നതെന്നും രമ പ്രതികരിച്ചു. 2012 മെയ് നാലിനാണ് ആർഎംപി നേതാവായ ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകനായിരുന്ന ടിപി പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞാണു റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി (ആർഎംപി) രൂപീകരിച്ചത്.